വയനാട്ടില്‍ എല്‍ഡിഎഫിന് വന്‍വോട്ടുചോര്‍ച്ച; നഷ്ടമായത് എഴുപതിനായിരത്തില്‍ അധികം വോട്ടുകള്‍
വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ വോട്ടുചോര്‍ച്ച. എഴുപതിനായിരത്തില്‍ അധികം വോട്ടുകളാണ് ഇടതുമുന്നണിക്ക് കുറഞ്ഞത്. യുഡിഎഫ് വോട്ടുകള്‍ പോള്‍ ചെയ്യിച്ചെന്നും എല്‍ഡിഎഫ് അണികള്‍ എത്തിയില്ലെന്നും പോളിങ് ദിനത്തില്‍ യുഡിഎഫ് നേതാക്കള്‍ പറഞ്ഞിരുന്നു. ഇതാണ് വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ ശരിയായി വന്നത്. വയനാട് പോളിങ് ശതമാനം കുറഞ്ഞത് പ്രിയങ്കയുടെ ഭൂരിപക്ഷത്തെ ബാധിച്ചില്ല. അറുപത് ശതമാനം പോളിങ് ആയിട്ടും പ്രിയങ്കക്ക് നാലുലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചിട്ടുണ്ട്. യുഡിഎഫ് വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടു എന്നും ഇതോടെ തെളിഞ്ഞു.
വയനാട് എല്‍ഡിഎഫ് കളത്തിലിറക്കിയത് മുതിര്‍ന്ന നേതാവ് സത്യന്‍ മൊകേരിയെയാണ്. സത്യന്‍ മോകേരിക്ക് ലഭിച്ചത് 2,09,906 വോട്ടുകളാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഐയുടെ ആനി രാജയായിരുന്നു ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. 283023 വോട്ടുകളാണ് ആനി രാജ നേടിയത്. എന്നാല്‍ എഴുപതിനായിരത്തിലധികം വോട്ടുകളാണ് ഇക്കുറി മൊകേരിക്ക് നഷ്ടമായത്. രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പോയ വോട്ടുകള്‍ ആനിരാജ തിരിച്ചുപിടിച്ചുവെന്ന് സിപിഐ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇക്കുറി ഫലം വന്നപ്പോള്‍ അത് സിപിഐക്ക് വന്‍തിരിച്ചടിയായി.
വോട്ടുകള്‍ കുറഞ്ഞത് ഇടതുമുന്നണി പരിശോധിക്കട്ടെ എന്നാണ് സത്യന്‍ മൊകേരി പ്രതികരിച്ചത്. വയനാട് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണം സിപിഐക്ക് ഒറ്റയ്ക്ക് നടത്തേണ്ടി വന്നുവെന്ന ആക്ഷേപം പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ മുന്‍പേ തന്നെ നിലനില്‍ക്കുന്നുണ്ട്. അതിനിടയിലാണ് വോട്ടുചോര്‍ച്ചയുടെ വന്‍ കണക്കുകള്‍ വെളിച്ചത്ത് വരുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here