വഖഫ് ബോർഡിൽ ‘അമുസ്ലീങ്ങളും സ്ത്രീകളും’; ബില്ലിൻ്റെ പകർപ്പ് എംപിമാർക്ക്; എതിർത്ത് കോൺഗ്രസും ലീഗും

വഖഫ് നിയമ ഭേദഗതിയിൽ അമുസ്ലീംങ്ങളെയും സ്ത്രീകളെയും വഖഫ് കൗണ്‍സിലിലും ബോര്‍ഡുകളിലും ഉൾപ്പെടുത്തും. ബില്ലിന്റെ പകര്‍പ്പ് ലോക്സഭാ എംപിമാര്‍ക്ക് വിതരണം ചെയ്തു. മുസ്ലിം ലീഗും കോണ്‍ഗ്രസും ബില്ലിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി.

11 അംഗ വഖഫ് ബോര്‍ഡില്‍ രണ്ട് പേര്‍ സ്ത്രീകളായിരിക്കും. മുസ്ലിം ഇതര വിഭാഗത്തില്‍ നിന്നും രണ്ടുപേര്‍, എംപിമാര്‍, എംഎല്‍എമാര്‍, ബോർഡ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ബോര്‍ഡില്‍ ഉണ്ടാകണമെന്നാണ് നിര്‍ദേശം. വഖഫ് സ്വത്തുക്കളുടെ ജുഡീഷ്യൽ പരിശോധന, നിർബന്ധിത സ്വത്ത് രജിസ്ട്രേഷൻ, വഖഫ് ബോർഡുകളിൽ സ്ത്രീകളെ ഉൾപ്പെടുത്തൽ എന്നിവയടക്കം 44 ഭേദഗതികൾ ബില്ലിൽ ഉൾപ്പെടുന്നു.

വഖഫ് സ്വത്തുക്കളുടെ വാണിജ്യ ഉപയോഗത്തിൽ നിന്നും ചെലവുകളിൽ നിന്നും വരുമാനം ശേഖരിക്കുന്നതിനുള്ള മുഴുവൻ സംവിധാനവും ഓൺലൈനാക്കും. സ്വത്ത് രജിസ്‌ട്രേഷനായി കേന്ദ്ര പോര്‍ട്ടല്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും ഭേദഗതിയിലുണ്ട്. നിലവിൽ റെയിൽവേയും പ്രതിരോധ മന്ത്രാലയവും കഴിഞ്ഞാൽ ഏറ്റവും അധികം ഭൂസ്വത്തുക്കൾ ഉള്ളതും വഖഫ് ബോർഡിനാണ്. രാജ്യത്തെമ്പാടുമുള്ള 30 ബോർഡുകളുടെ കൈവശം എട്ടു ലക്ഷത്തിലധികം ഏക്കർ സ്വത്തുവകകൾ ഉണ്ടെന്നാണ് കണക്ക്.

വഖഫ് നിയമത്തിന്‍റെ ഉദ്ദേശം തകര്‍ക്കുന്ന ബില്‍ ആണിതെന്ന് മുസ്ലിം ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് എംപി പ്രതികരിച്ചു. ബിൽ യാഥാര്‍ത്ഥ്യമായാല്‍ വഖഫ് സ്വത്തുക്കള്‍ കയ്യേറ്റക്കാര്‍ക്ക് സ്വന്തമാക്കി മാറ്റാന്‍ കഴിയും. സർക്കാർ തന്നെയാവും ഏറ്റവും വലിയ കയ്യേറ്റക്കാരെന്നും അദ്ദേഹം പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് വഖഫ് ബോർഡുകള്‍ക്ക് നല്‍കിയ കൂടുതല്‍ അധികാരം (വഖഫ് നിയമ ഭേദഗതി 2013) എടുത്തുകളയുകയാണ് മോദി സർക്കാറിന്റെ ലക്ഷ്യമെന്ന വിമർശനവും നിർദിഷ്ട ഭേദഗതി ബില്ലിനെതിരെ ഉയരുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top