ചാലക്കുടിയിൽ 11 ശതമാനത്തിലധികം വോട്ടുനേടി ട്വന്റി20 എൻഡിഎക്ക് തൊട്ടുപിന്നിലെത്തി; കുന്നത്തുനാട് മണ്ഡലത്തിൽ സിപിഎമ്മിനെ പിന്നിലാക്കി രണ്ടാം സ്ഥാനത്ത്

മൂന്ന് ദേശീയ മുന്നണികളോടും ഏറ്റുമുട്ടി ചാലക്കുടി ലോക്സഭാ മണ്ഡലത്തിൽ 11.11 ശതമാനം വോട്ട് നേടി ട്വന്റി20 പാർട്ടി. എൻഡിഎ സ്ഥാനാർത്ഥിയുമായി ഉണ്ടായത് 758 വോട്ടുകളുടെ വ്യത്യാസം മാത്രം. എൻഡിഎ സ്ഥാനാർത്ഥി 1,06,400 വോട്ടുകൾ നേടിയപ്പോൾ ട്വൻ്റി20 സ്ഥാനാർത്ഥി 1,05,642 വോട്ടുകൾ പിടിച്ചു. കുന്നത്തുനാട് നിയമസഭാ നിയോജകമണ്ഡലത്തിൽ സിപിഎമ്മിനെ പിന്നിലാക്കി ട്വന്റി20 രണ്ടാം സ്ഥാനത്തെത്തി. ഇവിടെ വോട്ടുവിഹിതം 31 ശതമാനം ആണ്. പുറമെ പെരുമ്പാവൂരിലും അങ്കമാലിയിലും എൻഡിഎ സ്ഥാനാർഥിയെ പിന്നിലാക്കി മൂന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം കഴിഞ്ഞപ്പോൾ ട്വന്റി20 പാർട്ടി കേരളത്തിൽ മൂന്നാം ബദലായി മാറുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് ലഭിക്കുന്നതെന്ന് നേതൃത്വം അവകാശപ്പെട്ടു. സിപിഎമ്മിനെതിരായ ഭരണവിരുദ്ധവികാരം കേരളത്തിലാകെ നിലനിന്നു. കേന്ദ്രഭരണത്തിൻ്റെ പേരിലുണ്ടായ ബിജെപി വിരുദ്ധവികാരവും കേരളത്തിൽ പ്രകടമായി. ന്യൂനപക്ഷ വിഭാഗങ്ങളുടെയടക്കം വോട്ടുകൾ കോൺഗ്രസിലേയ്ക്ക് എത്താൻ ഇതെല്ലാം കാരണമായെന്നും ട്വന്റി20 വിലയിരുത്തി.

അഡ്വക്കറ്റ് ചാർളി പോൾ ആയിരുന്നു ചാലക്കുടിയിൽ ട്വന്റി20 സ്ഥാനാർത്ഥി. യുവ അഭിഭാഷകനായ ജൂഡ് ആൻ്റണിയാണ് എറണാകുളത്ത് മത്സരിച്ചത്. രണ്ടിടത്തും വിജയം നേടാനായില്ലെങ്കിലും ലഭിച്ച വോട്ടുവിഹിതം പാർട്ടി മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തെ കേരളത്തിലെ ജനങ്ങൾ ഏറ്റെടുക്കുന്നു എന്നതിന്റെ തെളിവാണെന്നും ട്വന്റി20 വാർത്താക്കുറിപ്പിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top