കസേരയിലിരുന്നും കെട്ടിപ്പിടിച്ച് കിടക്കുന്ന നിലയിലും മൃതദേഹങ്ങൾ; നടക്കുന്നത് ശരീരങ്ങൾക്ക് മേലെയോ എന്ന ആശങ്കയിൽ രക്ഷാപ്രവർത്തകർ

ഒറ്റരാത്രി കൊണ്ട് നൂറുകണക്കിന് ആളുകളുടെ ജീവൻ നഷ്ടമായ വയനാട്ടിലെ ദുരന്ത ഭൂമിയിൽ നിന്നും രക്ഷാപ്രവർത്തകർക്ക് പറയാനുള്ളത് ഹൃദയം നുറുക്കുന്ന വാർത്തകൾ. ചൂരൽമലയിലെ തകർന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍നിന്നും പിഞ്ചുകുഞ്ഞിൻ്റെ അടക്കം മൃതദേഹങ്ങള്‍ ഇന്ന് കണ്ടെത്തിയിരുന്നു. കനത്ത മഴക്കിടയിൽ എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയും മുമ്പേ പലരുടെയും ജീവൻ നഷ്ടപ്പെട്ടതായി മൃതദേഹങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

കസേരയിൽ ഇരിക്കുന്ന നിലയിലും, കെട്ടിപ്പുണർന്ന് കിടക്കുന്ന നിലയിലുമൊക്കെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. മുണ്ടക്കൈ ഗ്രാമത്തെ ഒന്നാകെയാണ് ഉരുൾപൊട്ടൽ തുടച്ചു മാറ്റിയിരിക്കുന്നത്. കേസരയിൽ ഇരിക്കുന്ന നിലയിൽ മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കുട്ടികളടക്കം മൂന്നും നാലും പേർ കട്ടിലിൽ കെട്ടിപ്പിടിച്ചു കിടക്കുന്ന കാഴ്ച രക്ഷാപ്രവർത്തകരുടെ മനസിൽ മരവിപ്പാണ് ഉണ്ടാക്കുന്നത്.

അപകടം തിരിച്ചറിഞ്ഞ് പുറത്തേക്ക് ഓടാൻ ശ്രമിക്കുന്നതിനിടയിൽ മരിച്ചവരും നിരവധിയാണ്. മണ്ണിനടിയിൽ നിന്നും ശരീരഭാഗങ്ങൾ മാത്രവും ലഭിക്കുന്നുണ്ട്. മനുഷ്യ ശരീരത്തിന് മുകളിലൂടെയാണോ നടക്കുന്നത് എന്ന് പോലും മനസിലാകാത്ത അവസ്ഥയാണ് രക്ഷാപ്രവർത്തകർ ദുരന്തഭൂമിയിൽ നേരിടുന്നത്.

തകർന്ന കെട്ടിടങ്ങൾക്ക് ഇടയിലും പാറകൾക്കടിയിലും ദുരന്തശേഷം അടിഞ്ഞ ചെളിക്കടിയിൽ നിന്നും മൃതദേഹങ്ങൾ കണ്ടെടുക്കുന്ന പ്രവൃത്തി ദുഷ്ക്കരമാണെന്ന് രക്ഷാദൗത്യസംഘം പറയുന്നു. ജെസിബിയോ മറ്റ് യന്ത്രസാമഗ്രികളോ അവിടേക്ക് എത്തിക്കാൻ കഴിയാത്തതാണ് തിരിച്ചടിയാവുന്നത്. അതിനാല്‍ ഡോഗ് സ്ക്വാഡിൻ്റെ സഹായത്തോടെയാണ് കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top