8.76 ലക്ഷം പേരെ ഒഴിവാക്കി; വോട്ടർ പട്ടിക പുനർ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പട്ടിക പുനർപ്രസിദ്ധീകരിച്ചു. 2020 ലെ പൊതു തിരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലെയും വോട്ടർ പട്ടിക പരിഷ്ക്കരിക്കുന്നത് ആദ്യമായിട്ടാണ്. മുൻകാലങ്ങളിൽ മരണപ്പെട്ടവരോ താമസം മാറിയവരോ ആയ അനർഹരെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിന് പ്രത്യേക ഊന്നൽ നൽകിയാണ് പട്ടിക പുനർ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
1034 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി അന്തിമ വോട്ടർ പട്ടികയിൽ 2,68,51,297 വോട്ടർമാരാണ് 2020 അന്തിമ പട്ടികയിൽ ഇടം നേടിയത്. ഇതിൽ 1,27,26,359 പുരുഷൻമാരും 1,41,24,700 സ്ത്രീകളും 238 ട്രാൻസ്ജെൻഡർകളുമാണുള്ളത്. സംക്ഷിപ്ത പുതുക്കലിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിലെ അനർഹരായ 8,76,879 വോട്ടർമാരെ ഒഴിവാക്കിയും പുതിയതായി പേര് ചേർക്കുന്നതിന് അപേക്ഷിച്ച 57640 പേരെ ഉൾപ്പെടുത്തിയുമാണ് അന്തിമ വോട്ടർപട്ടിക തയ്യാറാക്കിയിട്ടുള്ളത്. പുതിയ വോട്ടർമാരിൽ 27374 പുരുഷൻമാരും 30266 സ്ത്രീകളുമാണുള്ളത്.
941 ഗ്രാമ പഞ്ചായത്തുകളിലെ 15962 വാർഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3113 വാർഡുകളിലെയും ആറ് കോർപ്പറേഷനുകളിലെ 414 വാർഡുകളിലെയും വോട്ടർപട്ടികയാണ് പ്രസിദ്ധീകരിച്ചത്. 2023 ജനവരി 1 യോഗ്യത തീയതി നിശ്ചയിച്ചാണ് പട്ടിക പുതുക്കിയത്. സംക്ഷിപ്ത പുതുക്കലിനായി കരട് വോട്ടർ പട്ടിക സെപ്റ്റംബർ 8ന് പ്രസിദ്ധീകരിച്ചരുന്നു. കരട് പട്ടികയിൽ 1,31,78,517പുരുഷൻമാരും 1,44,91,779 സ്ത്രീകളും 240 ട്രാൻസ്ജെൻഡറുകളും കൂടി ആകെ 2,76,70,536 വോട്ടർമാരാണ് ഉണ്ടായിരുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here