വിഎസിന് പഠിക്കുന്നോ പിവി അൻവർ? പിസി ജോർജിൻ്റെ പരാജയപ്പെട്ട നീക്കം കോപ്പിയടിക്കുന്നത് വമ്പൻ സോഷ്യൽ മീഡിയ സന്നാഹത്തോടെ

2000 മുതലുള്ള ഒന്നരപ്പതിറ്റാണ്ട് കേരള രാഷ്ട്രീയത്തിലെ അച്യുതാനന്ദൻ കാലമായിരുന്നു. പാർട്ടിയിലും മുന്നണികളിലും മാത്രമല്ല എതിർചേരിയിൽ പോലും അച്യുതാനന്ദൻ എഫക്റ്റ് നിലനിന്നു. സ്ഥാനാർത്ഥി നിർണയങ്ങളിലും തെരഞ്ഞെടുപ്പ് ഫലത്തിലും വിഎസ് എഫക്റ്റ് പടർന്നു കയറി. എൽഡിഎഫിൻ്റെ ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിൽ പ്രതികരിച്ച മുഖ്യമന്ത്രി അച്യുതാനന്ദൻ്റെ പൊട്ടിച്ചിരി എകെജി സെൻ്ററിലുണ്ടാക്കിയ പ്രകമ്പനം ഭൂകമ്പ സമാനമായിരുന്നു. പിണറായി വിജയൻ നേടിയ തുടർഭരണത്തിന് ഒരു പതിറ്റാണ്ടു മുമ്പ് 2011ൽ തന്നെ വിഎസിന് നിഷ്പ്രയാസം തുടർച്ചയായ രണ്ടാമൂഴം ലഭിക്കുമായിരുന്നു എന്നും എന്നാൽ പാർട്ടിയുടെ താൽപര്യമില്ലായ്മ കാരണം വെറും 898 വോട്ടുകൾക്ക് അത് കൈവിട്ടുപോയതാണ് എന്നും വിശ്വസിക്കുന്നവർ പാർട്ടി തലപ്പത്ത് തന്നെയുണ്ട്.

2016ൽ വിഎസിനൊപ്പം പിണറായിയും മത്സരിച്ചെങ്കിലും എൽഡിഎഫിനെ നയിച്ചത് പ്രതിപക്ഷ നേതാവായിരുന്ന വിഎസായിരുന്നു. പിന്നീട് തെരഞ്ഞെടുപ്പിന് ശേഷം പിണറായി മുഖ്യമന്ത്രിയായപ്പോൾ ‘ചേട്ടത്തിയെ കാണിച്ച് അനിയത്തിയെ കെട്ടിച്ചു’ എന്ന തരത്തിലുള്ള ആക്ഷേപം പോലും സിപിഎമ്മിൻ്റെ എതിർ ചേരി ഉന്നയിച്ചു. ആ ഘട്ടം വരെ കേരളത്തിൻ്റെ രാഷ്ട്രീയ ചലനങ്ങളുടെ പ്രഭവകേന്ദ്രമായിരുന്ന വിഎസ്, ഇന്ന് മകൻ്റെ തിരുവനന്തപുരത്തെ വസതിയിൽ ഓർമകളോട് വിട പറഞ്ഞ് മൗനം നിറഞ്ഞ വിശ്രമത്തിലാണ്. ഇപ്പുറത്ത് പിണറായിയാകട്ടെ, വിഎസ് ഉന്നയിച്ചതിനേക്കാൾ ക്രൂരമായി തന്നെ വിമർശിച്ച പിവി അൻവർ ഉയർത്തിവിട്ട ആക്ഷേപക്കൊടുങ്കാറ്റിലും.

വിഎസിൻ്റെ ഇടപെടൽ മേഖലകൾ ഇന്ന് ഏറ്റെടുക്കാൻ ആളില്ലാത്ത വിധം അനാഥമായി ഒഴിഞ്ഞുകിടക്കുകയാണ്. ഇടയ്ക്ക് ആ മേഖലയിലേക്ക് നുഴഞ്ഞു കയറാൻ പിസി ജോർജ് നടത്തിയ ശ്രമം വിഫലമാവുകയായിരുന്നു. കേരളത്തിലെ ശക്തമായ ഇരുമുന്നണികൾക്കും മുന്നിൽ എടുക്കാച്ചരക്കായ ജോർജ് പിന്നെയാണ് മകനെയും കൂട്ടി ബിജെപി പാളയത്തിൽ അഭയം തേടിയത്. അങ്ങനെ ആർക്കും നികത്താൻ കഴിയാതെ ഇന്നും തുടരുന്ന വി എസിൻ്റെ ‘കസേര’ പിവി അൻവർ ആഗ്രഹിക്കുന്നുണ്ടോ? ഉണ്ടെന്നാണ് ഇപ്പോഴത്തെ വെപ്രാളം വ്യക്തമാക്കുന്നത്.

പ്രതികരണം ആവശ്യമുള്ള, ജനശ്രദ്ധ കിട്ടുന്ന എല്ലാ വിഷയങ്ങളിലും അൻവർ തലയിടുകയാണ്. മാത്രവുമല്ല, ഭരണപക്ഷത്തു നിന്നിറങ്ങിയ ശേഷം പ്രതിപക്ഷത്തേക്ക് ഓടിക്കയറാതെ, സ്പീക്കറോട് ആവശ്യപ്പെട്ട് പ്രത്യേക ബ്ലോക്ക് ആവുകയും ചെയ്തു. ഒരു സാധാ എംഎൽഎ ആവാൻ യുഡിഎഫിലേക്ക് എളുപ്പത്തിൽ ഓടിക്കയറിയാൽ മതിയെന്നിരിക്കെ, അതിന് സന്നദ്ധനാവാതെ ‘ഡിഎംകെ’ എന്ന ജനകീയ കൂട്ടായ്മയുമായി സംസ്ഥാനമൊട്ടുക്ക് ഓടിനടക്കുന്ന അൻവറിന് വിശാല രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട് എന്ന് ഈ വ്യക്തമായിക്കഴിഞ്ഞു.

വിവാദത്തിന് ശേഷമുള്ള അൻവറിൻ്റെ ആദ്യ പൊതുയോഗത്തിൽ ഇടത് അനുഭാവികൾ പോയില്ലെന്നും, എസ്ഡിപിഐക്കാരും യുഡിഎഫ് അണികളുമാണ് അൻവറിനെ കേൾക്കാൻ തടിച്ചുകൂട്ടിയതെന്നും, വർഗീയതയുടെ കൂട്ടിലേക്കാണ് അൻവറിൻ്റെ പോക്കെന്നും സിപിഎം കേന്ദ്രങ്ങൾ ആക്ഷേപിച്ചത് ഒന്നും കാണാതെയല്ല. പൊതു സ്വീകാര്യതയില്ലാത്ത എസ്ഡിപിഐ – ജമാഅത്തെ ഇസ്ലാമി എന്നിവരുടെ പിന്തുണയോടെ വർഗിയ ചേരിതിരിവ് ഉണ്ടാക്കി, അതുവഴി മുസ്ലിം വോട്ടു പിടിക്കുകയാണ് അൻവറിൻ്റെ ലക്ഷ്യമെന്നാണ് സിപിഎം നിരീക്ഷണം. ഇതു മറികടക്കാനാണ് തൻ്റെ സെക്യുലർ പാരമ്പര്യം അൻവർ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നത്. ഇതിനിടയിലാണ് വിഎസ് മോഡലിൽ ആലപ്പുഴയിലെ കരിമണൽ ഖനന മേഖലയിലേക്കും കാസർകോട്ട് പോലീസ് നടപടിക്ക് ഇരയായവരുടെ വീട്ടിലേക്കുമുള്ള അൻവറിൻ്റെ സന്ദർശനവും പ്രതികരണങ്ങളും വരുന്നത്.

ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ടും വന്യജീവി ആക്രമണങ്ങൾക്ക് ഇരയാവുന്ന സാധാരണക്കാർക്കു വേണ്ടിയും സംസാരിക്കുന്നുവെന്ന പ്രതീതിയുണ്ടാക്കാനാണ് അൻവർ ശ്രമിക്കുന്നത്. എന്നാൽ സമീപഭൂതകാലത്തു തന്നെ ഭൂമാഫിയ – ക്രിമിനൽ -പരിസ്ഥിതി നശീകരണ പ്രവർത്തനങ്ങളുടെയും നിരവധി പ്രതിലോമ നടപടികളുടെയും പേരിൽ ആക്ഷേപ വിധേയനാണ് അൻവർ. ഇപ്പോഴും പലവിധ ആക്ഷേപങ്ങൾ നിലനിൽക്കുന്നുമുണ്ട്. അത്തരമൊരാൾ വിഎസ് മോഡലാണ് ഉന്നമിടുന്നത് എന്ന സമീകരണം തന്നെ ജുഗുപ്ത്സാവഹമാണ് എന്നാണ് അൻവറിൻ്റെ വിമർശകരുടെ വാദം.

മത സംഘടനകളോടും വർഗീയ നിലപാടുകളോടും എന്നും ‘കടക്കൂ പുറത്ത്’ ആയിരുന്നു വിഎസ് അച്യുതാനന്ദൻ്റെ ലൈനെങ്കിൽ അവിടെയും അൻവർ പരിമിതി നേരിടുന്നു. സ്വന്തം നിലയിൽ ഡിഎംകെയെന്ന സാമൂഹിക സംഘടനയെ വളർത്തി, മത സംഘടനകളെയും വർഗീയ നിലപാടുള്ളവരെപ്പോലും മാറ്റിനിർത്താതെ പൊതുജനത്തെക്കൂട്ടി രാഷ്ട്രീയ അസ്തിത്വമുണ്ടാക്കാനുള്ള അൻവറിൻ്റെ പുറപ്പാട് മലബാറിൽ ഏതുതരം ചേരിതിരിവ് സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top