സരിന്‍റെ പ്രാദേശിക വാദം തള്ളി ശ്രീകണ്ഠന്‍; പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുകയാണ് കോണ്‍ഗ്രസ് പാരമ്പര്യം

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിന് എതിരെ കെപിസിസി മീഡിയ സെല്‍ കണ്‍വീനര്‍ ഡോ. സരിന്‍ കലാപക്കൊടി ഉയര്‍ത്തിയിരിക്കെ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി വി.കെ.ശ്രീകണ്ഠന്‍ രംഗത്ത്. സരിന്റെ വിഷയത്തില്‍ അന്വേഷണം നടക്കുകയാണ്. സരിന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും സോഷ്യല്‍ മീഡിയ കണ്‍വീനറുമാണ്. അദ്ദേഹം കോണ്‍ഗ്രസ് വിടുമെന്ന് വിശ്വസിക്കുന്നില്ല.- ശ്രീകണ്ഠന്‍ പറഞ്ഞു.

“കോണ്‍ഗ്രസ് വലിയ ജനാധിപത്യ പാര്‍ട്ടിയാണ്. തിരഞ്ഞെടുപ്പ് വരുമ്പോള്‍ പലരും സ്ഥാനാര്‍ത്ഥിത്വം ആഗ്രഹിക്കും. പാലക്കാട്‌ കോണ്‍ഗ്രസിന് വിജയസാധ്യത ഉണ്ട് എന്നറിഞ്ഞാണ് സ്ഥാനാര്‍ത്ഥിത്വം ആഗ്രഹിക്കുന്നത്. പാര്‍ട്ടി ഒരു തീരുമാനം എടുത്താല്‍ എല്ലാ നേതാക്കള്‍ക്കും അത് ബാധകമാണ്.”

“പാലക്കാട്‌ മുനിസിപ്പാലിറ്റിയിലേക്ക് അല്ല മത്സരം നിയമസഭയിലേക്കാണ്. കേരളത്തില്‍ ഉള്ള ആര്‍ക്കും സ്ഥാനാര്‍ത്ഥിയാകാം. ജില്ല മാറി, സംസ്ഥാനം മാറി ഒക്കെ മത്സരിച്ച ചരിത്രമുണ്ട്. ഇവരെയൊക്കെ വിജയിപ്പിച്ച പാരമ്പര്യം കോണ്‍ഗ്രസിനും സിപിഎമ്മിനുമുണ്ട്. പാര്‍ട്ടി തീരുമാനമെടുത്താല്‍ ആ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ പാരമ്പര്യം.”- ശ്രീകണ്ഠന്‍ പറഞ്ഞു.

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ രാഹുൽ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയാക്കിയതില്‍ എതിര്‍പ്പുമായാണ് ഡോ. സരിന്‍ രംഗത്തെത്തിയത്. സ്ഥാനാര്‍ത്ഥിത്വം മോഹിച്ച ഡോ. സരിൻ കടുത്ത അതൃപ്തിയിലാണ്. വേണ്ട സമയത്ത് വേണ്ടത് ചെയ്യുമെന്നാണ് സരിന്റെ പ്രതികരണം. ഇന്ന് ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ആയ സരിന്‍ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും പങ്ക് വച്ചിട്ടില്ല. പാലക്കാട് മണ്ഡലത്തില്‍ പാലക്കാട് നിന്നുള്ള സ്ഥാനാര്‍ത്ഥി വേണം എന്ന ആവശ്യത്തില്‍ കടുംപിടുത്തമാണ് സരിന്‍ നടത്തിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കളെ കാണുകയും ചെയ്തിരുന്നു. സരിന്റെ നീക്കങ്ങള്‍ കോണ്‍ഗ്രസില്‍ സംശയം ജനിപ്പിച്ചിട്ടുണ്ട്. സരിന്‍ സിപിഎമ്മിലേക്ക് പോകുമോ എന്ന ആശങ്കയും കോണ്‍ഗ്രസില്‍ ശക്തമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top