മുഖ്യമന്ത്രിയെ തള്ളി റോഷി അഗസ്റ്റിന്‍; പെരിയാറിലെ മത്സ്യക്കുരുതി രാസമാലിന്യം കൊണ്ടെന്ന് നിഗമനം; മുഖ്യമന്ത്രിയുടെ വകുപ്പിന് വിമര്‍ശനവും
പെരിയാറിലേക്ക് വ്യവസായശാലകളില്‍ നിന്ന് രാസമാലിന്യം ഒഴുക്കുന്നില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയെ തിരുത്തി ജലവിഭവ വകുപ്പിന്റെ വെളിപ്പെടുത്തല്‍ നിയമസഭയില്‍. മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയതിന് കാരണം രാസമാലിന്യങ്ങള്‍ തന്നെയാകാം. ഓക്‌സിജന്റെ അളവ് കുറഞ്ഞിട്ടാകാമെന്ന് നിലപാടെടുത്ത മലിനീകരണ നിയന്ത്രണ ബോര്‍ഡ് തന്നെ അക്കാര്യം നിരന്തരം നിരീക്ഷിക്കേണ്ടതാണ്. ഇങ്ങനെ മുഖ്യമന്ത്രിയുടെ കൈവശമുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വീഴ്ചകളും എണ്ണിപ്പറഞ്ഞാണ് ജലവിഭവ വകുപ്പിന്റെ മറുപടി റോഷി അഗസ്റ്റിന്‍ നിയമസഭക്ക് രേഖാമൂലം നല്‍കിയത്.
ഇന്നലെ നിയമസഭയില്‍ ടിജെ വിനോദ് എംഎല്‍എയുടെ സബ്മിഷന് മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ പെരിയാറിന്റെ തീരത്തുനിന്നുള്ള ഫാക്ടറികള്‍ രാസമാലിന്യം ഒഴുക്കിവിട്ടതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ല എന്നാണ് പറഞ്ഞത്. നദിയിലേക്ക് പാഴ്ജലം ശുദ്ധീകരണത്തിന് ശേഷം പുറംതള്ളുന്നതിന് അനുവദിച്ചിട്ടുള്ള 5 വ്യവസായശാലകളില്‍ നിന്നും മലിനജലം പുറന്തള്ളുന്നില്ല. ഏലൂര്‍, എടയാര്‍ ഭാഗത്തുള്ള വ്യവസായ ശാലകളില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പല ദിവസങ്ങളിലും വിശദ പരിശോധന നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതിന് കാരണം ഡിസോള്‍വ്ഡ് ഓക്‌സിജന്റെ അളവ് കുറഞ്ഞതാണ് എന്നാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
എന്നാല്‍ ഈ വാദങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിക്കാതെയാണ് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ഇന്ന് നിയമസഭയില്‍ മറുപടി നല്‍കിയത്. പെരിയാറിന്റെ തീരത്തുള്ള വ്യവസായശാലകളില്‍ നിന്നുള്ള ശുദ്ധീകരിക്കപ്പെടാത്ത രാസമാലിന്യം പുഴയിലേക്ക് ഒഴുക്കിയതാകാം മത്സ്യങ്ങള്‍ ചത്ത് പൊങ്ങാന്‍ കാരണമെന്ന് സംശയിക്കുന്നുണ്ട് എന്നാണ് രേഖാമൂലം നല്‍കിയ മറുപടിയില്‍ പറയുന്നത്. പെരിയാറിന്റെ കൈവഴികളായ മഞ്ഞുമ്മല്‍, പുറപ്പിള്ളിക്കാവ് തുടങ്ങിയ റെഗുലേറ്ററുകളുടെ സമീപം ഇങ്ങനെ മത്സ്യങ്ങള്‍ ചത്തിട്ടില്ല എന്നത് ശ്രദ്ധേയമാണെന്നും മറുപടിയില്‍ പറയുന്നു.
ഇതുകൂടാതെ മത്സ്യങ്ങള്‍ ചത്തതിന് ന്യായമായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിരത്തുന്ന കാര്യങ്ങള്‍ യുക്തിസഹമല്ലെന്നും റോഷി അഗസ്റ്റിന്റെ മറുപടിയിലുണ്ട്. ജലം പരിശോധിച്ച് ഓക്സിജന്റെ അളവ് കുറവാണെങ്കില്‍ മുന്നറിയിപ്പ് നല്‍കാനുള്ള ഉത്തരവാദിത്തം മലിനീകരണ നിയന്ത്രണ ബോര്‍ഡിനുണ്ട്. മെയ് 20ന് പാതാളം റെഗുലേറ്റര്‍ കംബ്രിഡ്ജിന്റെ 13 ഷട്ടറുകളില്‍ മൂന്നെണ്ണം മാത്രമാണ് തുറന്നത്. ഇതിലൂടെ ഒഴുകിയ വെള്ളത്തില്‍ ഓക്‌സിജന്‍ കുറഞ്ഞാലും 15 കിലോമീറ്റര്‍ വരെ മീനുകള്‍ ചാകില്ല. പരമാവധി മൂന്ന് കിലോമീറ്റര്‍ വരെയേ ഇത് ഉണ്ടാകൂ. അതുകൊണ്ട് തന്നെ ഈ ദുരന്തത്തിന് കാരണം വിഷമുള്ള ദ്രാവകം അല്ലെങ്കില്‍ വസ്തുക്കള്‍ കലര്‍ന്നത് തന്നെയാകാമെന്നും റോഷിയുടെ മറുപടിയില്‍ പറയുന്നു.
റെഗുലേറ്റര്‍ തുറന്ന സമയത്തെ അനുകൂല സാഹചര്യം മനസിലാക്കി വ്യവസായ ശാലകള്‍ രാസമാലിന്യം നദിയിലേക്ക് ഒഴുക്കിയിരിക്കാം എന്ന സംശയവും മന്ത്രി മറുപടിയില്‍ പ്രകടിപ്പിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ ഇക്കാര്യങ്ങളില്‍ വ്യക്തയുണ്ടാകൂ എന്നാണ് പറഞ്ഞിരിക്കുന്നത്. അല്ലാതെ മുഖ്യമന്ത്രിയുടെ മട്ടില്‍ അത്ര എളുപ്പത്തില്‍ ഉറപ്പിച്ചൊരു തീരുമാനം പറയാന്‍ പറ്റുന്ന വിഷയമല്ല ഇതെന്ന് തന്നെയാണ് ജലവിഭവവകുപ്പിന്റെ മറുപടിയില്‍ നിന്ന് വ്യക്തമാകുന്നത്. പ്രതിപക്ഷത്ത് നിന്നും കെ ബാബു, മാത്യു കുഴല്‍നാടന്‍, റോജി എം ജോണ്‍, സണ്ണി ജോസഫ് എന്നിവരുടെ ചോദ്യത്തിനാണ് ഈ മറുപടി നല്‍കിയിരിക്കുന്നത്.
ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ നല്‍കിയ മറുപടിയിലും പെരിയാറിലെ രാസമാലിന്യത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നുണ്ട്. അമോണിയയുടേയും സിലിക്കേറ്റിന്റേയും ഉയര്‍ന്ന തോതിലുള്ള സാന്നിധ്യം കണ്ടെത്തിയെന്നാണ് രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വാദങ്ങളെ തള്ളുന്നതാണ് ഫിഷറീസ് മന്ത്രിയുടേയും മറുപടി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here