വയനാട് പുനരധിവാസം നീളാന്‍ കാരണം സംസ്ഥാന സര്‍ക്കാര്‍ തന്നെ; സിദ്ധരാമയ്യയുടെ കത്തും നാണക്കേട്; പിണറായി മറുപടി പറയണം
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാഗ്ദാനത്തോട് കേരളം പ്രതികരിക്കാത്തതില്‍ ഉയരുന്നത് വലിയ വിമര്‍ശനം. കേരള സര്‍ക്കാരില്‍ നിന്ന് ഇതുവരെയും മറുപടി ലഭിച്ചില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കത്ത് സംസ്ഥാന സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ പിടിപ്പുകേടിന്റെ ഉത്തമ ഉദാഹരണമായാണ് വിലയിരുത്തപ്പെടുന്നത്. പുനരധിവാസ പദ്ധതിയുടെ ഭാഗമായി 100 വീടുകള്‍ വെച്ച് നല്‍കാമെന്നായിരുന്നു കര്‍ണാടകയുടെ വാഗാദാനം.
ഈ വര്‍ഷം ഓഗസ്റ്റ് മൂന്നിന് വയനാട്ടില്‍ സന്ദര്‍ശനം നടത്തിയ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കേരളത്തിനായി അയല്‍സംസ്ഥാനത്തിന്റെ കൈത്താങ്ങായി മുണ്ടക്കൈ – ചൂരല്‍മല ദുരിതബാധിതര്‍ക്ക് നൂറ് വീടുകള്‍ വച്ച് നല്‍കാമെന്ന് പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം കര്‍ണാടക ചീഫ്‌സെക്രട്ടറി ഡോ. ശാലിനി രജനീഷ് കേരള ചീഫ് സെക്രട്ടറിയെ രേഖാമൂലം അറിയിക്കുകയും ചെയ്തു. എന്നാല്‍, പിന്നീടങ്ങോട്ട് ഈ പ്രഖ്യാപനത്തില്‍ അടയിരുന്ന പിണറായി സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാന്‍ ഒരു മുന്‍കൈയുമെടുത്തില്ല. അതുകൊണ്ട് തന്നെയാണ് സിദ്ധരാമയ്യ വീണ്ടും കേരളത്തിന് കത്തെഴുതേണ്ട സാഹചര്യം ഉണ്ടായത്.
പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രം ഒന്നും തരുന്നില്ലെന്ന് മുറവിളി കൂട്ടുമ്പോഴാണ് അയല്‍ സംസ്ഥാനം നല്കിയ വാഗ്ദാനം സ്വീകരിക്കാന്‍ പോലും നടപടി സ്വീകരിക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ ഉദാസീന നയസമീപനം. സമാനമായ വാഗ്ദാനം തെലങ്കാന സര്‍ക്കാരും നടത്തിയിട്ടുണ്ട്. ജൂലൈ 30ന് അര്‍ദ്ധരാത്രിയാണ് ചൂരല്‍മല , മുണ്ടക്കൈ , പുഞ്ചിരിമട്ടം തുടങ്ങിയ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായത്. ദുരന്തം നടന്നിട്ട് ഏതാണ്ട് 140 ദിവസം കഴിഞ്ഞിട്ടും പുനരധിവാസത്തെക്കുറിച്ച് കേരള സര്‍ക്കാരിന് ഒരു പ്ലാനും പദ്ധതിയുമില്ലെന്ന അവസ്ഥയാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.
കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത വാടക പോലും കൃത്യമായി കൊടുക്കുന്നില്ല. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് പ്രതിദിന ബത്തയായി വാഗ്ദാനം ചെയ്തിരുന്ന 300 രൂപ പോലും മുടക്കമില്ലാതെ കൊടുക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ദുരിത ബാധിതരെ പുനരധിവസിപ്പിക്കേണ്ട പദ്ധതികള്‍ക്കൊന്നും ഒരു രൂപരേഖ പോലും തയ്യാറായിട്ടില്ല. സന്നദ്ധ സംഘടനകള്‍, മത- സാമുദായിക സംഘടനകള്‍, രാഷ്ടീയ സംഘടനകള്‍ തുടങ്ങി നിരവധി പേരാണ് വീടുവെച്ച് നല്‍കാന്‍ സര്‍ക്കാരിനെ സന്നദ്ധത അറിയിച്ചത്. അതിലൊന്നും ഒരു നടപടിയും ഉണ്ടാവുന്നില്ല. നാല് മാസം കഴിഞ്ഞിട്ടും വീടുകള്‍ നിര്‍മ്മിക്കാനുള്ള സ്ഥലം ഏറ്റെടുക്കാനുള്ള ഒരു നടപടിക്രമവും ഇതുവരെ പൂര്‍ത്തിയായില്ല.
ഈ അവസ്ഥയിലാണ് പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ പോക്കെങ്കില്‍ അടുത്ത രണ്ട് വര്‍ഷം കഴിഞ്ഞാലും വയനാട്ടിലെ ദുരിതബാധിതരുടെ കഷ്ടപ്പാടിന് അറുതി ഉണ്ടാവുന്ന ഒരു ലക്ഷണവും കാണുന്നില്ല. ആറു വര്‍ഷം കഴിഞ്ഞിട്ടും 2018ലെ പ്രളയകാലത്ത് ആരംഭിച്ച റീ- ബില്‍ഡ് കേരളയുടെ ഭാഗമായുള്ള പദ്ധതികളില്‍ 40 ശതമാനം പോലും ഇതുവരെ ലക്ഷ്യം കണ്ടിട്ടില്ല.പുനരധിവാസത്തെക്കുറിച്ചുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്ഥിരം കുറെ ബഡായി പറച്ചിലുകളും പിആര്‍ പ്രൊമോഷനുകളും മാത്രമാണ് മുറ പോലെ നടക്കുന്നത്. ഒപ്പം കേന്ദ്രം ഒന്നും തന്നില്ലെന്ന് മുറവിളിയും.
കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി ) ഓര്‍ത്തഡോക്‌സ് സഭ, മുസ്ലീം ലീഗ്, ഡിവൈഎഫ്ഐ തുടങ്ങിയ സംഘടനകളും കര്‍ണാടക, തെലങ്കാന സര്‍ക്കാരുകളും രാഹുല്‍ ഗാന്ധി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവരും വീട് നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇതിനും പുറമേ വ്യക്തികളും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും ദുരിത ബാധിതര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാനുള്ള സമ്മതം സര്‍ക്കാരിനെ അറിയിച്ചിട്ട് മാസങ്ങളായി. സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്കാന്‍ വൈകുന്തോറും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനും വൈകുമെന്നുറപ്പാണ്. കര്‍ണാടക മുഖ്യമന്ത്രിയുടെ കത്തിന് മറുപടി പോലും നല്‍കിയില്ലാ എന്നത് പിണറായി സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയ്ക്ക് മേല്‍ കളങ്കം ചാര്‍ത്തുന്ന സംഭവമാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here