സ്വര്‍ണ്ണ കവര്‍ച്ചയ്ക്ക് ശേഷം വയോധികയെ കൊന്ന് മച്ചില്‍ ഒളിപ്പിച്ചു; വിഴിഞ്ഞം ശാന്തകുമാരി കൊലക്കേസില്‍ മൂന്ന് പ്രതികള്‍ക്ക് വധശിക്ഷ; പ്രതികള്‍ അമ്മയും മകനും സുഹൃത്തും
തിരുവനന്തപുരം : വിഴിഞ്ഞം മുല്ലൂരില്‍ വയോധികയെ സ്വര്‍ണ്ണ കവര്‍ച്ചക്കായി വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി മൃതദേഹം മച്ചില്‍ ഒളിപ്പിച്ച കേസില്‍ മൂന്ന് പ്രതികള്‍ക്കും വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കോവളം സ്വദേശി റഫീഖാ ബീവി, മകന് ഷഫീഖ്, കൂടെ താമസിച്ചിരുന്ന അല്‍ അമീന് എന്നിവരാണ് പ്രതികള്‍.
2022 ജനുവരി 14-നാണ് മുല്ലൂര്‍ സ്വദേശി ശാന്തകുമാരി കൊല്ലപ്പെട്ടത്. സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം എഴുപത്തിയൊന്നുകാരിയായി ശാന്തകുമാരിയെ കൊന്ന് വീടിന്റെ മച്ചില്‍ ഒളിപ്പിച്ച ശേഷം കടന്നുകളയുകയായിരുന്നു. ശാന്തകുമാരിയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു പ്രതികള്‍. ഇവര്‍ വാടകവീടൊഴിഞ്ഞ് പോയതിനു പിന്നാലെ വീട്ടുടമയും മകനും മച്ചില്‍ നിന്നു രക്തം പുറത്തേക്കൊഴുകുന്നതു കാണുകയായിരുന്നു. ആദ്യം കരുതിയത് വീട്ടില്‍ താമസിച്ചിരുന്ന റഫീഖാ ബീവിയാണ് കൊല്ലപ്പെട്ടതെന്നാണ്. എന്നാല്‍ പിന്നീടാണ് ശാന്തകുമാരിയെ കാണാതായെന്നും അവരാണ് കൊല്ലപ്പെട്ടതെന്നും സ്ഥിരീകരിക്കുന്നത്.
ശാന്തകുമാരിയുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണം മോഷ്ടിക്കാനായി വീട്ടിലേക്ക് വിളിച്ചുവരുത്തി ചുറ്റികകൊണ്ട് തലക്കടിച്ച് കൊന്നെന്നാണ് പൊലീസ് കണ്ടെത്തല്‍. വാടക വീടെടുത്ത് താമസിച്ചതും കവര്‍ച്ച ലക്ഷ്യമിട്ടാണെന്നും പൊലീസ് കണ്ടെത്തി. ആഭരണങ്ങളില്‍ ഒരു ഭാഗം പണയം വച്ചു. ബാക്കി പ്രതികളില്‍ നിന്ന് കണ്ടെടുത്തു. കൊലയ്ക്ക് ശേഷം കോഴിക്കോടിന് പോകാനായി യാത്ര ചെയ്യുമ്പോഴാണ് പ്രതികളെ പിടികൂടിയത്.
തുടര്‍ന്നു നടന്ന ചോദ്യം ചെയ്യലില്‍ റഫീഖാ ബീവിയും മകന് ഷഫീഖും മറ്റൊരു കൊലക്കേസിലും പ്രതികളാണെന്നു കണ്ടെത്തി. ഒരു വര്‍ഷം മുന്‍പു ദുരൂഹ സാഹചര്യത്തില്‍ മരിച്ച 14കാരിയുടേത് കൊലപാതകമെന്ന് തെളിഞ്ഞു. പ്രതി ഷെഫീഖ് ബലാത്സംഗം ചെയ്തത് പുറത്തുപറയാതിരിക്കാന്‍ പെണ്‍കുട്ടിയെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. കഴിഞ്ഞ വര്‍ഷം കോവളത്ത് 14കാരിയായ പെണ്‍കുട്ടിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തില്‍ പീഡനം നടന്നതായി സ്ഥിരീകരിച്ചുവെങ്കിലും പ്രതി ആരാണെന്ന് കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിരുന്നില്ല. ഷെഫീഖിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസില്‍ കോവളം പൊലീസ് പുനരന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here