മുന്‍മന്ത്രിയുടെ വീടിന് മുന്നിലെ പ്രതിഷേധത്തിന് ഹൈക്കോടതിയുടെ വിലക്ക്; വി.എസ്.ശിവകുമാറിന്റെ തിരഞ്ഞെടുപ്പിനായി പണമൊഴുക്കിയത് സൊസൈറ്റിയുടെ തകര്‍ച്ചക്ക് കാരണമായെന്ന് പുതിയ ആരോപണം

തിരുവനന്തപുരം: മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ്.ശിവകുമാറിന്റെ വീടിന് മുന്നില്‍ പ്രതിഷേധം നടത്തുന്നതിന് ഹൈക്കോടതിയുടെ വിലക്ക്. 13 കോടിയുടെ നിക്ഷേപത്തട്ടിപ്പ് കേസില്‍ വീടിന് മുന്നില്‍ പ്രതിഷേധം പതിവായതോടെ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് നിക്ഷേപകര്‍ക്ക് ഹൈക്കോടതി നോട്ടീസയച്ചത്. ഹൈക്കോടതി വിധി മാനിക്കുമെന്നും പണം തിരികെ ലഭിക്കേണ്ടതുള്ളതിനാല്‍ അഭിഭാഷകരുമായി ആലോചിച്ച് ഭാവികാര്യങ്ങള്‍ ആലോചിക്കുമെന്നും നോട്ടീസ് ലഭിച്ച നിക്ഷേപകന്‍ ശാന്തിവിള മധുസൂദനനന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

അണ്‍ എംപ്ലോയീസ് സോഷ്യല്‍ വെല്‍ഫെയര്‍ കോപ്പറേറ്റീവ് സൊസൈറ്റിയിലെ 13 കോടിയോളം രൂപയുടെ നിക്ഷേപ തട്ടിപ്പിന്റെ പേരിലാണ് കേസിലെ മൂന്നാം പ്രതിയായ ശിവകുമാറിന്റെ വീട്ടിന് മുന്നില്‍ പ്രതിഷേധം നടത്തുന്നത്. തട്ടിപ്പിനിരയായവര്‍ വീടിന് മുന്നില്‍ ഇരിപ്പുറപ്പിച്ച് പ്രതിഷേധം നടത്തുന്നത് കോണ്‍ഗ്രസിനും തലവേദന സൃഷ്ടിക്കുകയാണ്. പ്രതിഷേധത്തിന് തടയിടാനാണ് ശിവകുമാര്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയത്. കേസില്‍ ഹൈക്കോടതി ശിവകുമാറിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. കിള്ളിപ്പാലം, വെള്ളായണി, നേമം എന്നിവിടങ്ങളിലായിരുന്നു അണ്‍ എംപ്ലോയീസ് സോഷ്യല്‍ വെല്‍ഫയര്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ശാഖകള്‍ ഉണ്ടായിരുന്നത്. ഇവിടെ നിക്ഷേപം നടത്തിയവര്‍ക്കാണ് പണം നഷ്ടമായതെന്നാണ് ആരോപണം.

ശിവകുമാര്‍ പറഞ്ഞതുസരിച്ചാണ് പണം നിക്ഷേപിച്ചതെന്നാണ് നിക്ഷേപകര്‍ പറയുന്നത്. ഈ കാര്യം ചൂണ്ടിക്കാട്ടിയാണ് വീടിന് മുന്നില്‍ പ്രതിഷേധം നടത്തുന്നത്. കേസില്‍ പുതിയ ആരോപണവും ഉയര്‍ന്നു. ”കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ശിവകുമാര്‍ സ്ഥാനാര്‍ഥിയായപ്പോള്‍ പണമൊഴുക്കി. സൊസൈറ്റിയിലെ പണം ലോണിന്റെ രീതിയില്‍ പുറത്ത് പോയതാണ് സൊസൈറ്റിയിലെ തകര്‍ച്ചക്ക് കാരണം” -പരാതിക്കാരനായ മധുസൂദനന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

”21,19,000 രൂപയാണ് സൊസൈറ്റിയില്‍ നിക്ഷേപിച്ചത്. മന്ത്രിയായിരിക്കെ ശിവകുമാര്‍ സൊസൈറ്റി പ്രസിഡന്റ് ശാന്തിവിള രാജേന്ദ്രന്റെ വീട്ടില്‍ നിരന്തരം വരുമായിരുന്നു. രാജേന്ദ്രന്‍ എന്നെ മന്ത്രിക്ക് പരിചയപ്പെടുത്തിയപ്പോള്‍ സൊസൈറ്റി തന്റെതാണെന്നും പണം നിക്ഷേപിക്കണമെന്നും ശിവകുമാര്‍ എന്നോട് പറഞ്ഞു. മന്ത്രിയെ വിശ്വസിച്ചാണ് ഇത്രയും തുക നിക്ഷേപം നടത്തിയത്. കരമന പോലീസ് സ്റ്റേഷനില്‍ തട്ടിപ്പിനെക്കുറിച്ച് വിശദമായ പരാതി നല്‍കിയിട്ടുണ്ട്”-മധുസൂദനന്‍ പറയുന്നു.

”കോവിഡ് കാലത്ത് സൊസൈറ്റി തകര്‍ന്നു പോയി. നിക്ഷേപങ്ങള്‍ മുഴുവന്‍ ലോണുകളായി പുറത്ത് നല്‍കിയതാണ്. കേസിന്റെ പശ്ചാത്തലത്തില്‍ ജപ്തി നടപടി തുടങ്ങിയിട്ടുണ്ട്”-സഹകരണസൊസൈറ്റി പ്രസിഡനറും കേസിലെ പ്രധാന പ്രതിയുമായ ശാന്തിവിള രാജേന്ദ്രന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

തന്റെ വീട്ടിന് മുന്നില്‍ നടത്തുന്ന പ്രതിഷേധത്തിന് പിന്നില്‍ ആസൂത്രിത ഗൂഡാലോചനയുണ്ടെന്ന് ശിവകുമാര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ”ഉദ്ഘാടനം ചെയ്തു എന്നത് മാത്രമാണ് സൊസൈറ്റിയുമായി എനിക്കുള്ള ബന്ധം. 17 വര്‍ഷം മുന്‍പ് ഞാന്‍ ഡിസിസി പ്രസിഡന്റായിരിക്കുമ്പോഴാണ് ഉദ്ഘാടനം ചെയ്തത്. അന്നത്തെ മണ്ഡലം പ്രസിഡന്റായിരുന്നു സൊസൈറ്റി പ്രസിഡന്റ്. എന്റെ ആളാണെന്ന ആരോപണത്തില്‍ കഴമ്പില്ല. ബോര്‍ഡ് മെമ്പറോ, പ്രസിഡന്റോ ഭാരവാഹിയോ അല്ല. നിക്ഷേപകര്‍ എനിക്കെതിരെ കേസ് കൊടുത്തിട്ടുണ്ട്. ഹൈക്കോടതിയില്‍ നിന്നും മുന്‍‌കൂര്‍ ജാമ്യം ലഭിച്ചിട്ടുണ്ട്.”

”കേസ് പോലീസ് അന്വേഷിക്കട്ടെ. സൊസൈറ്റിയിലെ പണം എങ്ങോട്ട് പോയെന്ന് അന്വേഷിക്കേണ്ടത് സഹകരണവകുപ്പും പോലീസുമാണ്. അന്വേഷണം പോലും നടത്താതെ എന്റെ വീടിന് മുന്നില്‍ വന്നിരിക്കേണ്ട ആവശ്യമെന്താണ്. ആരോപണം ഉന്നയിച്ചവര്‍ക്ക് എതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കും. എസ്കെ ആശുപത്രി വാങ്ങി എന്ന് പറഞ്ഞ് എനിക്കെതിരെ ആക്ഷേപമുണ്ടായി. വഞ്ചിയൂര്‍ കോടതിയില്‍ കേസ് നല്‍കിയിട്ടുണ്ട്. ഗൂഡാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്നാണ് എന്റെ ആവശ്യം. ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. എനിക്ക് പാര്‍ട്ടി പിന്തുണ നല്‍കുന്നില്ലെന്ന ആരോപണം വെറുതെ. ഡിസിസി അധ്യക്ഷനും യുഡിഎഫ് കണ്‍വീനറും പ്രസ്താവന നടത്തിയിട്ടുണ്ട്”-ശിവകുമാര്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top