വഖഫ് ബില്ല് പാസാക്കിയാല്‍ വെരി ഗുഡ്!! ചര്‍ച്ച് ആക്ട് നടപ്പാക്കിയാല്‍ ജനാധിപത്യ വിരുദ്ധം; കെസിബിസിയുടെ ഇരട്ടത്താപ്പ് ചര്‍ച്ചയാകുന്നു

പാര്‍ലമെന്റില്‍ വഖഫ് ബില്‍ പാസാക്കിയതില്‍ ആഹ്ലാദിക്കുന്ന കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി) സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന ചര്‍ച്ച് ബില്ലിനെ എന്തിന് എതിര്‍ക്കുന്നു എന്ന ചോദ്യം സജീവമായി ഉയരുകയാണ്. ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവരുടെ ഭരണഘടനാപരമായ അവകാശങ്ങളില്‍ സര്‍ക്കാര്‍ കടന്നുകയറാന്‍ ശ്രമിക്കുയാണെന്ന് മെത്രാന്മാർ ഉന്നയിക്കുന്ന അതേ വാദമാണ് വഖഫ് ബില്ലിന്റെ കാര്യത്തില്‍ മുസ്ലീം സംഘടനകളും ഉയര്‍ത്തുന്നത്. സ്വന്തം കണ്ണിലെ കോലെടുക്കാതെ അന്യന്റെ കണ്ണിലെ കരട് തപ്പിപ്പോകുന്ന കെസിബിസിയുടെ ഇരട്ടത്താപ്പിനെതിരെ ആണ് വിമര്‍ശനം ശക്തമാകുന്നത്.
പതിവ് രീതികളില്‍ നിന്ന് വിഭിന്നമായി വിശ്വാസികളിലെ ഒരു പ്രബലവിഭാഗം സഭകളുടെ അനിയന്ത്രിതമായ പോക്കിന് രാഷ്ട്രത്തിന്റ ഭരണഘടന അനുശാസിക്കും വിധമുള്ള നിയന്ത്രണം ആവശ്യമാണ് എന്ന വാദം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ അപ്പോഴും സ്വത്തുവകകളില്‍ തങ്ങളുടെ അധികാരവും ആധിപത്യവും കൈവിടാന്‍ പാടില്ല എന്ന നിലപാടിലാണ് ക്രൈസ്തവ വൈദികരും മെത്രാന്‍മാരും.
വിവാദങ്ങളും ബഹളങ്ങളും നടക്കുമ്പോഴും ചര്‍ച്ച് ആക്ടില്‍ കേരള നിയമസഭയില്‍ അവതരിപ്പിക്കാനുള്ള അന്തിമബില്ലിന്റെ രൂപം പോലും വ്യക്തമായിട്ടില്ല. അതിന് മുമ്പ് തന്നെ കെസിബിസി അടക്കമുള്ള സംഘടിത സഭാവിഭാഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. അതേസമയം വഖഫ് ബില്ലിന് സമാനമായ ചര്‍ച്ച് ബില്ല് ഏത് നേരത്തും പാര്‍ലമെന്റില്‍ വന്നാലും അതിശയിക്കാന്‍ ഇല്ലാത്ത സ്ഥിതിയാണ്. വഖഫിനെതിനെതിരെ നിലപാടെടുത്ത് ബില്ലിനെ അനുകൂലിക്കുന്നവർ അപ്പോഴെന്ത് ചെയ്യുമെന്ന ചോദ്യവും ഇപ്പോൾ പ്രസക്തമാകുന്നുണ്ട്.
ദ കേരള ചര്‍ച്ച് ബില്‍ 2019 (The Kerala Church (Properties and Institutions) Bill 2019) എന്ന പേരില്‍ സുപ്രീം കോടതി മുന്‍ ജഡ്ജി കെടി തോമസ് അധ്യക്ഷനായ കേരള നിയമപരിഷ്‌കാര കമ്മിഷന്‍ തയ്യാറാക്കിയ ഒരു റിപ്പോര്‍ട്ടു മാത്രമായി തുടരുകയാണ് ചര്‍ച്ച് ബില്‍. ഇതിനെയാണ് പൊതുവായി ചര്‍ച്ച് ആക്ടെന്ന് വിളിക്കുന്നത്. ബില്ലിന് കാബിനറ്റ് അന്തിമ അനുമതി ഇതുവരെ നല്‍കിയിട്ടില്ല. ഈ സര്‍ക്കാരിന്റെ കാലാവധി കഴിയും മുന്നേ നിയമസഭയില്‍ അവതരിപ്പിക്കുമോ എന്നുപോലും ഉറപ്പില്ല. 2009ല്‍ ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍ കമ്മീഷന്‍ തയ്യാറാക്കിയ ദ കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ട്രസ്റ്റ് ബില്‍ 2009 (The Kerala Christian Church Properties and Institutions Trust Bill 2009) എന്ന കരട് ബില്ലില്‍ നിന്നാണ് പുതിയ ബില്ലിനെ കുറിച്ച് ചര്‍ച്ചകള്‍ ഉടലെടുത്തത്.
നിലവില്‍ സഭകളുടെ സ്വത്തുകളുടെ എല്ലാ കൈകാര്യ അധികാരം മെത്രാന്‍മാരില്‍ അധിഷ്ഠിതമാണ്. സഭാവിശ്വാസികൾക്ക് അതില്‍ കാര്യമായ അധികാരം ഒന്നുമില്ല. അവർ വെറും നോക്കുകുത്തികള്‍ മാത്രം. ദൈവത്തിന്റെ കൈവയ്പ് കിട്ടിയ പുരോഹിത വര്‍ഗം എന്ന മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞാണ് ഇവര്‍ സ്വത്തുക്കള്‍ തന്നിഷ്ടം പോലെ കൈകാര്യം ചെയ്യുന്നത്. ഇതിന് അറുതി ഉണ്ടാവണമെന്ന ചിന്തയിലാണ് എല്ലാ സഭകളിലെയും ഒരു പ്രബലവിഭാഗം ചര്‍ച്ച് ആക്ട് നടപ്പാക്കണം എന്ന് ആവശ്യപ്പെടുന്നത്. എറണാകുളം -അങ്കമാലി അതിരൂപതയുടെ ഭൂമി തന്നിഷ്ടം പോലെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിറ്റതിനെതിരെ വിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധം ഉണ്ടാവാന്‍ തന്നെ കാരണം ഇതാണ്.
2019ലെ കരടുബില്‍ പ്രകാരം ഒരു ട്രിബ്യൂണല്‍ വിഭാവനം ചെയ്തിട്ടുണ്ട്. എന്നാല്‍ ട്രിബ്യൂണലിന്റെ ഏകപക്ഷീയമായ ഒരു ഇടപെടലും ബില്‍ വ്യവസ്ഥ ചെയ്യുന്നില്ല. കണക്കുകള്‍ കൃത്യമായി ഓഡിറ്റ് ചെയ്തിരിക്കണമെന്നും സഭയുടെ വിവിധ തലങ്ങളിലുള്ള സമിതികള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചിരിക്കണം എന്നും മാത്രമാണ് നിഷ്‌കര്‍ഷ. ഇതൊന്നും മെത്രാന്‍മാര്‍ അംഗീകരിക്കുന്നില്ല. ബില്ലിനെതിരെ കെസിബിസി പ്രതിഷേധം ഉയര്‍ത്തുന്നതിന്റെ പ്രധാന കാരണവും ഇതുതന്നെയാണ്. എന്നാല്‍ പരസ്യമായി ഇക്കാര്യം പറയുന്നില്ല എന്ന് മാത്രം.
ഏതെങ്കിലും ഒരംഗത്തിന് ഇപ്പോഴത്തെ വ്യവസ്ഥിതിയില്‍ തൃപ്തിയില്ലെങ്കില്‍ സഭയ്ക്കുളളിലെ ജനാധിപത്യപരമായ സംവിധാനങ്ങള്‍ ഉപയോഗിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണം. ഇപ്പോള്‍ നിര്‍ദേശിക്കുന്ന ബില്‍ നിയമം ആയാല്‍ സഭയിലെ സമാധാനപരമായ അന്തരീക്ഷം തകരുമെന്നാണ് കെസിബിസി 2019 ഫെബ്രുവരിയില്‍ പുറപ്പെടുവിച്ച ഇടയ ലേഖനത്തില്‍ പറയുന്നത്. ചര്‍ച്ച് ബില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യവിരുദ്ധമാണ് എന്ന് വാദിക്കുന്നവര്‍ വഖഫ് ബില്ലിനെക്കുറിച്ച് ആവേശം കൊള്ളുന്നത് ഇരട്ടത്താപ്പാണ് എന്നാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ ചൂണ്ടിക്കാണിക്കപ്പെടുന്നത്.
“മതവിഭാഗങ്ങളുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ രാജ്യനിയമങ്ങളുടെ ലംഘനം ഉണ്ടെന്നാണെങ്കില്‍ അതു ചെറുക്കാന്‍ നിലവില്‍ സംവിധാനങ്ങളുണ്ട്. രാജ്യത്തു നിലവിലുള്ള സിവില്‍ നിയമങ്ങള്‍ പാലിച്ച് കരവും ഫീസുകളും ഒടുക്കിയും റജിസ്‌ട്രേഷന്‍ ചട്ടങ്ങള്‍ പാലിച്ചും ഓഡിറ്റുകള്‍ നടത്തിയുമാണു സഭാസ്വത്തുക്കള്‍ പരിപാലിക്കുന്നത്. വഖഫ് ബോര്‍ഡ്, ദേവസ്വം ബോര്‍ഡ് എന്നിവയ്ക്കു സമാനമാവണം സഭാസ്ഥാപനങ്ങളെന്ന് വാദിക്കുന്നതും യുക്തിസഹമല്ല. അത്തരം ബോര്‍ഡുകള്‍ സ്ഥാപിക്കപ്പെടാന്‍ ഇടയാക്കിയ ചരിത്രപരമായ കാരണങ്ങളോ സാഹചര്യങ്ങളോ അല്ല ക്രൈസ്തവ സ്ഥാപനങ്ങളുടെ കാര്യത്തിലുള്ളത്”, എന്നിങ്ങനെയെല്ലാം പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ച കെസിബിസിയാണ് വഖഫ് ബില്ലിലെ ന്യൂനപക്ഷ ധ്വംസനങ്ങളെക്കുറിച്ച് മിണ്ടാതിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here