വയനാട്ടിലെ പുഴുവരിച്ച ഭക്ഷ്യക്കിറ്റില്‍ വിജിലന്‍സ് അന്വേഷണം; ഉത്തരവിട്ട് മുഖ്യമന്ത്രി

വയനാട് മേപ്പാടി ഗ്രാമപഞ്ചായത്ത് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം. മുഖ്യമന്ത്രി പിണറായി വിജയനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കുറിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് പഞ്ചായത്തില്‍ നിന്ന് ലഭിച്ച ഭക്ഷ്യവസ്തുക്കളിലാണ് പുഴുക്കള്‍ കണ്ടെത്തയത്. വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ ലഭ്യമായ ഭക്ഷ്യധാന്യങ്ങള്‍ ഏതെങ്കിലും തരത്തില്‍ മാറ്റിയോ എന്നിങ്ങനെയുള്ള കാര്യങ്ങളും അന്വേഷണ വിധേയമാക്കും. പ്രാഥമിക അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
മേപ്പാടി പഞ്ചായത്തിലെ 19-ാം വാര്‍ഡില്‍ താല്‍ക്കാലികമായി പുനരധിവസിപ്പിച്ച മൂന്ന് കുടുംബങ്ങള്‍ക്ക് ബുധനാഴ്ച വിതരണം ചെയ്ത കിറ്റിലാണ് പുഴുവരിച്ച് സാധനങ്ങള്‍ ഉണ്ടായിരുന്നത്. സംഭവം വലിയ രാഷ്ട്രീയ വിവാദമായിരിക്കുകയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തിനെതിരെ ഇടത് യുവജന സംഘടനകള്‍ പ്രതിശഷേധത്തിലാണ്. സര്‍ക്കാര്‍ നല്‍കിയ കിറ്റാണ് വിതരണം ചെയ്തത് എന്നാണ് പഞ്ചായത്തിന്റെ നിലപാട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here