വഖഫ് ഭേദഗതി ബില്‍ ഇന്ന് പാര്‍ലമെന്റില്‍; എതിര്‍ക്കാന്‍ ഇന്ത്യാ മുന്നണി; കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെ ബാധിക്കും

മുനമ്പം അടക്കമുള്ള വഖഫ് ഭൂമി വിഷയം കത്തി നില്‍ക്കുന്ന കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെ ആകെ സ്വാധീനിക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വഖഫ് ഭേദഗതി ബില്‍. ഉച്ചയ്ക്ക് 12-നാണ് ബില്‍ അവതരണം നിശ്ചയിച്ചിരിക്കുന്നത്. എട്ടുമണിക്കൂര്‍ ചര്‍ച്ചചെയ്യും. ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജുവായിരിക്കും ചര്‍ച്ചകള്‍ക്ക് മറുപടി പറയുക. നിലവിലെ സാഹചര്യത്തില്‍ ബില്ലില്‍ വോട്ടെടുപ്പ് നടക്കും എന്ന് ഉറപ്പാണ്.
ബില്ലിനെ ശക്തമായി എതിര്‍ക്കാനാണ് കോണ്‍ഗ്രസ് നേതത്വം നല്‍കുന്ന ഇന്ത്യാ മുന്നണിയുടെ തീരുമാനം. ഒറ്റക്കെട്ടായി എതിര്‍ക്കും. വോട്ടെടുപ്പും ആവശ്യപ്പെടും. എത്ര പ്രകോപിപ്പിച്ചാലും സഭ വിടേണ്ടെന്നും ഇന്നലെ ചേര്‍ന്ന മുന്നണി യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ബില്ലിന്റെ നടപടിക്രമങ്ങളില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് എംപിമാര്‍ക്ക് പാര്‍ട്ടികള്‍ വിപ്പ് നല്‍കിയിട്ടുണ്ട്.
ബിഹാര്‍ തിരഞ്ഞെടുപ്പ് മുന്നില്‍നില്‍ക്കെ അനുകൂലധ്രുവീകരണം ലക്ഷ്യമിട്ടാണ് ബില്ലുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. എന്നാല്‍ ബില്‍ പാസാക്കാന്‍ എന്‍ഡിഎ ഘടകക്ഷികളായ ടിഡിപി, ജെഡിയു, എല്‍ജെപി, ആര്‍എല്‍ഡി എന്നിവരുടെ പിന്തുണ അത്യാവശ്യമാണ്. ഇവരുടെ ആശങ്കകള്‍ ബിജെപി പൂര്‍ണ്ണമായി പരിഹരിച്ചു എന്ന് പറയാന്‍ കഴിയില്ല.
പാര്‍ട്ടി കോണ്‍ഗ്രസിന്റെ പേരില്‍ അവധി അപേക്ഷ നല്‍കിയെങ്കിലും പാര്‍ട്ടി നിര്‍ദ്ദേശം എത്തിയതോടെ സിപിഎം എംപിമാര്‍ സഭയിലെത്തും. ബില്ലിനെ എതിര്‍ക്കാനാണ് സിപിഎം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കെ. രാധാകൃഷ്ണന്‍, അമ്രാ റാം, എസ്. വെങ്കിടേശന്‍, ആര്‍. സച്ചിദാനന്ദം എന്നിവരാണ് അവധി റദ്ദാക്കി സഭയില്‍ എത്തുന്ന സിപിഎം എംപിമാര്‍.
ബില്ലിനെ അനുകൂലിക്കണമെന്ന് കെസിബിസി അടക്കമുള്ള ക്രൈസ്തവ സംഘടനകള്‍ കേരളത്തിലെ എംപിമാരോട് ആവശ്യപ്പെട്ടിരുന്നു, ഇത് പൂര്‍ണ്ണമായും തള്ളിയാണ് ഇന്ത്യ മുന്നണി തീരുമാനം എടുത്തിരിക്കുന്നത്. ഇതില്‍ ചില എംപിമാര്‍ക്ക് എതിരഭിപ്രായമുണ്ട്. കേരള കോണ്‍ഗ്രസ് എംപിയായ ഫ്രാന്‍സിസ് ജോര്‍ജ് ഇതുവരെ നിലപാട് പ്രഖ്യാപിച്ചിട്ടുമില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here