‘ആത്മഹത്യ’യിലുറച്ച് സിബിഐ; വാളയാറിലെ രണ്ട് പെൺകുട്ടികളും ജീവനൊടുക്കിയത് തന്നെയെന്ന് കുറ്റപത്രത്തിൽ
![](https://www.madhyamasyndicate.com/wp-content/uploads/2025/02/walayar-suicide-FI.jpg)
കൊടിയ ലൈംഗീക പീഡനങ്ങൾക്കു പിന്നാലെ മരിച്ച നിലയിൽ കാണപ്പെട്ട ഒൻപതും പതിമൂന്നും പ്രായമായ പെൺകുട്ടികൾ സ്വയം ജീവിതം അവസാനിപ്പിച്ചതാകാം. കുട്ടികളുടെ സ്വന്തം അമ്മയെ കൂടി പേതിചേർത്ത് നൽകിയ കുറ്റപത്രത്തിലാണ് സിബിഐ ഇക്കാര്യം പറയുന്നത്. കുട്ടികൾ ആത്മഹത്യ ചെയ്തതാകാം എന്ന സിബിഐയുടെ നിഗമനം നേരത്തെ കോടതി തള്ളിക്കളഞ്ഞിരുന്നു.
കേരളത്തിലെ തന്നെ ഏറ്റവും പ്രമുഖരായ ഫൊറൻസിക് സർജന്മാരുടെ അഭിപ്രായം കൂടി ശേഖരിച്ച ശേഷമാണ് അന്വേഷണസംഘം ഈ നിഗമനം വീണ്ടും ഉറപ്പിക്കുന്നത്. കഴുത്തിൽ കുരുക്കിട്ട് തൂങ്ങിയാൽ ഉണ്ടാകാവുന്ന പരുക്കുകൾ തന്നെയാണ് കുട്ടികളുടെ ശരീരത്തിൽ ഉള്ളതെന്ന് നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ കുട്ടികളെ പീഡിപ്പിച്ച പ്രതികളുടെ പങ്ക് ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ടോ എന്നതാണ് ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടത്.
അതേസമയം കുട്ടികൾ ജീവനൊടുക്കാൻ കാരണം പ്രതികളുടെ മൃഗീയ ബലാത്സം തന്നെയെന്ന് സിബിഐ ഉറപ്പിക്കുന്നുണ്ട്. രണ്ട് കുട്ടികളെയും പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കിയത് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. അടിക്കടി ഇത് ഉണ്ടായതിൽ നിന്നുള്ള കടുത്ത വേദനയും, അതുണ്ടാക്കിയ മാനസികമായ ആഘാതവും കുട്ടികളെ തളർത്തി. ഇതിൽ നിന്നിനി മോചനമില്ല എന്ന് ചിന്തിച്ച കുട്ടികൾ സ്വയമേ രക്ഷക്കുള്ള വഴി കണ്ടെത്തി എന്ന് തന്നെയാണ് നിഗമനം.
കുട്ടികളുടെ മാനസികനില വിശകലനം ചെയ്ത് പോസ്റ്റുമോർട്ടം റിപ്പോർട്ടിൻ്റെ രൂപത്തിലൊന്ന് കൂടി സിബിഐ തയ്യാറാക്കി. താരതമ്യേന ദുർബലമായ ശരീരത്തിൽ അടിക്കടിയുണ്ടായ പീഡനത്തിന് പുറമെ, വീട്ടിൽ പ്രതികളുടെ നിരന്തര സാമീപ്യവും കുട്ടികളെ നിരാശരാക്കി. കുട്ടികളെ പീഡിപ്പിച്ച പ്രതിയുമായി കുട്ടികളുടെ സാന്നിധ്യത്തിൽ അമ്മ ശാരീരിക ബന്ധം പുലർത്തി, ഇതേ പ്രതിക്ക് കുട്ടികളെ പീഡിപ്പിക്കാൻ അച്ഛനും അമ്മയും സാക്ഷിയായി നിന്നു എന്നിങ്ങനെ ഗുരുതര കണ്ടെത്തലുകളാണ് സിബിഐ കുറ്റപത്രത്തിൽ ഉള്ളത്.
സഹോദരിമായ കുട്ടികളുടെ ദുരൂഹമായ മരണങ്ങൾ സംസ്ഥാനത്തൊട്ടാകെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നിസ്സഹായരായ ഇവരുടെ മരണത്തെക്കുറിച്ച് തുടക്കത്തിൽ അന്വേഷണം നടത്തിയ കേരള പോലീസിൻ്റെ അന്വേഷണത്തിൽ മാതാപിതാക്കൾ അതൃപ്തി രേഖപ്പെടുത്തിയതോടെ ആണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതേ മാതാപിതാക്കളെ രണ്ടും മൂന്നും പ്രതികളാക്കിയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
ഇവരുടെ ബന്ധു കൂടിയായ ഒന്നാം പ്രതി മധുവിന് കുഞ്ഞുങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിന് സകല ഒത്താശകളും ചെയ്തു കൊടുത്തത് മാതാപിതാക്കളാണ് എന്നാണ് സിബിഐ കണ്ടെത്തിയത്. മക്കളുടെ മുന്നിൽ വെച്ചാണ് ഒന്നാം പ്രതി അമ്മയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും ഇളയകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയന്നും കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങൾ കഴിഞ്ഞ ദിവസം മാധ്യമ സിൻഡിക്കറ്റ് റിപ്പോർട്ട് ചെയ്തിരുന്നു.
![whatsapp-chats](https://www.madhyamasyndicate.com/wp-content/themes/Nextline_V5/images/whatsapp-chats.png)
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here