എം.എൻ. വിജയനോടുള്ള CPM നിലപാട് മാറിയോ; മുമ്പ് പുരയ്ക്ക് മേലെ ചാഞ്ഞമരം, ഇന്നോ?

തൃശൂർ: പാർട്ടി നിലപാടിനെ എതിർത്തതിൻ്റെ പേരിൽ പുറത്താക്കിയവരെ മരണശേഷം ഏറ്റെടുക്കുന്ന പതിവ് സിപിഎം തുടരുന്നു. പാർട്ടിയിൽ നിന്നും സംഘടനയിൽ നിന്നും നിലപാടിൻ്റെ പേരിൽ പുറത്ത് പോയ പ്രൊഫ. എം.എൻ. വിജയനെയാണ് സിപിഎമ്മും അതിന്റെ സാംസ്കാരിക സംഘടനയായ പുരോഗമന കലാ സാഹിത്യ സംഘവും(പുകസ) ഏറ്റെടുത്തിരിക്കുന്നത്.
പുകസ തൃശൂർ ജില്ലാ സമ്മേളത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന നാല് സ്മൃതി യാത്രകളിൽ ഒന്ന് ആരംഭിക്കുന്നത് എം.എൻ. വിജയന്റെ കൊടുങ്ങല്ലൂർ എടവിലങ്ങിലെ വീട്ടിൽനിന്നാണ് എന്നാണ് സംഘാടക സമിതി തീരുമാനിച്ചിട്ടുള്ളത്. ജീവിച്ച കാലത്തെ മാറ്റിപ്പണിയാൻ ജന്മം സമർപ്പിച്ച സാമൂഹിക, സാംസ്കാരിക നായകരിലൊരാൾ എന്നാണ് ‘പുരയ്ക്ക് മീതേ ചാഞ്ഞ മരം’ എന്ന് സിപിഎം മുമ്പ് വിമര്‍ശിച്ച വിജയനെ പുകസ വിശേഷിപ്പിച്ചിരിക്കുന്നത്. ഒക്ടോബർ 17ന് നടക്കുന്ന വിജയൻ സ്മൃതിയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് പുകസ സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിലാണ്.

പുകസയുടെ എം.എൻ. വിജയനോടുള്ള പുതിയ നിലപാട് ചൂണ്ടിക്കാട്ടി വിമർശനവുമായി അദ്ദേഹത്തിൻ്റെ മകനും എഴുത്തുകാരനുമായ പ്രൊഫ. വി.എസ്. അനിൽകുമാർ രംഗത്തെത്തി. “എം.എൻ. വിജയൻ പുകസയുടെ സംസ്ഥാന അധ്യക്ഷനായിരുന്നു . അദ്ദേഹം രാജിവെച്ച് പോകുമ്പോൾ ഉണ്ടായിരുന്ന പ്രശ്നങ്ങൾ എല്ലാം അവസാനിച്ചോ? അദ്ദേഹം ഉയർത്തിയ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായോ?”- അദ്ദേഹം ചോദിച്ചു. ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ പുകസ സംസ്ഥാന ജനൽ സെക്രട്ടറി അശോകൻ ചരുവിലിന് ബാധ്യതയുണ്ട്. എം.എൻ. വിജയന്റെ പേര് ഉപയോഗിക്കാൻ പുകസയ്ക്ക് ഇപ്പോൾ എന്ത് വെളിപാടാണ് ഉണ്ടായത് എന്നത് പ്രധാനപ്പെട്ട ചോദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎമ്മിനെതിരെയും അനിൽകുമാർ രൂക്ഷമായ വിമർശനം ഉയർത്തി. മലപ്പുറം സംസ്ഥാന സമ്മേളനത്തിൽ പ്രാസംഗികരുടെ നിരയിൽ എം.എൻ.വിജയൻ്റെ പേര് ആദ്യം അച്ചടിക്കുകയും പിന്നീട് വെട്ടിമാറ്റുകയുമായിരുന്നു. ഇത് പാർട്ടിക്ക് വേണ്ടി കേരളത്തിൽ അങ്ങോളം ഇങ്ങോളം നൂറുകണക്കിന് വേദികളിൽ പ്രംസംഗിച്ച അദ്ദേഹത്തിനോടുള്ള ശിക്ഷാനടപടിയായിരുന്നു. ഒരാളെ പാർട്ടി പുറത്താക്കിക്കഴിഞ്ഞാൽ ആ വ്യക്തിയെ തിരിച്ചെടുക്കണമെങ്കിൽ കുറഞ്ഞത് രണ്ട് കാരണങ്ങളുണ്ട്. ആദ്യത്തേത് അദ്ദേഹം ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞു എന്നതുകൊണ്ട് തിരിച്ചെടുക്കാം. രണ്ടാമത്തേത് പുറത്താക്കിയവരാണ് തെറ്റു ചെയ്തത് എന്ന് സ്വയം മനസ്സിലായെങ്കിൽ അവർക്ക് മാപ്പുപറഞ്ഞ് അദ്ദേഹത്തെ തിരിച്ചു വിളിക്കാം. ഇവിടെ സിപിഎം ഏത് കാരണം കൊണ്ടാണ് അദ്ദേഹത്തെ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത് എന്ന് മനസിലായിട്ടില്ല എന്നും അദ്ദേഹം മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.
പുകസയുടെ പരിപാടിയുടെ പോസ്റ്റർ ചൂണ്ടിക്കാട്ടി സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനമുയർന്നപ്പോൾ എം.എൻ. വിജയൻ്റെ എടവിലങ്ങിലെ വീട്ടിൽ നിന്ന് എന്നത് എടവലങ്ങ് ചന്തയിൽ നിന്നാക്കി മാറ്റിയിരിക്കുകയാണ്. പാർട്ടിക്കും പുകസയ്ക്കും മറവിരോഗം വന്നിട്ടുണ്ടാവാം; എന്നാൽ തങ്ങൾക്ക് അതില്ല എന്നും അനിൽകുമാർ മാധ്യമ സിൻഡിക്കറ്റിനോട് വ്യക്തമാക്കി.
സിപിഎം നേതൃത്വത്തിൻ്റെ വലതു റിവിഷനിസ്റ്റ് ആശയങ്ങൾ ചൂണ്ടിക്കാട്ടി തൊണ്ണൂറുകളുടെ അവസാനത്തിൽ പാർട്ടി നിലപാടുകളെ രൂക്ഷമായി വിമർശിച്ചയാളാണ് എം.എൻ.വിജയൻ. സാക്ഷരതാപ്രസ്ഥാനം, ജനകീയാസൂത്രണം, ഡിപിഇപി പാഠ്യപദ്ധതി ഇവയെയെല്ലാം മാർക്സിസത്തിന്റെ ആശയാടിത്തറയിൽനിന്ന് വിമർശിച്ചുകൊണ്ട് അദ്ദേഹം സിപിഎമ്മിൻ്റെ പ്രത്യയശാസ്ത്ര പ്രതിസന്ധി ചുണ്ടിക്കാട്ടി. പിന്നീട് അദ്ദേഹത്തെയും ഒപ്പം നിന്നവരെയും പാർട്ടിയിൽ നിന്നും പുകസയിൽ നിന്നും പുറത്താക്കി.

‘പുരയ്ക്ക് മേലെ ചാഞ്ഞ മരം: എം.എൻ. വിജയന്റെ ഗതിവിഗതികൾ’ എന്ന പേരിൽ ചിന്ത പബ്ലിക്കേഷൻസ് അദ്ദേഹം മരിക്കുന്നതിന് രണ്ടു വർഷം മുമ്പാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായ എം.എ. ബേബി, നിലവിലെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി പി. രാജീവ്, എഴുത്തുകാരനായ പ്രഭാവര്‍മ, ഷിബു മുഹമ്മദ് എന്നിവരാണ് എഴുപതോളം ലേഖനങ്ങടങ്ങിയ സമാഹാരത്തിൽ എഴുതിയിരിക്കുന്നത് . 2007 ഒക്ടോബർ മൂന്നിന് ശാസ്ത്രസാഹിത്യ പരിഷത്ത് എം.എൻ. വിജയനെതിരെ നൽകിയ കേസിൽ അദ്ദേഹത്തിന് അനുകുല വിധി വന്നിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് തൃശ്ശൂർ പ്രസ് ക്ലബ്ബിൽ പത്രസമ്മേളനം നടത്തിക്കൊണ്ടിരിക്കേയാണ് എം.എൻ. വിജയൻ കുഴഞ്ഞുവീണു മരിച്ചത്. എം.എൻ.വിജയൻ്റെ മരണവാർത്ത അറിഞ്ഞ് അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ പ്രതികരണവും വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here