വെള്ളംകിട്ടാതെ മരിക്കാനൊരുങ്ങിയ കർഷകന് തുണയായി മനുഷ്യാവകാശ കമ്മിഷൻ; 15 ദിവസത്തിനകം വെള്ളമെത്തിക്കുമെന്ന് കലക്ടറുടെ ഉറപ്പ്
തിരുവനന്തപുരം: കൃഷിക്കാവശ്യമായ വെള്ളം ലഭിക്കാതെ ജീവനൊടുക്കാന്‍ ശ്രമിച്ച കോട്ടയത്തെ കര്‍ഷകന് വെള്ളമെത്തിക്കാന്‍ നടപടിയായി. എൻ.ജി.ബിജുമോന് ക്യഷിക്കാവശ്യമായ വെള്ളം ലഭിക്കാൻ നടപടി സ്വീകരിച്ചതായി കോട്ടയം ജില്ലാ കലക്ടർ മനുഷ്യവകാശ കമ്മീഷനെ അറിയിച്ചു.
എട്ട് വര്‍ഷമായുള്ള തര്‍ക്കത്തിനാണ് പരിഹാരമാകുന്നത്. കര്‍ഷകന്റെ പരാതി 15 ദിവസത്തിനകം പരിഹരിക്കണമെന്ന് ജില്ലാ കലക്ടർ തിരുവാർപ്പ് കൃഷി ഓഫീസർക്കും പഞ്ചായത്ത് സെക്രട്ടറിക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തില്‍ കമ്മിഷൻ ആക്റ്റിങ് ചെയർ പേഴ്സണ്‍ കെ.ബൈജുനാഥാണ് കേസ് രജിസ്റ്റർചെയ്തത്.
കൂവപ്പുറം പാടശേഖരത്തിലുള്ള കൃഷിയിടത്തില്‍ വെള്ളം ലഭിക്കാന്‍ ബിജുമോൻ സ്വയം ഒരു കനാല്‍ പണിതു. എന്നാലിത് തൊട്ടടുത്തുള്ള നിലം ഉടമകൾ അടച്ചതോടെയാണ് നീരൊഴുക്ക് തടസപ്പെട്ടത്. തര്‍ക്കം കോടതിയിലെത്തിയപ്പോള്‍ വിധി ബിജുമോന് എതിരായി. തുടർന്ന് തിരുവാർപ്പ് പഞ്ചായത്തിലും കൃഷി വകുപ്പിലും ബിജുമോൻ പരാതി നൽകി.
പരാതി പരിഹരിക്കാന്‍ പഞ്ചായത്ത് ശ്രമിച്ചെങ്കിലും തീര്‍പ്പായില്ല. കഴിഞ്ഞ ഓഗസ്റ്റ് 3ന് പഞ്ചായത്തിലെത്തി ബിജുമോൻ ആത്മഹത്യാ ഭീഷണി മുഴക്കി. തുടർന്ന് ചര്‍ച്ച നടന്നിരുന്നു. ക്യഷിവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് കർഷകന് അനുകൂല റിപ്പോര്‍ട്ടാണ് നല്‍കിയത്. ജില്ലാ കലക്ടറുടെ ഇടപെടലിൻെറ അടിസ്ഥാനത്തിൽ കമ്മിഷൻ കേസ് തീർപ്പാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here