വിഴിഞ്ഞം ടിപ്പര്‍ അപകടത്തില്‍ ജില്ലാ ഭരണകൂടം വിളിച്ച യോഗം പരാജയം; നഷ്ടപരിഹാരത്തില്‍ തീരുമാനമായില്ല; യോഗം ബഹിഷ്കരിച്ച് കോണ്‍ഗ്രസ്

തിരുവനന്തപുരം: വിഴിഞ്ഞത്ത് ടിപ്പര്‍ ലോറിയില്‍ നിന്ന് കരിങ്കല്ല് തെറിച്ചുവീണ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം ബഹിഷ്കരിച്ച് കോണ്‍ഗ്രസ്. അദാനിക്കുവേണ്ടിയുള്ള ചര്‍ച്ചയാണ് നടന്നതെന്ന് പറഞ്ഞാണ് യോഗം ബഹിഷ്കരിച്ചത്. മരിച്ച അനന്തുവിന്‍റെ കുടുംബത്തിനുള്ള നഷ്ടപരിഹാരം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചയില്‍ ഉണ്ടായിരുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. അമിതമായി കല്ല് കയറ്റിവരുന്ന കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന് കോവളം എംഎൽഎ എം.വിന്‍സന്റ് ആവശ്യപ്പെട്ടു. വിഴിഞ്ഞം തുറമുഖ കമ്പനി അധികൃതര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരാണ് യോഗത്തില്‍ പങ്കെടുത്തത്.
ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ആര് നഷ്ടപരിഹാരം നൽകുമെന്ന കാര്യത്തില്‍ യോഗത്തില്‍ വ്യക്തതയുണ്ടായില്ല. സമാന സാഹചര്യത്തില്‍ അപകടത്തില്‍പ്പെട്ട് ഒരു കാല് നഷ്ടമായ സന്ധ്യാറാണിക്കും നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവും ഉന്നയിച്ചു.
അമിതവേഗം, അമിതഭാരം എന്നിവയുടെ പരിശോധന കര്‍ശനമാക്കുമെന്നും ടിപ്പര്‍ ലോറി ഓടിക്കുന്നത് സമയക്രമം പാലിച്ചാണെന്ന് ഉറപ്പ് വരുത്തുമെന്നും ജില്ലാ കളക്ടര്‍ ജറോമിക് ജോര്‍ജ് പറഞ്ഞു. ടിപ്പര്‍ അപകടങ്ങള്‍ ഒഴിവാക്കാൻ എന്‍ഫോഴ്സ്മെന്‍റ് സംവിധാനം ശക്തിപ്പെടുത്തുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.
ഇരുപത്തിയഞ്ചോളം തവണ പോലീസ് പിടികൂടി പെറ്റിക്കേസെടുത്ത് പിഴ ഈടാക്കിയിട്ടുള്ള ടിപ്പര്‍ ലോറിയാണ് ബിഡിഎസ് വിദ്യാര്‍ത്ഥി അനന്തുവിന്‍റെ ജീവനെടുത്തത്. അമിതഭാരത്തില്‍ ലോഡ് കയറ്റിക്കൊണ്ടുപോയതിന് കഴിഞ്ഞ മാസം പിഴയടച്ചിരുന്നു. കൂടുതല്‍ ലോഡ് എത്തിച്ച് വൻ ലാഭമുണ്ടാക്കുക എന്ന ലക്ഷ്യം മാത്രം മുൻനിർത്തിയാണ് കനത്ത പിഴ പോലും പ്രശ്നമാക്കാതെയുള്ള ടിപ്പറുകളുടെ മരണപ്പാച്ചില്‍. ലോറിയുടെ അമിതവേഗതയും റോഡിൻ്റെ മോശം സ്ഥിതിയുമാണ് അപകട കാരണമെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here