ജാതിവിവേചനത്തില്‍ മഹല്ല് കമ്മിറ്റിക്കെതിരെ വഖഫ് ബോര്‍ഡ് നടപടി; ചങ്ങനാശ്ശേരി പുതൂര്‍പള്ളി ജമാഅത്തിന്റെ നടപടി നിയമവിരുദ്ധം

കോട്ടയം: പുതൂര്‍പ്പള്ളി മുസ്ലീം ജമാഅത്തിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ കേരള സംസ്ഥാന വഖഫ് ബോർഡ് തീരുമാനം. മുസ്ലിം സമുദായത്തിലില്ലാത്ത ജാതി വിവേചനവും ബഹിഷ്‌കരണവും മഹല്ല് കമ്മിറ്റി നടത്തിയതായാണ് ആരോപണം. പരമ്പരാഗതമായി മുടിവെട്ടുന്ന ഒസ്സാൻ സമുദായാംഗങ്ങളെയാണ് മഹല്ല് കമ്മിറ്റി പുറത്താക്കിയത്. കേരളത്തിൽ ഒരു പക്ഷേ ഇതാദ്യമായാകാം മുസ്ലിം സമുദായത്തില്‍ ജാതിവിവേചന ആരോപണമുയരുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ഒരു ആരോപണത്തിന്റെ പേരില്‍ ഒരു മഹല്ല് കമ്മിറ്റിക്കെതിരെയുള്ള നിയമനടപടിയും ശ്രദ്ധ പിടിച്ചുപറ്റുകയാണ്.

കഴിഞ്ഞയാഴ്ച കൊച്ചിയിൽ ചേർന്ന ബോർഡ് യോഗം മഹല്ല് കമ്മിറ്റിക്കെതിരെ വഖഫ് നിയമത്തിലെ സെക്ഷൻ 61 പ്രകാരം ക്രിമിനൽ നടപടികൾ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പ്രതികൾക്ക് ആറ് മാസം വരെ തടവും പരമാവധി 10,000 രൂപ പിഴയും ലഭിക്കും. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് ഫയൽ ചെയ്യുക.

മുസ്‌ലീംങ്ങൾക്കിടയിൽ ജാതി വിവേചനം ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല. മത തത്വങ്ങൾക്കും ഭരണഘടനാ വ്യവസ്ഥകൾക്കും എതിരായാണ് മഹല്ല് കമ്മറ്റിയുടെ നടപടിയെന്ന് വഖഫ് ബോര്‍ഡ് ബോർഡ് വിലയിരുത്തി. മഹല്ല് കമ്മിറ്റി അംഗങ്ങളുടെ അവകാശങ്ങള്‍ ലംഘിച്ചതായും വഖഫ് ബോര്‍ഡ് കണ്ടെത്തി.

ഒസ്സാൻ സമുദായത്തിൽപ്പെട്ടവരാണെന്ന് കാണിച്ച് കമ്മിറ്റിയുടെ ജനറൽ ബോഡി യോഗങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് പരാതിക്കാരനായ അനീഷ് സാലി അടക്കമുള്ളവരെ തടഞ്ഞെന്നാണ് മഹല്ല് കമ്മിറ്റിയംഗങ്ങൾക്കെതിരായ കേസ്. സമുദായത്തിലെ 12 അംഗങ്ങൾ വിവേചനത്തിനെതിരെ ബോർഡിനെ സമീപിച്ചിരുന്നു.

2023 ജൂലൈ 2 ന് നടന്ന കമ്മിറ്റിയുടെ ജനറൽ ബോഡി യോഗത്തിൽ സാലി പങ്കെടുത്തിരുന്നു, രജിസ്റ്ററിൽ ഒപ്പും രേഖപ്പെടുത്തിയിരുന്നു. എന്നാൽ, മുൻഗാമികൾ മുടിവെട്ടുന്ന ഒസ്സാന്‍ സമുദായത്തില്‍പ്പെട്ടവരായതിനാൽ യോഗത്തിൽ പങ്കെടുക്കാൻ അവകാശമില്ലെന്ന് മഹല്ല് കമ്മിറ്റി നേതാക്കൾ മുന്നറിയിപ്പ് നൽകി. ഭാവി യോഗങ്ങളിലും പങ്കെടുക്കുന്നത് തടയാൻ കമ്മിറ്റിയുടെ ഉപനിയമത്തിലെ വ്യവസ്ഥകൾ ഇവര്‍ ചൂണ്ടിക്കാട്ടി.

ബഹിഷ്കരണം, വിവാഹ രജിസ്ട്രേഷൻ, ഖബറടക്കം, മദ്രസ വിദ്യാഭ്യാസം, മഹല്ല് അംഗത്വം റദ്ദാക്കൽ എന്നിവയ്ക്കെതിരെ മഹല്ല് കമ്മിറ്റികൾക്ക് ബോർഡ് ഒരു പൊതു സർക്കുലർ നൽകിയിരുന്നു. ഇതാണ് മഹല്ല് കമ്മറ്റി ലംഘിച്ചത്. ഇത്തരം പ്രവൃത്തികൾ ഭരണഘടനയും വഖഫ് നിയമവും ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ബോര്‍ഡ് വ്യക്തമാക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top