മുണ്ടക്കൈ ദുരന്തകാരണം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി; ദുരിതാശ്വാസനിധി ദുരുപയോഗം തടയാൻ നടപടി, ക്യൂആർ കോഡ് മരവിപ്പിച്ചു

വയനാട് മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ ഉണ്ടായ ഉരുൾപൊട്ടലിൻ്റെ കാരണത്തെപ്പറ്റി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തബാധിത പ്രേദേശത്ത് രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലാണ്. 206പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജീവന്റെ തുടിപ്പ് കണ്ടെത്താനുള്ള റഡാർ സംവിധാനം ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. ഇതുവഴി 16 അടി താഴ്ചയിൽ വരെ ജീവൻ്റെ തുടിപ്പ് കണ്ടെത്താനാവും. മൃതദേഹം കണ്ടെത്താനുള്ള റഡാർ സംവിധാനം ഉടനെത്തിക്കും. ചാലിയാറിൽ അടക്കം തിരച്ചിൽ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട് പലയിടത്തായി ഒറ്റപ്പെട്ടവരെ സുരക്ഷിത സ്ഥാനത്തെത്തിക്കാനാണ് ആദ്യം ശ്രമിച്ചത്. പരമാവധി ജീവൻ രക്ഷിക്കാനായിരുന്നു ശ്രമം. ജീവന്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കിൽ അത് കണ്ടെത്തുകയെന്ന ലക്ഷ്യമായിരുന്നു ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷിതമായ മറ്റൊരു പ്രദേശം കണ്ടെത്തി ഒരു ടൗൺഷിപ്പ് നിർമിച്ച് ദുരന്തബാധിതരുടെ പുനരധിവാസം നടത്തും. വെള്ളാർമല സ്കൂൾ പൂർണ്ണമായും നശിച്ചതിനാൽ വിദ്യാഭ്യാസത്തിന് ബദൽ സംവിധാനം ഒരുക്കും. ദുരിതാശ്വാസനിധി കൈകാര്യം ചെയ്യാൻ ധന സെക്രട്ടറിയുടെ കീഴിൽ പ്രത്യേക ഉദ്യോഗസ്ഥ സംവിധാനം ഒരുക്കും. ദുരുപയോഗം തടയുന്നതിന്റെ ഭാഗമായി ദുരിതാശ്വാസനിധി ക്യു ആർ കോഡ് മരവിപ്പിച്ചു. പകരം നമ്പർ സംവിധാനം ഏർപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി നൂറ് വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 100 വീടകളും ശോഭ ഗ്രൂപ്പ് 50 വീടുകളും കോഴിക്കോട്ടെ വ്യവസായികളുടെ കൂട്ടായ്മയായ ബിസിനസ് ക്ലബ് 50 വീടുകളും നിര്‍മിച്ച് നൽകും. എ.ഗീത ഐഎസിൻ്റെ കീഴിൽ ഹെൽപ് ഫോർ വയനാട് സെൽ രൂപീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഇമെയിൽ – letushelpwayand@gmail.com. ഫോൺ – 9188940014, 9188940015.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top