18 രക്ഷാപ്രവർത്തകർ നിലമ്പൂര്‍ വനത്തിൽ കുടുങ്ങി; പുറത്തെത്തിക്കാന്‍ ശ്രമം

വയനാട് ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടി തിരച്ചിൽ നടത്തുന്ന രക്ഷാപ്രവർത്തകർ വനത്തിൽ കുടുങ്ങി. നിലമ്പൂര്‍ ചാലിയാറിൽ തിരച്ചിലിന് പോയ എമർജൻസി റെസ്ക്യു ഫോഴ്സിലെ 14 പേരും ടീം വെൽഫെയർ പ്രവർത്തകരായ നാലു പേരുമാണ് കുടുങ്ങിയത്. സൂചിപ്പാറക്കും കാന്തപ്പാറക്കും താഴെയുള്ള പ്രദേശത്താണ് സംഭവം.

നിലമ്പൂരിലെ മുണ്ടേരി കഴിഞ്ഞുള്ള പ്രദേശമാണിത്. രാത്രിയിൽ എയര്‍ ലിഫ്റ്റിംഗ് സാധ്യമല്ലാത്തതിനാൽ തണ്ടർബോൾട്ട് സംഘമെത്തി ഇവരെ വയനാട് ഭാഗത്ത് എത്തിക്കാനുള്ള ശ്രമത്തിലാണ്. ഉടന്‍ ഇവരെ പുറത്തെത്തിക്കാന്‍ കഴിയുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം നടന്ന തിരച്ചിലിനിടെ രക്ഷാപ്രവർത്തകർ സൂചിപ്പാറ വെള്ളച്ചാട്ടത്തിനരിൽ കുടുങ്ങിയിരുന്നു. മലപ്പുറം സ്വദേശികളായ സ്വാലിം, മുഹ്സിൻ, മുണ്ടേരി സ്വദേശി റഹീസ് എന്നിവരെ വ്യോമസേനയും അഗ്നിശമനസേനയും ചേർന്നാണ് രക്ഷപ്പെടുത്തിയത്.

വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഇനിയും കണ്ടെത്താനുള്ളത് 180 പേരെയാണ്. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 370 ആയി. ചാലിയാറിൽ നടത്തിയ തിരച്ചിലിൽ ഇതുവരെ 74 മൃതദേഹങ്ങളും 133 ശരീര ഭാഗങ്ങളുമാണ് ലഭിച്ചത്. ചാലിയാര്‍ പുഴയോട് ചേര്‍ന്ന വനമേഖല കേന്ദ്രീകരിച്ചാണ് ഇന്ന് തിരച്ചിൽ നടത്തിയത്. വനം വകുപ്പിൻ്റെ നേതൃത്വത്തിലുള്ള സംയുക്ത സംഘമാണ് ദൗത്യത്തിൽ പങ്കെടുത്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top