EAT KOCHI EAT വ്ളോഗർ രാഹുലിൻ്റേത് ആത്മഹത്യ തന്നെ; കാരണമറിയാതെ കുഴങ്ങി അടുപ്പക്കാരും ആരാധകരും
കൊച്ചി: വീഡിയോകളിലും പുറത്തും എപ്പോഴും പ്ലസന്റായിരുന്നു രാഹുൽ. നല്ല ഭക്ഷണം തേടിപ്പോകുന്നതിലും ആസ്വദിച്ച് കഴിക്കുന്നതിലും പിന്നീട് അവയെക്കുറിച്ച് ആർക്കും പറഞ്ഞു കൊടുക്കുന്നതിലും വല്ലാത്തൊരു ആനന്ദം കണ്ടെത്തിയിരുന്നു. ആ വഴിക്ക് ധാരാളം സുഹൃത്തുക്കളും ഉണ്ടായി. അങ്ങനെയാണ് EAT KOCHI EAT ൻ്റെ പിറവി. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് പുലർച്ചെ മരണവാർത്ത എത്തിയത്. യാത്രപറയാൻ പോലുമാകാതെയുള്ള ഈ വിയോഗത്തിൻ്റെ കാരണമറിയാത്ത ആശയക്കുഴപ്പത്തിലും അമ്പരപ്പിലുമാണ് അടുപ്പക്കാരും ആരാധകരും.
മരിക്കുന്നതിന് തൊട്ടുമുൻപ് പുലർച്ചെ ബിസിനസിലെ തൻ്റെ പാർട്ണറെ ഫോണിൽ വിളിച്ചു രാഹുൽ. മരിക്കാൻ തീരുമാനിച്ചുവെന്ന് അറിയിച്ചു. അദ്ദേഹം വിവരമറിയിച്ച് സുഹൃത്തുക്കൾ രാഹുലിന്റെ മാതാപിതാക്കളെ ബന്ധപ്പെട്ടു. എന്നാൽ അപ്പോഴേക്ക് രാഹുൽ തൻ്റെ തീരുമാനം നടപ്പാക്കി കഴിഞ്ഞിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സാമ്പത്തിക പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. അതുകൊണ്ട് തന്നെ ബിസിനസ് പങ്കാളികളുടെയും കൂട്ടുകാരുടെയും വിശദ മൊഴികൾ രേഖപ്പെടുത്തുകയാണ് പോലീസ്.
വ്ളോഗിങ്ങിനൊപ്പം കൊച്ചി പനമ്പിള്ളി നഗറിൽ ഒരു ടീ ഷോപ്പും നടത്തിയിരുന്നു. വിവാഹിതനായ രാഹുലിന് ഒരു കുട്ടിയുണ്ട്. ഇന്ന് പുലർച്ചെയാണ് EAT KOCHI EAT വ്ളോഗർ രാഹുൽ എൻ.കുട്ടിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ തന്നെയെന്ന നിഗമനം പോലീസ് ഉറപ്പിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here