പ്രേമകുടീരം ചോര്‍ന്നൊലിക്കുന്നു; താജ്മഹലിന്‍റെ ദുരവസ്ഥയില്‍ യോഗി സർക്കാരിന് വിമർശനം
ആഗ്രയിൽ തുടരുന്ന കനത്ത മഴയെ തുടർന്ന് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ താജ്മഹലിൻ്റെ പരിസര പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. സ്മാരകത്തിൻ്റെ പ്രധാന താഴികക്കുടത്തിൽ ചോർച്ചയുണ്ടെന്ന് കണ്ടെത്തിയതായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥിരീകരിച്ചു. കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ലെന്നും അറിയിച്ചു.
താജ്മഹലിൻ്റെ പൂന്തോട്ടമുൾപ്പെടെ കഴിഞ്ഞ ദിവസം വെള്ളത്തിൽ മുങ്ങിയിരുന്നു. തുടർന്ന് ഡ്രോൺ ക്യാമറ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ചോർച്ച കണ്ടെത്തിയത്. തൻ്റെ പ്രിയപ്പെട്ട ഭാര്യ മുംതാസ് മഹലിൻ്റെ ഓർമക്കായി മുഗൾ ചക്രവർത്തിയായ ഷാജഹാൻ നിർമിച്ച ശവകുടീരമാണ് താജ്മഹൽ. സ്മാരകത്തിൻ്റെ മധ്യഭാഗത്ത് മുകളിലുള്ള താഴികക്കുടത്തിനാണ് ചോർച്ചയുണ്ടായിരിക്കുന്നത്. ഇതിന് താഴെയാണ് മുംതാസ് മഹലിന്റെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിട്ടുള്ളത്. തൊട്ടടുത്തു തന്നെ ഷാജഹാന്റെ ഭൗതികാവശിഷ്ടവുമുണ്ട്.
സ്മാരകത്തിലെ പൂന്തോട്ടങ്ങളിലൊന്ന് മഴവെള്ളത്തിൽ മുങ്ങിയതായി കാണിക്കുന്ന 20 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. വിനോദ സഞ്ചാരികളിൽ ഒരാൾ ചിത്രീകരിച്ച ദൃശ്യമാണ് പ്രചരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ആഗ്രയിൽ കനത്ത മഴ തുടരുകയാണ്. ഇത് നഗരത്തിലുടനീളം വെള്ളക്കെട്ടിന് കാരണമായി. പ്രധാന ദേശീയ പാതയും നിരവധി കൃഷിഭൂമികളും വെള്ളത്തിനടിയിലായി.ഉയർന്ന പ്രദേശങ്ങളിലും പോലും വെള്ളം കയറുന്ന അവസ്ഥയാണ് നിലവിലുള്ളത്.
യോഗി ആദിത്യനാഥ് സര്‍ക്കാര്‍ താജ്മഹലിൻ്റെ പരിപാലനത്തിന് ശ്രദ്ധ നൽകുന്നില്ലെന്ന വിമർശനങ്ങള്‍ ശക്തമാകുന്നതിന് ഇടയിലാണ് ചോര്‍ച്ച സ്ഥിരീകരിച്ചിരിക്കുന്നത്. ഇതു ശരിവയ്ക്കുന്ന തരത്തിൽ ഗവൺമെൻ്റ് അംഗീകൃത ഗൈഡ് ആയ മോണിക്ക ശർമയും പ്രതികരിച്ചു. ആഗ്രയുടേയും ഇന്ത്യയുടെ അഭിമാനത്തിൻ്റെ പ്രതീകമാണ് താജ്മഹൽ. ടൂറിസം മേഖലയിൽ നൂറുകണക്കിന് പേർ സ്മാരകത്തെ ആശ്രയിച്ചു ജീവിക്കുന്നുണ്ട്. അവരുടെ ഏക ജീവിതമാർഗമായ സ്മാരകത്തിന് സംസ്ഥാന സർക്കാർ ശരിയായ ശ്രദ്ധ നൽകണമെന്നും മോണിക്ക ആവശ്യപ്പെട്ടു.
1983ല്‍ യുനസ്കോയുടെ ലോക പൈത്യക പട്ടികയിൽ ഇടം നേടിയ താജ്മഹൽ ഏഴ് ലോകാത്ഭുതങ്ങളിൽ ഒന്നാണ്. പേർഷ്യൻ, ഇസ്ലാമിക്, ഇന്ത്യൻ വാസ്തു ശൈലികൾ സമന്വയിപ്പിച്ചാണ് സ്മാരകം നിർമിച്ചിരിക്കുന്നത്. അനശ്വരപ്രണയത്തിൻ്റെ പ്രതീകമായിട്ടാണ് പൂർണമായും മാർബിളിൽ നിർമിച്ചിരിക്കുന്ന താജ്മഹൽ കണക്കാക്കപ്പെടുന്നത്.
ആയിരക്കണക്കിന് കലാകാരന്മാരും ശിൽപികളും ചേർന്ന് 21 വർഷമെടുത്തു പണി പൂർത്തിയാക്കാൻ. 1632 ൽ ആരംഭിച്ച നിർമാണം 1653ലാണ് അവസാനിച്ചത്. 73 മീറ്ററാണ് താജ്മഹലിന്റെ ആകെ ഉയരം. ലോകപ്രശസ്തരായ വാസ്തു ശിൽപികള്‍ താജ്മഹലിന്റെ രൂപകൽപനയില്‍ പങ്കാളികളായിട്ടുണ്ട്. ഉസ്താദ് അഹമ്മദ് ലാഹോറി, ഉസ്താദ് ഈസ എന്നിവരാണ് താജ്മഹലിന്റെ മുഖ്യ ശിൽപികളായി വിലയിരുത്തപ്പെടുന്നത്
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here