റീല്‍സ് എടുക്കാന്‍ സാഹസികത; വ്‌ളോഗര്‍ വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചു
മണ്‍സൂണ്‍ വ്‌ളോഗുകളും റീലുകളും കൊണ്ട് ഏറെ ആരാധകരെ സൃഷ്ടിച്ച മുംബൈ സ്വദേശിയായ ആന്‍വി കാംദാറാണ് വെള്ളച്ചാട്ടത്തില്‍ നിന്നും വീണ് മരിച്ചത്. മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള കുംഭെ വെള്ളച്ചാട്ടത്തിലായിരുന്നു അപകടം. സാഹസികമായി റീല്‍സ് ചിത്രീകരിക്കുന്നതിന് വെള്ളച്ചാട്ടത്തിന്റെ മുകളില്‍ കയറിയതാണ് ആന്‍വി. ചിത്രീകരണത്തിനിടെ 300 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു.
കാല്‍ വഴുതിയതാണ് അപകടത്തിന് കാരണമായത്. വെള്ളച്ചാട്ടത്തിനിടയിലെ വിള്ളലിനുള്ളിലേക്കാണ് ആന്‍വി വീണത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ എത്തി തിരച്ചില്‍ തുടങ്ങി. എന്നാല്‍ പ്രദേശത്ത് പെയ്ത കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കി. ആറ് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് ആന്‍വിയെ കണ്ടെത്തിയത്. ഗുരുതരമായി പരുക്കേറ്റ ആന്‍വിയെ മനഗോണ്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സഹ്യാദ്രി മലനിരകളില്‍പ്പെട്ട കുംഭെ വെള്ളച്ചാട്ടത്തില്‍ മണ്‍സൂണ്‍ ടൂറിസത്തിന്റെ ഭാഗമായി നിരവധി സന്ദര്‍ശകരാണ് എത്തുന്നത്. അപകടത്തിന് പിന്നാലെ ഇവിടേക്കുള്ള പ്രവേശനം നിര്‍ത്തിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here