പോലീസ് സ്റ്റേഷനിലെ ലൈംഗികാതിക്രമത്തിൽ രാജ്യവ്യാപക പ്രതിഷേധം; ഇരയായത് സൈനികനും ഭാവിവധുവും


ഒഡീഷയിലെ ഭുവനേശ്വറിൽ പോലീസ് സ്‌റ്റേഷനിൽ വെച്ച് ഇന്ത്യൻ ആർമി ഓഫീസറെ മർദ്ദിക്കുകയും പ്രതിശ്രുത വധുവിനെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌ത സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും മുൻകരസേനാ മേധാവി വികെ സിംഗും രംഗത്തെത്തി. മുൻ സൈനിക ഉദ്യോഗസ്ഥരും നിരവധി പ്രമുഖരും രൂക്ഷമായ ഭാഷയിലാണ് വിമർശനം രേഖപ്പെടുത്തിയത്.

സർക്കാർ സംവിധാനത്തിൽ തന്നെ അനീതി തഴച്ചു വളരുയാണെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. സാധാരണ പൗരൻ ആരുടെ സഹായം തേടും. എല്ലാ കുറ്റവാളികൾക്കും കർശനമായ ശിക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒഡീഷയിൽ നടന്ന ഭയാനകമായ സംഭവം രാജ്യത്തെ ക്രമസമാധാന നിലയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു. ബിജെപി സർക്കാരിന് കീഴിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ അനിയന്ത്രിതമായി വർധിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.

ലജ്ജാകരവും ഭയാനകവുമായ സംഭവം എന്നാണ് മുൻ കരസേനാ മേധാവി വികെ സിംഗ് പ്രതികരിച്ചത്. ഒഡീഷ സർക്കാരും പോലീസും വ്യാപക വിമർശന നേരിടുന്നതിനിടയിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ ചരൺ മാജി പറഞ്ഞു. വനിതാ ശിശു വികസന വകുപ്പിൻ്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി പ്രവതി പരിദ ഭുവനേശ്വറിലെ എയിംസ് ആശുപത്രിയില്‍ എത്തി പീഡനത്തിന് ഇരയായ യുവതിയെ കണ്ടിരുന്നു.

സംഭവം ഞെട്ടിക്കുന്നതാണെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും മുൻ ബിജെഡി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ നവീൻ പട്നായിക് ആവശ്യപ്പെട്ടു.
അതേസമയം ഭരത്പൂർ പോലീസ് സ്റ്റേഷൻ്റെ ചുമതലയുള്ള ഇൻസ്പെക്ടർ ഉൾപ്പെടെ അഞ്ച് പോലീസുകാരെ സസ്പെൻഡ് ചെയ്തു. ഇവർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുണ്ട്.

പോലീസിനോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചായിരുന്ന സൈനിക ഉദ്യോഗസ്ഥനെയും പ്രതിശ്രുത വധുവിനെയും അറസ്റ്റ് ചെയ്തത്. ജാമ്യത്തിൽ വിട്ടയച്ചശേഷമാണ് ഇരുവരും പീഡനവിവരം വെളിപ്പെടുത്തിയത്. സൈനികനെ മർദ്ദിക്കുകയും തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു. വനിതാ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ അതിന് കൂട്ടുനിന്നതായും യുവതി വെളിപ്പെടുത്തി. അതിക്രൂരമായ പീഡനത്തിന് ഇരയായ യുവതി ചികിത്സയില്‍ തുടരുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top