സ്വന്തം വകുപ്പിൽ നിന്നും ആദിവാസികളുടെ പേരിൽ കോടികൾ തട്ടുന്നതാരെന്ന് സുരേഷ് ഗോപിയോട്… ഉന്നതകുലജാതൻ മറുപടി പറയണമെന്നും ബൽറാം
ആദിവാസി വിഭാഗത്തിന്‍റെ ഉന്നമനത്തിന് ഉന്നതകുലജാതൻ മന്ത്രിയാകണമെന്ന കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ വിവാദ പരാമർശത്തിനെതിരെ കോൺഗ്രസ് നേതാവ് വിടി ബൽറാം. ‘ഇതെന്തൊരു കഷ്ടമാണ്!’ എന്നാരംഭിക്കുന്ന എഫ്ബി പോസ്റ്റിലൂടെയാണ് വിമർശനം. മനുസ്മൃതിയിലൂന്നിയ സംഘ് പരിവാറിന്റെ ജീർണിച്ച പ്രത്യയ ശാസ്ത്രമാണ് ഇദ്ദേഹത്തെ കൊണ്ട് ഇത് പറയിപ്പിക്കുന്നതെന്ന് ബൽറാം കുറ്റപ്പെടുത്തി.
“ഇതെന്തൊരു കഷ്ടമാണ്! എത്ര പേർ, എത്ര തവണ, എത്ര അവസരങ്ങളിൽ ഏതെല്ലാം രീതിയിൽ ചൂണ്ടിക്കാട്ടിയിട്ടും ഈപ്പറയുന്നതിലെയൊക്കെ മനുഷ്യവിരുദ്ധതയും പുളിച്ചു തികട്ടുന്ന സവർണതയും ഇദ്ദേഹത്തിന് മനസ്സിലാകുന്നില്ല എന്ന് വച്ചാൽ എന്ത് ചെയ്യാനാണ്”- കുറിപ്പിൽ പറയുന്നു.
“ഉന്നതകുലജാതർ’ ഒരു സർക്കാർ വകുപ്പിന്റെയല്ല, ഈ നാടിന്റെ തന്നെ മൊത്തം അധികാരവും കൈയാളി തന്നിഷ്ടത്തിനനുസരിച്ച് ഭരിച്ചിരുന്ന പഴയ രാജഭരണ കാലത്തൊക്കെ ഇവിടത്തെ ദളിതർക്കും ആദിവാസികൾക്കുമൊക്കെ പിന്നെ സ്വർഗമായിരുന്നല്ലോ! ഈ ഉന്നതകുലജാതർ എന്ന ഒരു വർഗം തന്നെയുണ്ടായത് മറ്റ് അധ്വാനിക്കുന്ന മനുഷ്യരെ നൂറ്റാണ്ടുകളോളം ചൂഷണം ചെയ്തിട്ടാണ് എന്ന് എത്ര തവണ പറഞ്ഞാലാണ് ഈ ചരിത്രബോധവിഹീനർക്ക് മനസ്സിലാവുക” -ബൽറാം കുറിച്ചു.
മന്ത്രിയുടെ വകുപ്പിന് കീഴിൽ കേരളത്തിൽത്തന്നെ പട്ടികജാതി / വർഗക്കാർക്കായി നൂറോളം പെട്രോൾ പമ്പുകൾ അനുവദിച്ചിട്ടുണ്ട്. അതൊക്കെ ഇപ്പോൾ ആരാണ് കൈവശപ്പെടുത്തിയിരിക്കുന്നത് എന്നും ആദിവാസികളുടെ പേരിൽ ആരാണ് കോടിക്കണക്കിന് രൂപ ലാഭമുണ്ടാക്കി കൊണ്ടിരിക്കുന്നത് എന്നും കേന്ദ്രമന്ത്രി തന്റെ ഔദ്യോഗിക സംവിധാനങ്ങൾ വഴി കൃത്യമായി അന്വേഷിച്ച് നടപടി സ്വീകരിക്കാമോ എന്നും ബൽറാം സുരേഷ് ഗോപിയോട് ചോദിക്കുന്നു.
സുരേഷ് ഗോപി മന്ത്രിയായതിന് ശേഷം അനുവദിച്ചവയാണ് ഈ എല്ലാ പമ്പുകളും എന്ന് പറയുന്നില്ല. എന്നാൽ നിലവിൽ ഇക്കാര്യത്തിൽ ഇടപെടാൻ അധികാരമുള്ളത് സ്വയം ഉന്നതകുലജാതനായ ഇദ്ദേഹത്തിനാണ്. എന്തെങ്കിലും നടപടി ഉണ്ടാവുമോ എന്നും ബൽറാം ചോദിച്ചു.
ആദിവാസി വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്യണമെന്നും എങ്കിൽ മാത്രമേ അവർക്ക് ഉന്നമനം ഉണ്ടാകൂവെന്നും ഡൽഹിയിൽ സുരേഷ് ഗോപി നടത്തിയ പ്രസംഗമാണ് വിവാദമായത്. ഈ വകുപ്പ് തനിക്ക് നൽകണമെന്ന് 2016ൽ എംപി ആയത് മുതൽ മോദിയോട് ആവശ്യപ്പെടുന്നതാണ് എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ഇതിനെതിരെ ആദിവാസി ഗോത്രമഹാസഭ അടക്കം സംഘടനകൾ രംഗത്തെത്തി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here