വയനാട്ടിലെ ദുരന്തം ‘അതിതീവ്ര’മെന്ന് കേന്ദ്രം പണ്ടേ പറഞ്ഞു; സമ്മർദ്ദവും പോരാട്ടവും ഫലം കണ്ടെന്ന സർക്കാരിൻ്റെ അവകാശവാദം പൊള്ള

മുണ്ടക്കൈ – ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തം തീവ്രദുരന്തമാണെന്നതിൽ പുളകം കൊള്ളാൻ ഒന്നുമില്ലെന്ന് രേഖകൾ. നവംബർ 27ന് രാജ്യസഭയിൽ സിപിഎം എംപി ജോൺ ബ്രിട്ടാസ്, മുസ്ലിം ലീഗ് എംപി ഹാരിസ് ബീരാൻ എന്നിവർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നൽകിയ മറുപടിയിൽ ‘തീവ്ര ദുരന്ത’മാണെന്ന് വ്യക്തമാക്കിയിരുന്നു.
സഭയിൽ പറഞ്ഞതിൻ്റെ തനിയാവർത്തനമാണ് ഇക്കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി രാജീവ് ഗുപ്ത അയച്ച കത്ത്. സംസ്ഥാന റവന്യൂ ദുരന്ത നിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന് അയച്ച കത്തിലാണ് വയനാട്ടിലേത് തീവ്ര ദുരന്തമാണെന്ന കാര്യം ആവർത്തിച്ചത്. ദുരന്ത ബാധിത പ്രദേശത്ത് എന്തെങ്കിലും പ്രത്യേക പാക്കേജ് അനുവദിക്കുന്ന കാര്യം രാജീവ് ഗുപ്തയുടെ കത്തിൽ പറയുന്നുമില്ല. പുനരധിവാസ ആവശ്യങ്ങൾക്കായി 2219 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. പക്ഷേ കേന്ദ്രം സംസ്ഥാനത്തിൻ്റെ ഈ ആവശ്യത്തോട് നാളിതുവരെ പ്രതികരിച്ചിട്ടില്ല.

തീവ്രദുരന്തമാണെന്നുള്ള കേന്ദ്രത്തിൻ്റെ കത്ത് സംസ്ഥാന സർക്കാരിന്റെ നേട്ടം പോലെ കൊട്ടിഘോഷിച്ചു ഇരവാദം ചമയാനുള്ള ശ്രമമാണ് റവന്യു വകുപ്പും സർക്കാരും നടത്തുന്നത്. കേരളത്തിൻ്റെ കടുത്ത പ്രതിഷേധവും സമ്മർദ്ദ ഫലവുമായിട്ടാണ് കേന്ദ്രം അതിതീവ്രമെന്ന് പ്രഖ്യാപിച്ചതെന്നാണ് ദേശാഭിമാനിയും സിപിഎമ്മും അവകാശപ്പെടുന്നത്.
എന്നാൽ നവംബർ 27 ന് രാജ്യസഭയിൽ ജോൺ ബ്രിട്ടാസിൻ്റ ചോദ്യത്തിന് നൽകിയ മറുപടിയിൽ വയനാട്ടിലെത് അതിതീവ്ര സ്വഭാവമുള്ള ദുരന്തമെന്ന് വിവിധ കേന്ദ്ര മന്ത്രാലയ ടീം (IMCT) ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ടെന്നാണ് അമിത് ഷാ രാജ്യ സഭയിൽ പറഞ്ഞത്. ” However, the instant calamity at Wayanad has been adjudged to be of ‘ ‘severe nature’ by the IMCT

ഡിസംബർ നാലിന് ഹാരിസ് ബീരാന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി നല്കിയ മറുപടിയിലും വയനാട്ടിലേക്ക് അതി തീവ്രമെന്ന് (ടevere nature) വ്യക്തമാക്കിയിട്ടുണ്ട്. വസ്തുതകൾ ഇതായിരിക്കെയാണ് കേന്ദ്രം നിലപാട് മാറ്റം നടത്തി എന്നൊക്കെ സംസ്ഥാന സർക്കാർ മേനി നടിക്കുന്നത്. രാജീവ് ഗുപ്ത അയച്ച കത്തിലും ‘severe nature’ എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്. അല്ലാതെ പാർലമെൻ്റിൽ പറഞ്ഞതിൽ നിന്ന് ഒരിഞ്ചുപോലും കേന്ദ്രം നിലപാടിൽ മാറ്റം വരുത്തിയിട്ടില്ല. സംസ്ഥാന സർക്കാർ വെറുതെ ബഡായി പറയുന്നു എന്ന് മാത്രം.

സമ്മർദവും പോരാട്ടവും ഫലം കണ്ടുവെന്ന് സിപിഎമ്മും സർക്കാരും അവകാശപ്പെടുമ്പോഴും പുനരധിവാസ പാക്കേജിൻ്റെ കാര്യത്തിൽ കേന്ദ്രം ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല. അത്തരമൊരു പ്രഖ്യാപനം കേന്ദ്രം നടത്തിയാൽ “സംസ്ഥാനത്തിൻ്റെ സമ്മർദ്ദവും പോരാട്ടവും” ഫലം കണ്ടുവെന്ന് അവകാശപ്പെടാം. മറിച്ചുള്ളതെല്ലാം വെറും ബഡായി മാത്രം.
തീവ്ര ദുരന്തമായി കണക്കാക്കിയ ശേഷമാണ് നവംബർ 16 ന് ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ ഉന്നതതല സമിതി കേരളത്തിൻ്റെ ആവശ്യം പരിഗണിച്ചത്. 153. 47 കോടി രൂപ ഈ യോഗത്തിൽ അനുവദിച്ചെങ്കിലും ഇതിൽ നിന്ന് ഒരു രൂപ പോലും കേരളത്തിന് ലഭിച്ചില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here