‘വിഎസിൻ്റെ മകന് IHRD ഡയറക്ടറാവാൻ മിനിമം യോഗ്യതയില്ല’; ഹൈക്കോടതിയിൽ AICTE സത്യവാങ്മൂലം

ഐഎച്ച്ആർഡി ഡയറക്ടറുടെ നിയമനത്തിനുള്ള ഇൻ്റർവ്യൂവിൽ പങ്കെടുത്ത മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍റെ മകൻ വിഎ അരുൺകുമാറിന് മിനിമം യോഗ്യതയില്ലെന്ന് എഐസിടിഇ സ്റ്റാൻഡിങ് കൗൺസിൽ ഹൈക്കോടതിയിൽ. അരുൺകുമാറിന് ഡയറക്ടറുടെ താല്‍ക്കാലിക ചുമതല നൽകിയ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണയിലിരിക്കെയാണ് മതിയായ യോഗ്യത ഇല്ലാതെ അഭിമുഖത്തിലും പങ്കെടുപ്പിച്ചത് എന്ന പരാതിയും ശക്തമാണ്. സ്പെഷ്യൽ റൂൾസ്‌ ഭേദഗതിയിലൂടെയാണ് അരുൺകുമാർ അഭിമുഖത്തിൽ പങ്കെടുക്കുന്നതെന്ന ആരോപണം നേരത്തേ ഉയർന്നിരുന്നു. ഇതിനിടയിലാണ് എഐസിടിഇ കൗൺസിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിരിക്കുന്നത്. സംസ്ഥാന സാങ്കേതികവിദ്യാഭ്യാസ ഡയറക്ടറുടെ തസ്തികയ്ക്ക് തുല്യമായ പദവിയാണ് ഐച്ച്ആർഡി ഡയറക്ടറുടേത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ഇന്റർവ്യുവിൽ അരുൺ കുമാറിനെ കൂടാതെ അഞ്ചുപേർ പങ്കെടുത്തു. 10 പേരായിരുന്നു ആകെ അപേക്ഷകരാണ് ഉണ്ടായിരുന്നത്. ഇൻറർവ്യൂവിൽ പങ്കെടുത്തവരിൽ രണ്ട് പേർക്ക് മാത്രമേ എഐസിടിഇ യുടെ പുതിയ റെഗുലേഷൻ പ്രകാരം യോഗ്യതയുള്ളൂവെന്നാണ് വിവരം. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസി, കുസാറ്റ് മുൻ വിസി, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ, ഉന്നത വിദ്യാഭ്യാസ അഡിഷണൽ സെക്രട്ടറി എന്നിവരായിരുന്നു ഇന്റർവ്യൂ ബോർഡ് അംഗങ്ങൾ.

ALSO READ: വിഎസിൻ്റെ മകനുവേണ്ടി യോഗ്യതകളിൽ ഇളവ്; ഐഎച്ച്ആർഡി ഡയറക്ടർ ഇൻ്റർവ്യൂ വിവാദത്തിൽ

അരുൺകുമാർ ഒഴികെ, ഇൻറർവ്യൂവിൽ പങ്കെടുത്ത വരെല്ലാം തന്നെ ഐഎച്ച്ആർഡിയുടെ കീഴിലുള്ള വിവിധ എൻജിനീയറിങ് കോളേജ്കളിൽ പ്രിൻസിപ്പൽമാരായും സീനയർ പ്രൊഫസർമാരായും മുൻപരിചയമുള്ളവരാണ്.
ഐഎച്ച്ആർഡിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനുള്ള നിർദ്ദേശങ്ങളാണ് ഇൻറർവ്യൂ ബോർഡ് അഭിമുഖത്തിൽ ചോദിച്ചത്. സെലക്ഷൻ കമ്മറ്റിയുടെ ശുപാർശ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഉടന്‍ മുഖ്യമന്ത്രിക്ക് കൈമാറും.

വിഎ അരുൺകുമാറിനെ ഐഎച്ച്ആർഡി ഡയറക്ടറാക്കാൻ യോഗ്യതകളിൽ ഇളവ് വരുത്തിയതായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മറ്റി ആരോപിച്ചിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്ന സത്യവാങ്മൂലം. ഐഐസിടിഇ വ്യവസ്ഥപ്രകാരം എഞ്ചിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം, 15 വർഷത്തെ അധ്യാപന പരിചയം, പിഎച്ച്ഡി ഗൈഡ് ഷിപ്പ്, രണ്ടുപേരെ ഗൈഡ് ചെയ്ത പരിചയം എന്നിവയാണ് പദവി വഹിക്കാനുള്ള യോഗ്യത. എന്നാൽ ഏഴു വർഷത്തെ അഡിഷണൽ ഡയറക്ടർ പരിചയം കൂടി നിയമനത്തിനുള്ള പുതിയ യോഗ്യതയായി ചേർത്താണ് ഉത്തരവ്.

ഡയറക്ടർക്ക് നിശ്ചയിച്ചിട്ടുള്ള എഞ്ചിനീയറിംഗ് ബിരുദത്തിന് പകരം അരുൺകുമാറിന് എംസിഎ ബിരുദമാണുള്ളത്. ഐഎച്ച്ആർഡി നിയമപ്രകാരം യോഗ്യതകളിൽ ഭേദഗതി വരുത്താൻ ഗവേണിംഗ് ബോഡിക്ക് മാത്രമേ അധികാരമുള്ളൂ. ഇത് മറികടന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് നേരിട്ട് യോഗ്യതകളിൽ ഇളവ് വരുത്തിയിരിക്കുന്നത്. യോഗ്യതകളിൽ ഇളവ് വരുത്തിയ സർക്കാർ ഉത്തരവ് അടിയന്തിരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മറ്റി മുഖ്യമന്ത്രിക്കും, ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകിയിരുന്നു

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top