വാളയാര്‍ പെണ്‍കുഞ്ഞുങ്ങളുടെ ബലിത്തറ!! 10 വർഷത്തിനിടെ ജീവനൊടുക്കിയ കുട്ടികളുടെ എണ്ണം ഞെട്ടിക്കും; കണക്കുമായി സിബിഐ

പാലക്കാട് ജില്ലയിലെ വാളയാര്‍ പെണ്‍കുഞ്ഞുങ്ങളുടെ ശവപ്പറമ്പാണെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുമായി സിബിഐ. 2012 മുതല്‍ 2022 വരെയുള്ള 10 വര്‍ഷക്കാലത്തിനിടയില്‍ പ്രായപൂര്‍ത്തിയാവാത്ത 27 പെണ്‍കുട്ടികള്‍ ഈ പ്രദേശത്ത് ആത്മഹത്യ ചെയ്‌തെന്ന് കേന്ദ്ര ഏജന്‍സി കണ്ടെത്തി. ‘ദ ഹിന്ദു’ ലേഖകന്‍ കെഎസ് സുധിയാണ് മനുഷ്യ മനസിനെ മരവിപ്പിക്കുന്ന വിവരങ്ങള്‍ സിബിഐ റിപ്പോർട്ടിൽ നിന്ന് പുറത്തു കൊണ്ടുവന്നത്.

വാളയാറില്‍ ജീവനൊടുക്കിയ സഹോദരിമാരുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് നിര്‍ണായകമായ ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയത്. ഈ സഹോദരിമാര്‍ ക്രൂരമായ ബലാല്‍സംഗത്തിനും ലൈംഗിക ചൂഷണത്തിനും വിധേയരായെന്നും കണ്ടെത്തി. മൂത്ത കുട്ടി ഒറ്റമുറി വീട്ടിലെ കഴുക്കോലില്‍ 2017 ജനുവരി 13നും, അനുജത്തി 2017 മാര്‍ച്ച് നാലിനും തൂങ്ങി മരിക്കുകയായിരുന്നു.

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍ വാളയാറിലും പരിസരങ്ങളിലുമായി 305 പോസ്‌കോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തായി കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മരിച്ച ഇരട്ട സഹോദരിമാരുടെ അമ്മയുടെ കുടുംബത്തിൽ പോലും സമാന സ്വഭാവമുള്ള അസ്വാഭാവിക മരണങ്ങൾ ഏറെക്കാലം മുൻപെ ഉണ്ടായിട്ടുണ്ട്. 17 ഉം 11 ഉം വയസുള്ള രണ്ടു സഹോദരിമാർ 1996 ഫെബ്രുവരി 22ന് ആത്മഹത്യ ചെയ്തതായാണ് കണ്ടെത്തിയിട്ടുള്ളത്. വിഷം ഉള്ളില്‍ ചെന്നാണ് ഇരുവരുടെയും മരണം എന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

10 കൊല്ലത്തിനിടയില്‍ വാളയാറിലും പരിസരങ്ങളിലുമുള്ള പോലീസ് സ്റ്റേഷന്‍ പരിധികളില്‍ സംഭവിച്ച 305 പോസ്‌കോ കേസുകളെ സംബന്ധിച്ച സൂക്ഷ്മമായ വിവര ശേഖരണം സിബിഐ നടത്തി. ഇതില്‍ തന്നെ പ്രായ പൂര്‍ത്തിയാകാത്ത 27 പേരുടെ ആത്മഹത്യയെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. 101 പേജുള്ള കുറ്റപത്രത്തില്‍ 2013 മുതല്‍ 2023 വരെയുള്ള കാലയളവില്‍ 13 വയസില്‍ താഴെയുള്ള കുട്ടികള്‍ ആത്മഹത്യ ചെയ്തതിന്റെ വിവരങ്ങള്‍ അന്വേഷണ ഏജന്‍സി പ്രത്യേകം എടുത്തു പറയുന്നുണ്ട്. ജീവനൊടുക്കിയ കുഞ്ഞുങ്ങളുടെ വിവരങ്ങള്‍ വാളയാറിലെ ഇരട്ട സഹോദരിമാരുടെ ആത്മഹത്യമായി ബന്ധപ്പെടുത്തിയാണ് വിവരിക്കുന്നത്. ചേച്ചിയെപ്പോലെ താനും ജീവനൊടുക്കുമെന്ന് വാളയാറിലെ അനുജത്തി അവളുടെ സുഹൃത്തുക്കളോട് പറഞ്ഞതായ മൊഴിയും ലഭിച്ചിട്ടുണ്ട്.

കേസന്വേഷണം നടത്തിയ പോലീസുദ്യോഗസ്ഥന്‍ തമിഴ്നാട് – കേരള അതിര്‍ത്തി ഗ്രാമങ്ങളില്‍ കുഞ്ഞുങ്ങള്‍ക്കെതിരായി നടക്കുന്ന ലൈംഗിക ചൂഷണത്തിന്റെ ഭീകരതയെക്കുറിച്ച് വിവരിച്ചതായി സിബിഐ കുറ്റപത്രത്തിലുണ്ട്. വാളയാര്‍ പെണ്‍കുഞ്ഞുങ്ങളുടെ ബലിത്തറയെന്നാണ് പോലീസ് ഉദ്യോഗസ്ഥന്‍ വിശേഷിപ്പിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നത്. നിരക്ഷരരും പാവപ്പെട്ടവരുമായ പ്രദേശവാസികള്‍ക്ക് സ്വന്തം കുഞ്ഞുങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നതിനെ ക്കുറിച്ച് കാര്യമായ അറിവൊന്നുമില്ല. അതിലുപരി നിയമ വിദ്യാഭ്യാസത്തിന്റെ അപര്യാപ്തയും ചൂഷകര്‍ പരമാവധി മുതലെടുക്കുന്നുണ്ട്. വാളയാര്‍ സംഭവത്തിനു ശേഷം ഈ പ്രദേശത്തു നിന്ന് ഇത്തരത്തില്‍ ചുരുക്കം ചില കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഇരട്ട സഹോദരിമാരുടെ ജീവത്യാഗം സൃഷ്ടിച്ച വിവാദം നിമിത്തമാണ് ഇത്തരം കേസുകള്‍ പിന്നീട് റിപ്പോര്‍ട്ട് ചെയ്യാനിടയായത് എന്നും സിബിഐ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top