വയനാട് സംസ്കാര ചടങ്ങിന് ചെലവ് 20 ലക്ഷത്തോളം രൂപ; എസ്റ്റിമേറ്റില്‍ പറഞ്ഞത് രണ്ടേ മുക്കാല്‍ കോടിയും

വയനാട് ദുരന്തത്തിന് സഹായം തേടി കേന്ദ്രത്തിനുള്ള കേരള പ്രൊപ്പോസല്‍ വന്‍ വിവാദമായിരുന്നു. ഇതില്‍ 359 മൃതദേഹങ്ങൾ മറവ് ചെയ്യാൻ 2,76, 75,000 ആയിരുന്നു കേരളം എസ്റ്റിമേറ്റിൽ കാണിച്ചത്. വൊളൻ്റിയേഴ്സിന് ഭക്ഷണവും വെള്ളവും നൽകിയതിന് 10 കോടി, താമസത്തിന് 15 കോടി, റെയിൻ കോട്ട്, കുട, ടോർച്ച് വാങ്ങാൻ 2.98 കോടി എന്നിങ്ങനെയാണ് ചിലവ് കാണിച്ചത്. എന്നാല്‍ യഥാര്‍ത്ഥ കണക്ക് സര്‍ക്കാര്‍ നിയമസഭയില്‍ വെളിപ്പെടുത്തി.

വയനാട് ദുരന്തത്തിൽ മരണപ്പെട്ടവരുടെ സംസ്കാരചടങ്ങുകൾ നടത്തിയതിന് 19,67,740 രൂപ ചെലവായെന്നാണ് മന്ത്രി കെ.രാജൻ നിയമസഭയിൽ പറഞ്ഞത്. 231 മൃതദേഹങ്ങൾ, 222 ശരീരഭാഗങ്ങൾ എന്നിവ കണ്ടെത്തി. ഇതിൽ 172 മൃതദേഹങ്ങളും രണ്ട് ശരീരഭാഗങ്ങളും നേരിൽ പരിശോധിച്ച് ബന്ധുക്കൾ തിരിച്ചറിയുകയും തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തു. തിരിച്ചറിയാൻ സാധിക്കാത്ത 53 മൃതദേഹങ്ങളും 212 ശരീരഭാഗങ്ങളും സർവ്വത പ്രാർത്ഥനകളോടെയും ഔപചാരിക ബഹുമതികളോടെയും പുത്തുമലയിൽ തയ്യാറാക്കിയ പൊതു ശ്മാശാനത്തിൽ സംസ്കരിച്ചു. -മന്ത്രി വ്യക്തമാക്കി. അൻവർ സാദത്ത് എം എൽ എ യുടെ ചോദ്യത്തിനാണ് മറുപടി.

യഥാര്‍ത്ഥ ചെലവുകളും എസ്റ്റിമേറ്റും തമ്മിലുള്ള അന്തരത്തെ കുറിച്ചുള്ള ആക്ഷേപം ശ്രദ്ധയിൽ പെട്ടോ എന്ന് മഞ്ഞളാംകുഴി അലി മുഖ്യമന്ത്രിയോട് ചോദ്യം ഉന്നയിച്ചിരുന്നു. 2012 മുതൽ മെമ്മോറാണ്ടം തയ്യാറാക്കി വരുന്ന രീതിയിലാണ് 2024 ലെ മെമ്മോറാണ്ടം തയ്യാറാക്കിയിട്ടുള്ളത് എന്നാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. “അടിസ്ഥാനരഹിതമായ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. ദേശീയ തലത്തിൽ നിലനിൽക്കുന്ന മാനദണ്ഡങ്ങൾക്ക് പൂർണ്ണമായും വിധേയമായിട്ടാണ് മെമ്മോറാണ്ടം തയ്യാറാക്കിയത്. അനുവദനീയമായ ശീർഷകങ്ങളിൽ പരമാവധി സഹായം ആണ് അഭ്യർത്ഥിച്ചത് ” മുഖ്യമന്ത്രി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top