വഖഫ് ബില്‍ കേരളത്തിൽ ബിജെപി വളര്‍ച്ച വേഗത്തിലാക്കും; ക്രിസംഘികള്‍ ആടിപാടുന്നു; മുനമ്പത്ത് ഇന്ന് 50 പേര്‍ പാർട്ടി അംഗത്വമെടുത്തു

വഖഫ് നിയമഭേദഗതി ബില്‍ പാസാക്കിയത് ആയുധമാക്കി ബിജെപി. പ്രതീക്ഷിച്ചതു പോലെ കേരളത്തില്‍ ഈ വിഷയം ഉന്നയിച്ച് പരമാവധി പേരെ, പ്രത്യേകിച്ച് ക്രൈസ്തവരെ പാര്‍ട്ടിയോട് അടുപ്പിക്കാനുള്ള ശ്രമം തുടങ്ങി. മുനമ്പം ഭൂമി പ്രശ്‌നത്തിൽ ആശങ്കപ്പെട്ടിരിക്കുന്ന ക്രിസ്ത്യാൻ വിഭാഗത്തിൽപെട്ടവരെ പാര്‍ട്ടിയോട് അടുപ്പിക്കാനാണ് ഏറ്റവും പുതിയ നീക്കം. ബില്‍ പാസായതില്‍ ക്രിസംഘികള്‍ ആഘോഷത്തിലാണ്. പരമാവധി പ്രചരണം നടത്തി കൂടുതല്‍ പേരെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനാണ് ശ്രമം.
ബില്‍ ഇരുസഭകളിലും പാസാക്കിയ ശേഷം മുനമ്പത്ത് എത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. 50 പേര്‍ അവിടെ വച്ചുതന്നെ ബിജെപി അംഗത്വമെടുത്തു. ഭൂമി പ്രശ്‌നം നേരിടുന്നവരാണ് ബിജെപിയില്‍ ചേര്‍ന്നത്. മുനമ്പത്തെ ഭൂമിയിൽ വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ച് കിടപ്പാടം നഷ്ടപ്പെട്ടുപോകുമെന്ന സ്ഥിതിയിൽ തുടരുമ്പോൾ തങ്ങള്‍ക്കൊപ്പം നിന്നതിൻ്റെ നന്ദി സൂചകമായാണ് ബിജെപി അംഗത്വം എടുത്തതെന്നാണ് ഇവരുടെ പ്രതികരണം.
മുനമ്പത്ത് റവന്യൂ അവകാശം പുനസ്ഥാപിക്കുന്നതു വരെ സമരത്തിനൊപ്പം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍ കൈയ്യടി നേടുകയും ചെയ്തു. ഇന്നലെ ബില്‍ പാസായപ്പോള്‍ പടക്കം പൊട്ടിച്ചാണ് സമര സമിതി ആഘോഷിച്ചത്. തൃശൂരില്‍ ക്രൈസ്തവ വോട്ടുകള്‍ താമര ചിഹ്നത്തില്‍ വീണതുകൊണ്ടാണ് സുരേഷ് ഗോപി വിജയിച്ചതെന്ന് ബിജെപിക്ക് നന്നായി അറിയാം. അതുകൊണ്ട് തന്നെ സംസ്ഥാന വ്യാപകമായി കൂടുതല്‍ ക്രൈസ്തവരെ ആകര്‍ഷിക്കാനാണ് ശ്രമം.
ക്രൈസ്തവരെ ബിജെപിയോട് അടുപ്പിക്കുന്നതിന്റെ ഭാഗമായി കിട്ടാവുന്ന അവസരമെല്ലാം മുതലെടുക്കാനാണ് തീരുമാനം. മുസ്ലിം വിഭാഗങ്ങളോ സംഘടനകളോ എതിർപക്ഷത്ത് വരുന്ന വിഷയങ്ങളിലെല്ലാം ക്രിസ്കത്യൻ പക്ഷംചേർന്ന് വികാരം ആളിക്കത്തിക്കാൻ ആകുന്നതെല്ലാം ചെയ്യും. അവിടെയെല്ലാം പുതിയ സമരമുഖം തുറക്കും. ബിജെപി നേതാവ് പിസി ജോര്‍ജ് അടക്കമുള്ളവര്‍ ലൗജിഹാദ് അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തി ഇത് നന്നായി ചെയ്യുന്നുമുണ്ട്. ഇത് എത്രകണ്ട് ഫലം ചെയ്യുന്നു എന്നറിയാന്‍ നിയമസഭാ തിരഞ്ഞെടുപ്പു വരെ കാത്തിരിക്കേണ്ടി വരും.
അതേസമയം മുനമ്പത്ത് പടർന്നുപിടിച്ചിരിക്കുന്ന അസ്വസ്ഥത പരമാവധി മുതലെടുക്കാൻ ബിജെപി ഇറങ്ങിത്തിരിക്കുമെന്ന് സർക്കാരിന് നല്ല ധാരണ ഉണ്ടായിരുന്നു എന്നതാണ് വാസ്തവം. പാലക്കാട്ട് ഉതിരഞ്ഞെടുപ്പ് കാലത്ത് തന്നെ വ്യക്തമായ സൂചനകൾ ഇക്കാര്യത്തിൽ ഉണ്ടായി. അന്നത്തെ ചൂടുപിടിച്ച പ്രചാരണത്തിൽ നിന്ന് ഒരുദിവസം അവധിയെടുത്ത് ബിജെപി സ്ഥാനാർത്ഥി മുനമ്പത്ത് എത്തുക പോലുമുണ്ടായി. എന്നിട്ടും വിഷയം പരിഹരിക്കാൻ ആത്മാർത്ഥമായ ശ്രമങ്ങൾ ഒരുവഴിക്കും ഉണ്ടായില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here