കേരളം അപകടത്തിലാണെന്ന തിരിച്ചറിവാണ് കെ-റെയിലടക്കം പദ്ധതികളെ എതിർക്കാൻ കാരണം; നിലപാട് വ്യക്തമാക്കി പ്രതിപക്ഷം

കെ റെയിലിനെയും കോസ്റ്റല്‍ ഹൈവേയെയും പ്രതിപക്ഷം എതിര്‍ക്കുന്നത് കേരളം അപകടത്തിലാണെന്ന തിരിച്ചറിവിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കുന്നത് സംബന്ധിച്ച് പ്രതിപക്ഷത്തിൻ്റെ പദ്ധതി സര്‍ക്കാരിന് സമര്‍പ്പിക്കാം. അത് വിദഗ്ധരുടെ സഹായത്തോടെ സമയബന്ധിതമായി നടപ്പാക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസം ഉറപ്പിക്കുന്നതിനോടൊപ്പം അത്യാധുനിക അപകടമുന്നറിയിപ്പ് സംവിധാനവും സർക്കാർ ഒരുക്കണം. 2021ല്‍ പ്രതിപക്ഷം 191 രാജ്യങ്ങളുടെ ഐപിസിസി റിപ്പോര്‍ട്ടും അതു സംബന്ധിച്ചുള്ള നാസയുടെ കണ്ടെത്തലുകളും അടിയന്തിര പ്രമേയമായി നിയമസഭയില്‍ കൊണ്ടുവന്നിരുന്നു. മലയിടിച്ചിലിന് സാധ്യതയുള്ള പ്രോണ്‍ ഏരിയകള്‍ മാപ്പ് ചെയ്യണം. കാലാവസ്ഥാ വകുപ്പ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റ് തുടങ്ങി മുഴുവന്‍ വകുപ്പുകളെയും ഏകോപിപ്പിക്കണം. റെയിന്‍ ഗേജുകള്‍ സ്ഥാപിക്കണമെന്നും മണ്ണിന്റെ ഘടന പരിശോധിക്കാനുമുള്ള സംവിധാനം ഉണ്ടാക്കണമെന്നുമുള്ള നിരവധി കാര്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നതായി സതീശൻ ചൂണ്ടിക്കാട്ടി.
അന്തര്‍ദേശീയ നിലവാരമുള്ള കൊച്ചിന്‍ സര്‍വകലാശാലയിലെ കാലാവസ്ഥാ വകുപ്പിനെ കൂടി ഇക്കാര്യങ്ങളില്‍ സഹകരിപ്പിക്കണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളും പരിശോധിക്കണം. പുനരധിവാസം നടക്കുന്നതിനൊപ്പം ലോകത്ത് ലഭ്യമായ എല്ലാ സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തിയുള്ള വാണിങ് മെക്കാനിസം ഉണ്ടാക്കണം. ദുരന്തമുന്നറിയിപ്പ് ഉണ്ടായാല്‍ പ്രോണ്‍ ഏരിയകളില്‍ നിന്നും ജനങ്ങളെ എത്ര സമയംകൊണ്ട് മാറ്റിപ്പാര്‍പ്പിക്കാന്‍ സാധിക്കുമെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൃത്യമായ പദ്ധതി തയ്യാറാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ദുരന്തത്തിന് ഇരകളായവര്‍ വീടുകളിലേക്ക് മടങ്ങിപ്പോകുമ്പോള്‍ വരുമാനം നഷ്ടപ്പെട്ടവരും അനാഥരായ കുട്ടികളുമുണ്ടെന്നത് പ്രത്യേകം ശ്രദ്ധിക്കണം. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനൊപ്പം ഒരു ഫാമിലി പാക്കേജും ആവിഷ്‌ക്കരിക്കണം. വീടുകളിലേക്ക് മാറിയാല്‍ അവര്‍ക്ക് ജീവിക്കാന്‍ കഴിയുമോ എന്നതുകൂടി പരിശോധിച്ച് എല്ലാവരെയും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരാന്‍ സാധിക്കുമെന്ന് ഉറപ്പുവരുത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
പുനരധിവാസത്തിനൊപ്പം ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടി എന്ത് ചെയ്യാന്‍ സാധിക്കുമെന്നതും ആലോചിക്കണം. എല്ലാ യുഡിഎഫ് എംഎൽഎമാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. വയനാട്ടിലെ ഉരുള്‍പൊട്ടലിന് ഇരകളായവരുടെ മുഴുവന്‍ പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷവും പങ്കാളിയാകുമെന്നും അദ്ദേഹം അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here