‘വീട്ടിലെ കള്ളവോട്ടി’ല്‍ പോളിങ് ഉദ്യോഗസ്‌ഥരടക്കം എട്ടുപേര്‍ അറസ്‌റ്റില്‍; വ്യാപക ക്രമക്കേടെന്ന് ആരോപണം; ജാഗ്രത പാലിക്കാന്‍ കര്‍ക്കശ നിര്‍ദേശം
കണ്ണൂര്‍: മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള വീട്ടിലെ വോട്ടില്‍ വ്യാപക ക്രമക്കേട് നടക്കുന്നതായി ആരോപണം. യുഡിഎഫും എല്‍ഡിഎഫുമെല്ലാം പരാതിയുമായി രംഗത്തുണ്ട്. വോട്ടറെ തെറ്റിദ്ധരിപ്പിച്ചും ആളുമാറിയുമെല്ലാം വോട്ട് ചെയ്യിപ്പിച്ചുവെന്നാണ് പുറത്ത് വരുന്ന വിവരം. ഇതുവരെ നടന്ന ക്രമക്കേടില്‍ കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലായി എട്ടുപേര്‍ അറസ്റ്റിലായി. കല്യാശേരിയിലും കണ്ണൂരിലുമാണ് തെറ്റിദ്ധരിപ്പിച്ച് വോട്ട് ചെയ്യാന്‍ ശ്രമം നടന്നത്. പോളിംഗ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരാണ് അറസ്റ്റിലായത്.
കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ കല്യാശേരിയില്‍ വയോധികയുടെ വോട്ട് സിപിഎം നേതാവ് രേഖപ്പെടുത്തിയെന്ന പരാതിയില്‍ അഞ്ച് പോളിങ് ഉദ്യോഗസ്‌ഥരടക്കം ആറുപേരാണ് അറസ്റ്റിലായത്. വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്നതിനിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഗണേശന്‍ ഇടപെട്ട് കള്ളവോട്ട് ചെയ്‌തെന്നാണു പരാതി. സ്‌പെഷല്‍ പോളിങ് ഓഫീസര്‍ വി.വി.പൗര്‍ണമി, പോളിങ് അസിസ്റ്റന്റ് ടി.കെ.പ്രജിന്‍, മൈക്രോ ഒബ്‌സര്‍വര്‍ എ. ശ്രീല, സ്‌പെഷല്‍ പോലീസ് ഓഫീസര്‍ പി.ലെജീഷ്, വീഡിയോഗ്രാഫര്‍ പി.പി.റിജു അമല്‍ജിത്ത് എന്നിവരെ അറസ്‌റ്റ് ചെയ്‌ത് ജാമ്യത്തില്‍ വിട്ടു.
ഒന്നാം പ്രതി സിപിഎം. ബ്രാഞ്ച് സെക്രട്ടറി അഞ്ചാംപീടികയിലെ കപ്പോട് കാവ് ഗണേശനെ കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌തിരുന്നു. കണ്ണപുരം പോലീസാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. സംഭവം പുറത്തുവന്നതോടെ അഞ്ച് പോളിങ് ഉദ്യോഗസ്‌ഥരെയും കണ്ണൂര്‍ ജില്ലാ കളക്‌ടര്‍ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. ഇനി റീ പോളിങ് നടത്തില്ലെന്നും വോട്ട് അസാധുവാകുമെന്നും കാസര്‍കോട് ജില്ലാ കളക്‌ടര്‍ കെ. ഇമ്പശേഖര്‍ അറിയിച്ചിരുന്നു.
കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ 70-ാം നമ്പര്‍ ബൂത്തിലെ ഒരു വോട്ട് തെറ്റിദ്ധരിപ്പിച്ച് ചെയ്‌തെന്ന പരാതിയില്‍ പോളിങ് ഓഫീസര്‍ ജോസ്‌ന ജോസഫ്, ബി.എല്‍.ഒ: കെ.ഗീത എന്നിവരെ കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്‌റ്റ് ചെയ്‌ത് ജാമ്യത്തില്‍ വിട്ടു. ജില്ലാ കലക്‌ടര്‍ അരുണ്‍ കെ. വിജയന്‍ ഇവരെ സസ്‌പെന്‍ഡ് ചെയ്‌ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
കോഴിക്കോട് പെരുവയലിലെ വീട്ടില്‍ നടന്ന വോട്ടെടുപ്പില്‍ ക്രമക്കേട് നടത്തിയതില്‍ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ മാവൂര്‍ പോലീസ് കേസെടുത്തു. സ്പെഷല്‍ പോളിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍, മൈക്രോ ഒബ്സര്‍വര്‍, ബിഎല്‍ഒ എന്നിവര്‍ക്ക് എതിരെയാണ് കേസ്. വീട്ടിലെ വോട്ടില്‍ കൂടുതല്‍ ജാഗ്രത പാലിക്കാനാണ് അധികൃതര്‍ എടുത്ത തീരുമാനം.
വീട്ടിലെ വോട്ട് വ്യവസ്ഥ ഇങ്ങനെ
വീട്ടിലെ വോട്ടില്‍ ആവശ്യമെങ്കില്‍ വോട്ടർക്ക് തന്റെ വോട്ട് രേഖപ്പെടുത്തുവാൻ സഹായിയെ നിയോഗിക്കാം. അതിനുള്ള അപേക്ഷ വീട്ടിൽ വന്നിരിക്കുന്ന പോളിങ് ഉദ്യോഗസ്ഥരുടെ സംഘത്തിനു സമർപ്പിച്ചാൽ മതി. എന്നാൽ സഹായിയായി പോളിങ് ഉദ്യോഗസ്ഥരെയോ സ്ഥാനാർഥിയുടെ പ്രതിനിധികളെയോ സ്ഥാനാർഥിയെയോ നിയോഗിക്കാൻ പാടില്ല.
സഹായിക്ക് 18 വയസ്സ് പൂർത്തിയായിരിക്കണം. സഹായി സത്യപ്രസ്താവന എഴുതി ഒപ്പിട്ട് പോളിങ് ഉദ്യോഗസ്ഥ സംഘത്തിനു നൽകണമെന്നും വ്യവസ്ഥയുണ്ട്. വോട്ട് രഹസ്യമായി രേഖപ്പെടുന്നതിനുള്ള എല്ലാ സൗകര്യങ്ങളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടറുടെ വീട്ടിൽ ഒരുക്കണമെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here