വയനാട് ദുരന്തത്തില്‍ കേന്ദ്രം രാഷ്ട്രീയം കളിക്കുന്നുവെന്ന് പ്രിയങ്ക; ഇരകളെ ഒറ്റപ്പെടുത്തുന്നത് പൊറുക്കാന്‍ കഴിയുന്നതല്ല
വയനാട് ഉരുൾപൊട്ടൽ ദേശീയദുരന്തമല്ലെന്ന് പ്രഖ്യാപിച്ച കേന്ദ്ര സർക്കാരിനെതിരെ പ്രിയങ്ക ഗാന്ധി. ദുരിതമനുഭവിക്കുന്നവർക്ക് അവശ്യസഹായം കേന്ദ്രം നിഷേധിക്കുകയാണ്. രാഷ്ട്രീയ കാരണങ്ങളാൽ ഇരകളെ ഒറ്റപ്പെടുത്തുന്നത് അസ്വീകാര്യമാണെന്നും വയനാട്ടിലെ ജനങ്ങൾ കൂടുതൽ അർഹിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു.
‘‘ഇത് വെറും അശ്രദ്ധയല്ല. സങ്കൽപ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോടുള്ള ഞെട്ടിക്കുന്ന അനീതിയാണിത്. ദുരന്തസമയത്ത് പ്രധാനമന്ത്രി വയനാട് സന്ദർശിച്ചു. ദുരന്തം നേരിട്ട് കണ്ടു. എന്നിട്ടും സർക്കാർ രാഷ്ട്രീയം കളിക്കുന്നു. സഹായങ്ങൾ തടയുന്നു. മുൻകാലങ്ങളിൽ ഇത്രയും വലിയ ദുരന്തങ്ങൾ ഇങ്ങനെ രാഷ്ട്രീയവൽക്കരിച്ചിട്ടില്ല. ’’ പ്രിയങ്ക എക്സിൽ കുറിച്ചു.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്രം ഇന്ന് നിലപാട് വ്യക്തമാക്കിയിരുന്നു. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്രം അറിയിച്ചത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ഈ കാര്യം അറിയിച്ചത്.
നിലവിലെ മാനദണ്ഡങ്ങള്‍ അതിന് അനുവദിക്കുന്നില്ലെന്നാണ് കേന്ദ്രം അറിയിച്ചത്. ന്യൂഡൽഹിയിലെ കേരളത്തിന്റെ പ്രതിനിധി കെ.വി.തോമസിന്റെ കത്തിനാണ് കേന്ദ്രത്തിന്റെ മറുപടി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here