സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നു എന്ന് ബിജെഡി നേതാവ്; രാഷ്ട്രീയത്തില്‍ ഇറങ്ങിയത് നവീന്‍ പട്നായിക്കിന് വേണ്ടി എന്നും പാണ്ഡ്യന്‍; തീരുമാനം ഒഡീഷയിലെ തോല്‍വിക്ക് പിന്നാലെ

ഒഡീഷയില്‍ ബിജെഡിക്ക് വന്ന വന്‍ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് വി.കെ.പാണ്ഡ്യന്‍ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു. നിയമസഭ-ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ വന്ന കനത്ത തിരിച്ചടി കാരണം സജീവ രാഷ്ട്രീയത്തില്‍നിന്ന് പിന്മാറുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ബിജു ജനതാദള്‍ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക്കിന്റെ അടുത്ത അനുയായിയാണ് ഐഎഎസുകാരനായിരുന്ന പാണ്ഡ്യന്‍. ഒഡീഷ തിരഞ്ഞെടുപ്പില്‍ ബിജെഡി തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചത് പാണ്ഡ്യനായിരുന്നു. ഇതേ പാണ്ഡ്യനെ കുന്തമുനയില്‍ നിര്‍ത്തിയാണ് ബിജെപി പ്രചാരണം കൊഴുപ്പിച്ചത്.

നവീന്‍ ബാബുവിനെ സഹായിക്കാനാണ് താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചതെന്നാണ് ഇന്ന് പുറത്തിറക്കിയ വീഡിയോസന്ദേശത്തില്‍ പാണ്ഡ്യന്റെ വിശദീകരണം. “സജീവരാഷ്ട്രീയത്തില്‍നിന്ന് പിന്മാറാന്‍ തീരുമാനിച്ചിരിക്കുന്നു. ഈ യാത്രയ്ക്കിടെ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമിക്കണം. എനിക്കെതിരേയുള്ള പ്രചരണത്തില്‍ പാര്‍ട്ടിക്ക് നഷ്ടമുണ്ടായെങ്കില്‍ അതിനും ക്ഷമചോദിക്കുന്നു. തന്നോടൊപ്പം സഹകരിച്ച ലക്ഷക്കണക്കിന് വരുന്ന ബിജു പരിവാര്‍ അംഗങ്ങള്‍ക്ക് നന്ദി. എല്ലായ്‌പ്പോഴും ഹൃദയത്തിനുള്ളില്‍ ഒഡീഷയുമായി ഗുരു നവീന്‍ ബാബുവും ഉണ്ടായിരിക്കും. അവരുടെ ക്ഷേമത്തിനായി ജഗദീശ്വരനോട് പ്രാര്‍ഥിക്കും.” – പാണ്ഡ്യന്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

കഴിഞ്ഞവര്‍ഷമാണ് സിവില്‍ സര്‍വീസില്‍നിന്ന് രാജിവെച്ച് അദ്ദേഹം ബിജെഡിയില്‍ ചേര്‍ന്നത്. തൊട്ടടുത്തദിവസം നവീന്‍ പട്‌നായിക്ക് സര്‍ക്കാരില്‍ ക്യാബിനറ്റ് പദവിയോടെ പുതിയ ചുമതലയും കിട്ടി. 12 വര്‍ഷത്തോളം നവീന്‍ പട്‌നായിക്കിനൊപ്പം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ചിരുന്ന പാണ്ഡ്യനെ പട്‌നായിക്കിന്റെ പിന്‍ഗാമിയെന്നാണ് വിശേഷിപ്പിച്ചിരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top