തൃശൂരിൽ ഇടത് വോട്ടുകള്‍ ബിജെപിയിലേക്ക് മറിഞ്ഞു; സുരേഷ്ഗോപിയുടെ ജയത്തില്‍ വിഎസ് സുനിൽകുമാറിന്‍റെ വെളിപ്പെടുത്തൽ

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഇടതുമുന്നണിയുടെ തോൽവിയ്ക്ക് കാരണം പൂരം കലക്കിയത് മാത്രമല്ല കാരണമെന്ന് സ്ഥാനാർത്ഥി വിഎസ് സുനിൽകുമാർ. മണ്ഡലത്തിലെ സിപിഎം, സിപിഐ വോട്ടുകളും ബിജെപിയിലേക്ക് ചോർന്നുവെന്ന് സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സുനിൽകുമാർ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഇടതുപക്ഷം എപ്പോഴും ലീഡ് നിലനിര്‍ത്തിയിരുന്ന 27 ഓളം മേഖലകളിൽ എൽഡിഎഫിന് തിരിച്ചടി നേരിട്ടു. എൽഡിഎഫിൻ്റെ തോൽവി രാഷ്ട്രീയ പരാജയമാണ്. പലയിടത്തും സിപിഎം പ്രവർത്തകരുടെയും അനുഭാവികളുടെയും വോട്ട് ബിജെപി വാങ്ങിക്കൂട്ടിയതായി റിപ്പോർട്ടുകളുണ്ടെന്ന് തൃശൂരിൽ നിന്നുള്ള മറ്റൊരു നേതാവ് പറഞ്ഞതായും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

സിപിഐയുടെ ആവശ്യപ്രകാരമാണ് മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയതെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം യോഗത്തിൽ പറഞ്ഞു. ഇപി ജയരാജൻ ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടതും തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയെ പ്രകീർത്തിച്ചുകൊണ്ടുള്ള പ്രസ്താവനയും വിവാദമായതിന് പിന്നാലെ സിപിഎമ്മിനെ പാർട്ടി നിലപാട് അറിയിച്ചിരുന്നു.

ഇപി എൽഡിഎഫ് കൺവീനറായി തുടരുന്നത് മുന്നണിക്ക് നല്ലതല്ലെന്നും അദ്ദേഹത്തെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് പാർട്ടിയിലെ ചർച്ചകൾക്ക് ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നേരിട്ട് വിളിച്ചു. സിപിഐ ആവശ്യം പരിഗണിച്ച് ഇപിയെ കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റാൻ തീരുമാനിച്ചെന്ന് അറിയിച്ചതായും ബിനോയ് വിശ്വം സംസ്ഥാന കൗൺസിലിൽ അവകാശപ്പെട്ടു.

സിപിഐ മുന്നണിയിലെ വലിയ കക്ഷിയായ സിപിഎമ്മിന് കീഴടങ്ങിയെന്ന് സംസ്ഥാന കൗൺസിലിൽ വിമർശനം ഉയരുന്നതിനിടെയാണ് അദ്ദേഹത്തിൻ്റെ പ്രസ്താവന. സിപിഐയുടെ ആവശ്യപ്രകാരം സിപിഎം നടപടിയെടുത്ത സംഭവങ്ങളും അദ്ദേഹം വിശദീകരിച്ചു. രാജ്യസഭാ സീറ്റ് നൽകാമെന്ന് സിപിഎം സമ്മതിച്ചതും, എഡിജിപി എംആർ അജിത് കുമാറിനെ സർക്കാർ തൽസ്ഥാനത്തു നിന്ന് നീക്കിയതും വിമർശനത്തിന് മറുപടിയായി സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി.


എം മുകേഷിനെതിരെയുള്ള ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ സിപിഐ നിലപാട് മുഖ്യമന്ത്രിയെ അറിയിച്ചതായും ബിനോയ് സമിതിൽ പറഞ്ഞു. ഇടതുപക്ഷ ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് മുകേഷ് സ്ഥാനമൊഴിയണമെന്നാണ് പാർട്ടി നിലപാടെന്നും അദ്ദേഹം ആവർത്തിച്ചു. ഇക്കാര്യം ഞാൻ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചപ്പോൾ മുകേഷ് സ്ഥാനമൊഴിഞ്ഞാൽ വരുന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തിരിച്ചടി നേരിടേണ്ടിവരുമെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. അത് സർക്കാരിനെയും ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞതായും ബിനോയ് വിശ്വം കൗൺസിലിൽ അറിയിച്ചു.

സംസ്ഥാന സർക്കാരിനെ ബാധിച്ചേക്കാവുന്ന കാര്യങ്ങളിൽ പരസ്യ പ്രകടനം നടത്തുന്നതിന് മുമ്പ് പാർട്ടിയുടേയും ബഹുജന സംഘടനകളുടെ ദേശീയ നേതാക്കൾ സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിക്കണമെന്നും യോഗം തിരുമാനിച്ചു. സംസ്ഥാന ഘടകത്തിൻ്റെ ആവശ്യം കൗൺസിലിനെ അഭിസംബോധന ചെയ്തുകൊണ്ട് സിപിഐ ദേശിയ ജനറൽ സെക്രട്ടറി ഡി രാജ അംഗീകരിക്കുകയായിരുന്നു. മുകേഷിൻ്റെ രാജി ആവശ്യപ്പെട്ട് കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ആനി രാജ നടത്തിയ പരാമർശം ഉണ്ടാക്കിയ വിവാദത്തെക്കുറിച്ച് ബിനോയ് വിശ്വം യോഗത്തിൽ വിശദീകരിച്ചിരുന്നു. ഇതിനുശേഷം സംസാരിക്കുമ്പോഴാണ് സംസ്ഥാന ഘടകത്തിൻ്റെ ആവശ്യം ദേശീയ ജനറൽ സെക്രട്ടറി അംഗീകരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top