ഉരുള്‍പൊട്ടലില്‍ വിറച്ച് വയനാട്; ഒരു വയസുകാരിയടക്കം ഏഴുപേർ മരിച്ചു; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം
വയനാട് രണ്ട് ഇടങ്ങളില്‍ വന്‍ ഉരുള്‍പൊട്ടല്‍. മേപ്പാടി മുണ്ടക്കൈയിലും ചൂരല്‍മലയിലുമാണ് പുലർച്ചെ ഒരു മണിക്കും നാലുമണിക്കും ഇടയില്‍ നിരവധി തവണ ഉരുല്‍പൊട്ടല്‍ ഉണ്ടായത്. കനത്ത മഴയ്ക്കിടെയാണ് മുണ്ടക്കൈ ടൗണ്ടില്‍ ആദ്യം ഉരുള്‍പൊട്ടലുണ്ടായത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് ചൂരല്‍മല സ്‌കൂളിനു സമീപം രണ്ടാമത് ഉരുള്‍പൊട്ടലുണ്ടായത്. മൂന്നിലധികം ഉരുൾപൊട്ടല്‍ ഉണ്ടായി എന്നാണ് വിവരം. ഏഴു പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരില്‍ ഒരു വയസായ കുഞ്ഞുമുണ്ട്.
രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമാണ്. മേഖലയില്‍ നാനൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടതായാണ് വിവരം. പ്രദേശത്തെ പ്രധാന റോഡും ചൂരല്‍മല ടൗണിലെ പാലവും തകര്‍ന്നതോടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് സ്ഥലത്ത് എത്താന്‍ പോലും കഴിഞ്ഞിട്ടില്ല, ചൂരല്‍മലയോട് ചേര്‍ന്ന പ്രദേശത്ത് മാത്രമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിഞ്ഞത്. പ്രദേശത്ത് എത്തിയാല്‍ മാത്രമേ ദുരന്തം എത്രത്തോളം വലുതാണെന്ന് അറിയാന്‍ കഴിയുകയൂള്ളൂ.
ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് മേധാവി, ടി സിദ്ദിഖ് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുകയാണ്. ഫയര്‍ഫോഴ്‌സ്, എന്‍ഡിആര്‍എഫ് ടീം സ്ഥലത്തെത്തിയിട്ടുണ്ട്. രണ്ട് ഹെലികോപ്റ്ററുകള്‍ ഉടന്‍ എത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. സാധ്യമായ എല്ലാ രക്ഷാ പ്രവര്‍ത്തനവും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിമാരോട് വയനാട്ടിലെത്താനും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here