കന്നിയങ്കത്തിന് പ്രിയങ്ക; വയനാട്ടില്‍ പത്രിക സമര്‍പ്പിച്ചു; സാക്ഷിയായി റോബര്‍ട്ട് വാധ്‌രയും മകനും
വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വാധ്‌രയും, മകന്‍ റെയ്ഹാന്‍ വാധ്‌രയും, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ തുടങ്ങിയവര്‍ പ്രിയങ്കയ്‌ക്കൊപ്പമുണ്ടായിരുന്നു.
പത്രികാ സമര്‍പ്പണ സമയത്ത് അഞ്ച് പേര്‍ക്കാണ് കളക്ടറുടെ ചേംബറിലേക്ക് പ്രവേശനം. അതിനാല്‍ മകനും ഭർത്താവിനും ഒപ്പം ആദ്യ സെറ്റ് പത്രിക നൽകി. പിന്നീട് സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖാര്‍ഗെയും രാഹുൽ ഗാന്ധിക്കും ഒപ്പം എത്തിയാണ് രണ്ടാം സെറ്റ് പത്രിക സമർപ്പിച്ചത്.
വയനാടിനെ ഇളക്കിമറിച്ച റോഡ് ഷോയ്ക്ക് ശേഷമാണ് പ്രിയങ്ക പത്രിക നല്‍കിയത്. ജനക്കൂട്ടം ഇരമ്പിയെത്തിയ റോഡ് ഷോയാണ് വയനാട് കണ്ടത്. പൂക്കൾ വിതറിയാണ് പ്രിയങ്കയെ പ്രവർത്തകർ സ്വീകരിച്ചത്. “ആദ്യമായാണ് എനിക്ക് വേണ്ടി പ്രചാരണം നടത്തുന്നത്. ഖർഗെയോടും കോൺഗ്രസിനോടും നന്ദി പറയുന്നു. ചൂരൽമലയും മുണ്ടക്കെയും സന്ദർശിച്ചു. എല്ലാം നഷ്ടമായവരെ കണ്ടു. എല്ലാവരും പരസ്പരം പിന്തുണ നൽകി. വയനാട്ടുകാരുടെ ധൈര്യം ആഴത്തിൽ സ്പർശിച്ചു. വയനാട് കുടുംബത്തിന്റെ ഭാഗമാകാൻ സാധിക്കുന്നത് ഭാഗ്യവും ആദരവുമാണ്.” – പ്രിയങ്ക പറഞ്ഞു.
പ്രിയങ്കയും സോണിയയും ഇന്നലെ വൈകുന്നേരം വയനാട്ടിലെത്തിയിരുന്നു. ഇന്ന് രാവിലെയാണ് രാഹുല്‍ എത്തിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here