സിഎജിയെ പുകഴ്ത്തിയ വിഎസ് അച്യുതാനന്ദനെ ഓര്‍മ്മയുണ്ടോ ടീച്ചറമ്മേ? സാമ്പത്തിക ഇടപാട് അന്വേഷിക്കുന്ന സ്വതന്ത്ര സമിതി റിപ്പോര്‍ട്ട് അന്ന് പവിത്രം

കോവിഡ് കാല അഴിമതിയെക്കുറിച്ച് നിയമസഭയുടെ മേശപ്പുറത്ത് ഇന്നലെ വെച്ച കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ(സിഎജി) റിപ്പോര്‍ട്ട് രാഷ്ടീയ പ്രേരിതമാണെന്ന ന്യായീകരണ ക്യാപ്‌സ്യൂള്‍ വിതറുന്ന സിപിഎം, 30 വര്‍ഷം മുമ്പ് ദിനപത്രത്തില്‍ മാത്രം വന്ന ‘സിഎജി’ റിപ്പോര്‍ട്ടിനെക്കുറിച്ച് സഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ ശ്രമിച്ച ചരിത്രം ഇന്ന് പലര്‍ക്കും ഓര്‍മ കാണില്ല.

ALSO READ : പാമോലിൻ കാലത്ത് സിഎജി സൂപ്പർ!! പിപിഇ കിറ്റിൽ അഴിമതി കണ്ടെത്തിയപ്പോൾ സിപിഎമ്മിന് ചതുർത്ഥി

ഒമ്പതാം കേരള നിയമസഭയുടെ എട്ടാം സമ്മേളനകാലത്ത്, അതായത് 1994 ഫെബ്രുവരി 15ലെ കേരള കൗമുദിയില്‍ പാമോലിന്‍ ഇറക്കുമതി ഇടപാടില്‍ ആറരക്കോടി രൂപയുടെ നഷ്ടം ഖജനാവിന് സംഭവിച്ചതായി സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി അന്നേ ദിവസം സഭയില്‍ ഈ പ്രശ്‌നം അടിയന്തരപ്രമേയമായി അവതരിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ശ്രമിച്ചെങ്കിലും സ്പീക്കര്‍ പിപി തങ്കച്ചന്‍ അനുവദിച്ചില്ല. തൊഴിലില്ലായ്മ മൂലം കശുവണ്ടി മേഖലയിലെ തൊഴിലാളികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ ആര്‍എസ്പി നേതാവ് ബേബി ജോണിന് അനുമതി നല്‍കിയിരുന്നു. ഈ വിഷയം അവതരിപ്പിച്ചതിന് പിന്നാലെയാണ് വിഎസ് അടിയന്തരപ്രമേയമെന്ന പേരില്‍ സംസാരിക്കാന്‍ തുടങ്ങിയത്. പക്ഷേ, പ്രതിപക്ഷ നേതാവെന്ന നിലയില്‍ ചുരുക്കമായി സംസാരിക്കാന്‍ സ്പീക്കര്‍ അനുവദിച്ചു. പാമോലിന്‍ ഇടപാടില്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ സിഎജി ശരിവെക്കുന്നതായി കേരള കൗമുദി റിപ്പോര്‍ട്ടിനെ പരാമര്‍ശിച്ചു കൊണ്ടാണ് വിഎസ് പറഞ്ഞു തുടങ്ങിയത്.

നിയമസഭാ രേഖകളില്‍ നിന്ന്: –
‘പ്രതിപക്ഷം ഈ സഭയില്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ ഇന്ത്യയുടെ സാമ്പത്തിക കാര്യങ്ങളെ സംബന്ധിച്ച് പരിശോധിക്കാനുള്ള ആധികാരികമായ സ്വതന്ത്ര സമിതി സുപ്രീം കോടതിയുടെ സിറ്റിംഗ് ജഡ്ജിയുടെ പദവിയുള്ള കംപ്‌ട്രോളര്‍ ആന്റ് ആഡിറ്റര്‍ ജനറല്‍ ആണ്. പ്രതിപക്ഷം അന്ന് സഭയില്‍ ഉന്നയിച്ച കാര്യങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞിട്ട് അദ്ദേഹം അത് സ്ഥിരീകരിച്ചിരിക്കുന്നു എന്നാണ് ഇപ്പോള്‍ വന്നിരിക്കുന്ന റിപ്പോര്‍ട്ട്. അഴിമതി ആരോപണം സത്യമാണ്. ഇന്ത്യയുടെ .ഉന്നത സാമ്പത്തിക കാര്യത്തെക്കുറിച്ച് ആധികാരികമായി പറയാന്‍ അവകാശമുള്ള സിഎജി, ഇത് പ്രഖ്യാപിച്ച ശേഷം , വിധി പ്രസ്താവിച്ചതിന് ശേഷം അതില്‍ മുഖ്യ കുറ്റവാളിയായിട്ടുള്ള ആള്‍ ഈ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് ശരിയല്ല. ഇറങ്ങിപ്പോകണം എന്നാണ് എനിക്ക് ഈ അവസരത്തില്‍ അറിയിക്കാനുള്ളത്.

ഇന്ത്യയില്‍ ഇതുവരെ ഇങ്ങനെ സിഎജിമാരുടെ റിപ്പോര്‍ട്ട് ഒരവസരത്തിലും ഒരു മുഖ്യമന്ത്രിയേയോ മന്ത്രിമാരെത്തന്നെയോ ബന്ധപ്പെടുത്തി വന്നിട്ടില്ല. ചരിത്രത്തില്‍ ആദ്യമായി ബന്ധപ്പെടുത്തി വന്നിരിക്കുന്ന ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, അങ്ങേയ്ക്ക് ധാര്‍മ്മിക ബോധമുണ്ടെങ്കില്‍, ജനാധിപത്യത്തെ സംബന്ധിച്ച് തെല്ലെങ്കിലും ചിന്തയുണ്ടെങ്കില്‍, ഇന്‍ഡ്യന്‍ കോണ്‍സ്റ്റിറ്റിയൂഷനെ സംബന്ധിച്ച് ലവലേശമെങ്കിലും മതിപ്പുണ്ടെങ്കില്‍ അങ്ങ് ഈ സ്ഥാനത്ത് തുടരുന്നതിന് അര്‍ഹനല്ല. ഇറങ്ങിപ്പോകണമെന്നാണ് ഞാന്‍ അങ്ങയോട് ആവശ്യപ്പെടുന്നത്’

സിഎജി റിപ്പോര്‍ട്ട് പവിത്രമാണ്, സിഎജി സ്വതന്ത്ര സമിതിയാണ്, സാമ്പത്തിക കാര്യങ്ങളെ സംബന്ധിച്ച ആധികാരിക രേഖയാണെന്നൊക്കെ പ്രതിപക്ഷത്തിരുന്ന് പറഞ്ഞ പാര്‍ട്ടിയാണിപ്പോള്‍ സിഎജി റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമാണെന്ന വാദം ഉയര്‍ത്തുന്നത്.

കേരള കൗമുദി വാര്‍ത്ത വന്ന് ഏഴു ദിവസം കഴിഞ്ഞാണ് സിഎജി റിപ്പോര്‍ട്ട് സഭയുടെ മേശ പുറത്ത് വരുന്നത്. കൃത്യമായി പറഞ്ഞാല്‍ 1994 ഫെബ്രുവരി 21നാണ് ധനകാര്യ മന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചത്. സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തി വാര്‍ത്തയാക്കിയ മാധ്യമത്തെയോ ലേഖകനെയോ സിഎജിയെ പോലുമോ, അന്നത്തെ മുഖ്യമന്ത്രി കരുണാകരനോ, ഭരണകക്ഷിയായ കോണ്‍ഗ്രസോ അധിക്ഷേപിക്കുകയോ വിമര്‍ശിക്കുകയോ ചെയ്തില്ല. പിണറായി വിജയനായിരുന്നു അന്ന് സിപിഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി.

തനിക്ക് എമര്‍ജന്‍സി പര്‍ച്ചേസ് കമ്മിറ്റിയിലാണ് വിശ്വാസം, അല്ലാതെ ബിജെപിയുടെ സിഎജിയെ അല്ലെന്നാണ് മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസക്ക് ഇന്ന് പ്രതികരിച്ചത്. സിഎജി രാഷ്ട്രീയം കളിക്കുകയാണ്. കേരളത്തിനെതിരായ കുരിശുയുദ്ധത്തിന്റെ ഭാഗമാണ്. കേരളത്തിലെ പ്രതിപക്ഷം അതിന് കൈമണിയടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മിക്ക ഭരണഘട സ്ഥാപനങ്ങളേയും ബിജെപി രാഷ്ട്രീയ വല്‍ക്കരിച്ചുവെന്നും തോമസ് ഐസക് ആരോപിച്ചു.

Also Read: പാമോലിൻ അഴിമതി പുറത്ത് കൊണ്ടുവന്ന സ്കൂപ്പുകളുടെ തമ്പുരാൻ; അന്വേഷണാത്മക മാധ്യമ പ്രവർത്തനത്തിൽ വഴികാട്ടി; ബി.സി.ജോജോ വിടവാങ്ങുന്നത് 66 വയസിൽ

മഹാരാഷ്ട്രയിലെ സ്വകാര്യകമ്പനിയില്‍ നിന്ന് മൂന്നിരട്ടിവിലയ്ക്ക് പിപിഇ കിറ്റ് വാങ്ങിയില്‍ അഴിമതിയാരോപിച്ച് നേരത്തേ പ്രതിപക്ഷം മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും എതിരേ രംഗത്തുവന്നിരുന്നു. ഇതുസംബന്ധിച്ച കേസ് ഇപ്പോള്‍ ലോകായുക്തയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് പ്രതിപക്ഷത്തിന്റെ ആരോപണം ശരിവെക്കുന്ന തരത്തില്‍ സിഎജി റിപ്പോര്‍ട്ടും പുറത്തുവന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top