മഴ തുടർന്നാൽ വീണ്ടും മണ്ണിടിയാൻ സാധ്യത; ഇന്നത്തെ തിരച്ചിൽ നിർത്തി; മുണ്ടക്കൈ ദുരന്തത്തില്‍ മരണം 365

വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള അഞ്ചാം ദിവസത്തെ തിരച്ചിൽ അവസാനിപ്പിച്ചു. മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിലെ തിരച്ചിൽ അതീവ ദുഷ്കരമായി തുടരുകയാണെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. നാലു മൃതദേഹങ്ങളാണ് ഇവിടെ നിന്നും ഇന്ന് കണ്ടെത്തിയത്. ചാലിയാറിൽ നിന്നും12 മൃതദേഹങ്ങളും ലഭിച്ചു. അഞ്ചാം ദിനം ആരെയും ജീവനോടെ കണ്ടെത്താനായിട്ടില്ല. പ്രതികൂല കാലാവസ്ഥയെ തുടർന്ന് നിർത്തിവെച്ച ദൗത്യം നാളെ രാവിലെ 7 മണിക്ക് പുനരാരംഭിക്കും.
ചൊവ്വാഴ്ച മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരണം 365 ആയി. ഇവരിൽ 30 പേർ കുട്ടികളാണ്. ഇരുന്നൂറോളം ആളുകളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. മഴ തുടർന്നാൽ പ്രദേശത്ത് വീണ്ടും മണ്ണിടിയാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. അതിനാൽ എത്രയും പെട്ടെന്ന് ദുരന്തബാധിത മേഖലയില്‍നിന്ന് മാറണമെന്ന് ആളുകൾക്ക് നിർദേശം നൽകി.
പൊലീസിന്റെയും ഫയർഫോഴ്‌സിൻ്റെയും നേതൃത്വത്തിൽ ചാലിയാറിലും ഇന്ന് വ്യാപക തിരച്ചിലാണ് നടന്നത്. ഡ്രോൺ, ജലക്യാമറകൾ എന്നിവ ഉപയോഗിച്ച് ഫറോക്ക് സബ് ഡിവിഷനു കീഴിലെ തീരദേശ മേഖലയിൽ പ്രത്യേക പരിശോധന നടത്തി. ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും കൂടുതൽ ദൂരത്തേക്ക് ഒഴുകിയെത്തിയ സാഹചര്യത്തിലായിരുന്നു പരിശോധന.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here