കേരളം ഇന്ത്യയിലാണ് എന്ന് ഓര്‍മ്മിപ്പിക്കേണ്ട സാഹചര്യം; ദുരന്ത സഹായ നിഷേധം കടുത്ത വിവേചനം; വിമര്‍ശനവുമായി മന്ത്രി ബാലഗോപാല്‍

വയനാട് ദുരന്തത്തിന്റെ ഇരകളുടെ പുനരധിവാസം ഉറപ്പാക്കാനുളള കേരളത്തിന്റെ സഹായ അഭ്യര്‍ത്ഥന നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി നീതികരണമില്ലാത്ത കടുത്ത വിവേചനമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കേരളം ഇന്ത്യയിലാണെന്ന് കേന്ദ്രസര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കേണ്ട സാഹചര്യമാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. മലയാളികളോട് ഇത്ര വൈരാഗ്യം പുലര്‍ത്താൻ എന്തു തെറ്റാണ് ചെയ്തിട്ടുള്ളതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വയനാട് ദുരന്ത ബാധതിരുടെ കണ്ണീരൊപ്പാന്‍ കാലണ പോലും നല്‍കില്ലെന്ന കേന്ദ്ര നിലപാട് മലയാളികളോടുള്ള കൊടിയ അനീതിയാണ്. തങ്ങള്‍ക്ക് എന്ത് ധിക്കാരവും ഈ രാജ്യത്ത് കാണിക്കാമെന്ന അഹന്ത കലര്‍ന്ന സമീപനമാണ് സ്വീകരിക്കുന്നത്. വയനാടുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറിയ ദുരന്തങ്ങള്‍ നടന്ന സംസ്ഥാനങ്ങള്‍ക്ക് പോലും വലിയ തുകകള്‍ അനുവദിച്ചു നല്‍കിയപ്പോള്‍ കേരളത്തിന് കേന്ദ്രം നല്‍കിയത് വട്ടപ്പൂജ്യമാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ല.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്റെ ഫെഡറല്‍ മൂല്യങ്ങളെ കാറ്റില്‍പ്പറത്തുകയാണ്. രാഷ്ട്രീയമായി തങ്ങളുടെ എതിര്‍ ചേരിയിലുള്ള സംസ്ഥാന ഗവണ്‍മെന്റുകളോട് യാതൊരുതരത്തിലും നീതീകരിക്കാനാകാത്ത വിവേചനം കാണിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.
ഏറ്റവും കൊടിയ വിവേചനം നേരിടുന്ന സംസ്ഥാനം കേരളമാണ്. രാഷ്ട്രീയമായും സാമ്പത്തികമായും കേരളത്തെ ശ്വാസംമുട്ടിക്കുക എന്ന നയം കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്‍പ്പെടെ പിരിച്ചെടുക്കുന്ന നികുതിയുടെ അര്‍ഹതപ്പെട്ട വിഹിതം നമുക്ക് തിരികെ ലഭ്യമാക്കുന്നില്ല. നമുക്ക് ന്യായമായും ലഭിക്കേണ്ട പങ്ക് നിഷേധിക്കുന്നു. ഇത് കേരളത്തിന്റെ വികസനത്തെ സാരമായി ബാധിക്കുന്നതാണ്. ഒരു നാട് ഒന്നിച്ച് ഈ അനീതിക്കെതിരെ കേരളം ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണം എന്നും മന്ത്രി ആവശ്യപ്പെട്ടു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here