വയനാട് ദുരന്തത്തിൽ സിപിഎം രാഷ്ട്രീയം കളിക്കുന്നു; കേരളത്തിന് എതിരായ വിമര്‍ശനത്തില്‍ ഉറച്ച് കേന്ദ്ര വനം മന്ത്രി
വയനാട് മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് സിപിഎം രാഷ്ട്രീയം കളിക്കുകയാണെന്ന് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ്. ദുരന്തത്തിന് കാരണം അനധികൃത ഖനനവും കുടിയേറ്റവുമാണെന്ന് രാജ്യസഭയിലും കേന്ദ്ര മന്ത്രി ആവര്‍ത്തിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും വനം മന്ത്രി ഭൂപേന്ദ്ര യാദവും ദുരന്തത്തിന് ശേഷം നടത്തിയ പ്രസ്താവനകൾ കേരളത്തെയും വയനാട്ടിലെ ജനങ്ങളെയും അപമാനിക്കുകയാണെന്ന് ജോണ്‍ബ്രിട്ടാസ് എംപി രാജ്യസഭയില്‍ ആരോപിച്ചു. ഇതിന് പിന്നാലെയാണ് ഭൂപേന്ദ്ര യാദവ് തൻ്റെ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നതായി അറിയിച്ചത്. കേരളത്തിലെയും വയനാട്ടിലെയും ജനങ്ങളെ അപമാനിച്ചെന്ന ബ്രിട്ടാസിൻ്റെ പരാമർശം സഭാ രേഖകളിൽ നിന്നും നീക്കം ചെയ്യണമെന്ന് കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു. വിദഗ്ധ സമിതി റിപ്പോര്‍കളുടെയും മാധ്യമ വാര്‍ത്തകളുടെയും അടിസ്ഥാനത്തിലാണ് സംസാരിച്ചതെന്നും ഭൂപേന്ദ്ര യാദവ് വ്യക്തമാക്കി.
ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് രൂക്ഷമായ ഭാഷയിലാണ് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി കേരളത്തെ വിമർശിച്ചത്. വയനാട്ടിൽ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സർക്കാർ സംവിധാനം സംരക്ഷണം ഒരുക്കിയെന്നും ഭൂപേന്ദ്ര യാദവ് ആരോപിച്ചിരുന്നു. കേന്ദ്രത്തിൻ്റെ റിപ്പോർട്ടുകളും മുന്നറിയിപ്പുകളും സർക്കാർ അവഗണിച്ചു. ടൂറിസത്തിന് പോലും ശരിയായ മേഖലകൾ തിരിച്ചില്ല. കേന്ദ്ര സമിതിയുടെ റിപ്പോര്‍ട്ട് സംസ്ഥാനം വകവെച്ചില്ല. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അനുമതി നൽകി. മുൻ ഫോറസ്റ്റ് ഡയറക്ടർ ജനറൽ സഞ്ജയ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ട് സംസ്ഥാന സർക്കാർ ഉടൻ സമർപ്പിക്കണമെന്നും ഭൂപേന്ദ്ര യാദവ് ആവശ്യപ്പെട്ടിരുന്നു.
കേന്ദ്ര മന്ത്രിയുടെ ആരോപണങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് വന്നു. സങ്കുചിത താൽപര്യങ്ങള്‍ക്കു വേണ്ടി വയനാട് ദുരന്തത്തെ ഉപയോഗിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നായിരുന്നു മുഖ്യന്ത്രിയുടെ പ്രതികരണം. ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ലേഖനങ്ങളും അഭിപ്രായ പ്രകടനങ്ങളും നല്‍കാന്‍ ശാസ്ത്രജ്ഞരെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നുണ്ടെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സര്‍ക്കാരിനെതിരെ ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ളവരെ അണിനിരത്താനുള്ള ഈ ശ്രമം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വഴിയാണെന്നും റിപ്പോര്‍ട്ടുകളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര വനംമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്‌താവനയുമായി കൂട്ടിവായിക്കുമ്പോള്‍ ഈ മാധ്യമ വാര്‍ത്തകള്‍ ശരിയാണെന്നാണ് മനസിലാക്കേണ്ടത്. ഇത്തരം പെയ്ഡ് ലേഖന പരിപാടി ആരെ ദ്രോഹിക്കാനാണ് ആസൂത്രണം ചെയ്യുന്നതെന്ന് അവര്‍ തന്നെ ആലോചിക്കേണ്ടതാണെന്നും മുഖ്യമന്ത്രി വിമർശിച്ചിരുന്നു. കേരളത്തിലെ മലയോര മേഖലയെക്കുറിച്ച് ചെറിയ ധാരണയുള്ളവര്‍ക്ക് അവിടെ ജീവിക്കുന്ന മനുഷ്യരെ അനധികൃത കുടിയേറ്റക്കാരായി മുദ്ര കുത്താന്‍ സാധിക്കില്ല. ഇത്തരം ദുരാരോപണങ്ങളിലൂടെ ദുരന്തത്തിനിരയായ മനുഷ്യരെ കേന്ദ്ര മന്ത്രി അപമാനിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here