ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തില്‍ കാണാതായവരുടെ ലിസ്റ്റിന് അംഗീകാരം; 32 പേരെ മരിച്ചവരായി കണക്കാക്കും
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെയും കണ്ടെത്താന്‍ കഴിയാത്ത 32 പേരുടെ പട്ടികയ്ക്ക് അംഗീകാരം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചത്. ഇവരെ മരിച്ചവരായി കണക്കാക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനം എടുത്തിരുന്നു. ദുരന്തത്തില്‍ ഉള്‍പ്പെട്ട 231 മൃതദേഹങ്ങളും 223 മൃതദേഹ ഭാഗങ്ങളുമാണ് ഇതുവരെ കണ്ടെടുത്തത്. ഇതില്‍ ആദ്യ ദിവസം തിരിച്ചറിഞ് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത 19 മൃതദേഹങ്ങളും ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിക്കാന്‍ കഴിയാത്ത 3 മൃതദേഹ ഭാഗങ്ങളും ഒഴികെ ബാക്കി 432 മൃതദേഹങ്ങളില്‍ നിന്നും ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു.
32 പേരുടെ ബന്ധുക്കളുടെ സാമ്പിളുമായി മാച്ച് ചെയ്യുന്ന മൃതദേഹമോ ശരീര ഭാഗമോ ലഭിച്ചിരുന്നില്ല. ഇതോടെയാണ് ഇവരെ മരണപ്പെട്ടവരായി കണക്കാക്കാന്‍ തീരുമാനിച്ചത്. ഇവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ഉടന്‍ ആനുകൂല്യങ്ങള്‍ നല്‍കും. മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. വീട് ഉള്‍പ്പെടെ അനുവദിക്കുന്നതിനുള്ള പട്ടികയിലും ഇവരുടെ കുടുംബത്തെ ഉള്‍പ്പെടുത്തും.
ദുരന്തത്തില്‍ 298 പേര്‍ മരിച്ചതായാണ് കണക്കാക്കുന്നത്. വെള്ളരിമല വില്ലേജ് ഓഫീസര്‍, മേപ്പാടി പഞ്ചായത് സെക്രട്ടറി, മേപ്പാടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവര്‍ ചേര്‍ന്ന് തയാറാക്കിയ ലിസ്റ്റാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചത്. ലിസ്റ്റ് ആഭ്യന്തരവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി, റവന്യൂ ദുരന്ത നിവാരണം പ്രിന്‍സിപ്പല്‍ സെക്രട്ടറി, തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ അടങ്ങിയ സംസ്ഥാനതല സമിതി പരിശോധിക്കും. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവരെ ദുരന്തത്തില്‍ മരണപെട്ടവരായി കണക്കാക്കി സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here