വയനാട്ടിലെ ദുരന്ത ബാധിതര്‍ക്ക് ഇല്ലെങ്കിലും മന്ത്രിക്കുണ്ട് സര്‍ക്കാര്‍ കരുതല്‍; കേളുവിന്റെ ഔദ്യോഗിക വസതി നവീകരിക്കാന്‍ 87 ലക്ഷം
കേന്ദ്രസര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ എല്‍ഡിഎഫ് -യുഡിഎഫ് ഹര്‍ത്താല്‍ വയനാട് പുരോഗമിക്കുന്നതിനിടെയാണ് ജില്ലയില്‍ നിന്നുള്ള മന്ത്രിയുടെ ഔദ്യോഗിക വസതിക്കായി ലക്ഷങ്ങള്‍ ചിലവഴിക്കുന്നതിന്റെ വിവരങ്ങളും പുറത്തു വരുന്നത്. മന്ത്രി ഒആര്‍ കേളുവിന്റെ ഔദ്യോഗിക വസതി നവീകരിക്കാന്‍ 87 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി ഉത്തരവ് ഇറങ്ങി. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറയുമ്പോഴും മന്ത്രി മന്ദിരങ്ങള്‍ക്കായി ലക്ഷങ്ങള്‍ ചിലവഴിക്കുകയാണ് എന്ന വിമര്‍ശനവും ഉയരുന്നുണ്ട്. നവീകരണത്തിനും സുരക്ഷാ സംവിധാനവും ഒരുക്കാനുമാണ് ഇത്രയും തുക ചിലവഴിക്കുന്നത്.
കേളുവിന്റെ ഔദ്യോഗിക വസതിയായ എസെന്റെയ്ന്‍ ബംഗ്ലാവിന്റെ നവീകരണത്തിനാണ് പണം അനുവദിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ നല്‍കിയ കണക്കിന്റെ അടിസ്ഥാനത്തിലാണ് നവീകരണ തുക നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ എസ്റ്റിമേറ്റില്‍ നിര്‍മാണത്തൊഴിലാളികള്‍ക്കുള്ള വേതനം കൂടുതലാണെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.
ഫര്‍ണിച്ചറുകള്‍ ആഞ്ഞിലിയും സെക്കന്റ് ക്ലാസ് തേക്കും ഉപയോഗിക്കണമെന്നും ഇക്കാര്യം ഉപയോഗത്തിന് മുമ്പ് പരിശോധിച്ചുറപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പെയിന്റിങിന്റെ കാര്യത്തിലും ഗുണമേന്‍മ ഉറപ്പാക്കണമെന്നും കൂട്ടിച്ചേര്‍ത്താണ് കെ. ബിജു ഐഎഎസ് ഉത്തരിവിറക്കിയിരിക്കുന്നത്. ഏറെ പഴക്കം ചെന്നതാണ് എസെന്റെയ്ന്‍ ബംഗ്ലാവ്. ഓരോ മന്ത്രിമാര്‍ വരുമ്പോഴും ഇത്തരത്തില്‍ ലക്ഷങ്ങളാണ് ഇവിടെ ചിലവഴിക്കുന്നത്. ഈ ചിലവഴിക്കുന്ന ലക്ഷങ്ങള്‍ ഉപയോഗിച്ച് ഇവിടെ പുതിയൊരു മന്ത്രി മന്ദിരം പണിതുകൂടെ എന്ന ചോദ്യവും ഉയരുന്നുണ്ട്. നവീകരണം നടത്തുന്നതിലൂടെ ലഭിക്കുന്ന ചില്ലറകളില്‍ കണ്ണുവച്ചുളള ചില ഉദ്യോഗസ്ഥാരാണ് പുതിയ നിര്‍മ്മാണത്തിന് തടസം നില്‍ക്കുന്നതെന്നും ആരോപണമുണ്ട്.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിനായി ഒന്നും ചെയ്യാത്ത സര്‍ക്കാര്‍ അവിടെ നിന്നുള്ള മന്ത്രിയുടെ കാര്യത്തില്‍ വലിയ കരുതലാണ് കാണിക്കുന്നത്. 600 കോടിയിലധികം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ലഭിച്ചിട്ടുണ്ട്. ഇതില്‍ ഒരു രൂപ പോലും ഇതുവരെ ചിലവാക്കിയിട്ടില്ല. കേന്ദ്ര സഹായം വൈകുന്നത് ചൂണ്ടി കാണിച്ച് സംസ്ഥാന സര്‍ക്കാരും നിശ്ചലമായി ഇരിക്കുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here