‘ജനാധിപത്യത്തിൻ്റെ മോശം ദിനം’; പ്രതിപക്ഷത്തെ വോട്ടിനിട്ട് തള്ളി; ബിജെപി ഭേദഗതികളോടെ വഖഫ് ബില്ലിന് ജെപിസി അംഗീകാരം
പ്രതിപക്ഷ നിർദേശങ്ങളെല്ലാം തള്ളി വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) അംഗീകാരം. പതിനാല് ഭേദഗതികളാണ് അംഗീകരിച്ചിരിക്കുന്നത്. പ്രതിപക്ഷ അംഗങ്ങൾ നിർദേശിച്ച ഭേദഗതികളെല്ലാം വോട്ടിനിട്ട് തള്ളി. 44 ഭേദഗതികളാണ് ആകെ നിർദേശിച്ചിരുന്നത്. 10 എംപിമാർ പ്രതിപക്ഷ ഭേദഗതികളെ പിന്തുണച്ചപ്പോൾ 16 പേർ വിയോജിച്ചു.
വോട്ടെടുപ്പില്‍ പ്രതിപക്ഷ ഭേദഗതി നിര്‍ദേശങ്ങള്‍ക്കു ഭൂരിപക്ഷം കിട്ടിയില്ലെന്നും ഇതേതുടര്‍ന്ന് നിര്‍ദേശങ്ങള്‍ തള്ളിയതായും ജെപിസി ചെയർമാനും ബിജെപി എംപിയുമായ ജഗദംബിക പാല്‍ പറഞ്ഞു. ബില്ലുമായി ബന്ധപ്പെട്ട് ഇനി യോഗമുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി നിര്‍ദേശിച്ച ഭേദഗതികള്‍ ഉള്‍പ്പെടുത്തിയാകും ജെപിസി ചെയർമാന്‍ സ്പീക്കര്‍ക്ക് റിപ്പോർട്ട് നൽകുക. കഴിഞ്ഞ വർഷം നവംബർ 29 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജെപിസിയോട് ആദ്യം ആവശ്യപ്പെട്ടിരുന്നത്. പിന്നീട് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം സമ്മേളനം അവസാനിക്കുന്ന ഫെബ്രുവരി 13 വരെ സമയപരിധി നീട്ടി നല്‍കുകയായിരുന്നു.
വഖഫ് ബോര്‍ഡുകളുടെ ഭരണരീതിയില്‍ നിരവധി മാറ്റങ്ങളാണ് വഖഫ് ഭേദഗതി ബില്‍ നിര്‍ദേശിക്കുന്നത്. അമുസ്ലിങ്ങളായ രണ്ടുപേരും വനിതകളും ഭരണസമിതിയില്‍ ഉൾപ്പെടുത്തുന്നതടക്കമുള്ള മാറ്റങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. ജനാധിപത്യത്തിൻ്റെ മോശം ദിനമെന്ന് വിശേഷിപ്പിച്ചാണ് ജെപിസി ചെയർമാൻ്റെ നടപടിയെ പ്രതിപക്ഷം വിമർശിച്ചത്.
മുൻകൂട്ടി തീരുമാനിച്ച അജണ്ട നടപ്പാക്കുകയാണ് ചെയർമാൻ ചെയ്തത്. പ്രതിപക്ഷത്തെ ഒന്നും സംസാരിക്കാൻപോലും അനുവദിച്ചില്ല. പ്രതിപക്ഷം നിർദേശിച്ച ഭേദഗതികൾ ഒന്ന് വായിച്ചുനോക്കാൻ പോലും ജെപിസി ചെയർമാൻ തയ്യാറായില്ല. ബിജെപി നിർദേശിച്ച ഭേദഗതികൾ എന്താണെന്ന് പ്രതിപക്ഷത്തെ അറിയിക്കുകയും ചെയ്തില്ല. നിയമങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയാണ് ബില്ലിന് അംഗീകാരം നൽകിയതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here