‘ആഹാരത്തിലൂടെ മുസ്ലിം മതത്തിലേക്ക് മാറ്റാൻ ശ്രമിക്കുന്നു’; ഭക്ഷണത്തിൻ്റെ പേരിൽ ഏഴ് വയസുകാരനെ സ്കൂളിൽ നിന്നും പുറത്താക്കി

മാംസാഹാരം തുടർച്ചയായി കൊണ്ടു വരുന്നു എന്ന കാരണത്താൽ ഏഴ് വയസുകാരനെ സ്വകാര്യ സ്കൂളിൽ നിന്നും പുറത്താക്കി. യുപി അംഹോറയിലെ ഹിൽട്ടൺ കോൺവെൻ്റ് സ്‌കൂളിലാണ് സംഭവം. ഇതിനെ സംബന്ധിച്ച് സ്കൂൾ പ്രിൻസിപ്പലും കുട്ടിയുടെ അമ്മയും തമ്മിൽ തർക്കിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
വിദ്യാർത്ഥി തുടർച്ചയായി മാംസാഹാരം കൊണ്ടുവരുന്നുണ്ട് എന്നാണ് പ്രിൻസിപ്പലിൻ്റെ ആരോപണം. എല്ലാവരെയും മാംസാഹാരം കഴിക്കാൻ പ്രേരിപ്പിച്ച് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യണമെന്ന് കുട്ടി പറയുന്നു. ഹിന്ദു ക്ഷേത്രങ്ങൾ തകർക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിദ്യാർത്ഥി പറഞ്ഞതായും അദ്ദേഹം ആരോപിക്കുന്നു.
ഇത്തരം ആരോപണങ്ങളുടെ പേരിൽ തൻ്റെ മകനെ പുറത്താക്കുന്നത് എന്തിനാണെന്ന് ചോദ്യം ചെയ്ത് കുട്ടിയുടെ അമ്മ പ്രിൻസിപ്പലുമായി തർക്കിക്കുന്നത് വീഡിയോയിൽ കേൾക്കാം. കുട്ടി സ്‌കൂളിൽ സസ്യേതര ഭക്ഷണം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ ഉന്നയിച്ച അവകാശവാദങ്ങൾ അവർ തള്ളിക്കളയുന്നതും വ്യക്തമാണ്.
വീഡിയോ വൈറലായതോടെ പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്യണമെന്നും സ്‌കൂളിൻ്റെ അംഗീകാരം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അംരോഹി മുസ്ലിം കമ്മറ്റി ജില്ലാ കളക്ടർക്ക് കത്തയച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മൂന്ന് സർക്കാർ സ്കൂൾ പ്രിൻസിപ്പൽമാർ അടങ്ങിയ സംഘത്തെ ജില്ലാ വിദ്യാഭ്യാസ ഇൻസ്പെക്ടർ നിയമിച്ചു. മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here