വെള്ളം റൂൾകർവ് പരിധിയിലും താഴെ; ഡാമുകളുമായി ബന്ധപ്പെട്ട പ്രചരണം ഒഴിവാക്കണമെന്ന് കളക്ടർ

വയനാട് മുണ്ടക്കൈ ദുരന്തത്തിന് ശേഷം ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളുമായി ബന്ധപ്പെടുത്തി നടക്കുന്ന അനാവശ്യ പ്രചരണങ്ങൾ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ വി വിഘ്‌നേശ്വരി. രണ്ട് ഡാമുകളിലേയും ജലനിരപ്പ് മാറ്റമില്ലാതെ തുടരുകയാണ്. ഇടുക്കിയില്‍ 2366.90 അടിയും മുല്ലപ്പെരിയാറിൽ 131.75 അടിയും ജലമുണ്ട് . ഇത് റൂള്‍ കര്‍വ് പരിധിയിലും താഴെയാണെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു.

വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്കിലും കാര്യമായ കുറവുണ്ട്. മൂലമറ്റം പവര്‍ഹൗസില്‍ പന്ത്രണ്ടര ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദനവും നടക്കുന്നുണ്ട്. ജനങ്ങളെ ഭയപ്പെടുത്തുന്ന തരത്തിലുള്ള അനാവശ്യ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെ തുടർന്നാണ് ഇരു അണക്കെട്ടുകളിലേയും ജലനിരപ്പിൽ ചെറിയ വർദ്ധന ഉണ്ടായത്. റൂൾകർവ് അനുസരിച്ച് മുല്ലപ്പെരിയാർ അണക്കെട്ടിൽ ഇപ്പോൾ സംഭരിക്കാൻ കഴിയുന്ന പരമാവധി ജലത്തിൻ്റെ ശേഷി 137 അടിയാണ്. 5.25 അടി ജലനിരപ്പ് കൂടി ഉയർന്നാൽ മാത്രമേ ഈ അളവിലേക്ക് എത്തൂ. നിലവിൽ മഴ കുറഞ്ഞതിനാൽ ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്.

ഇടുക്കി അണക്കെട്ടിൽ കഴിഞ്ഞവർഷത്തേക്കാൾ ജലനിരപ്പ് 34 അടിയോളം ഉയർന്നിട്ടുണ്ട്. ഇടുക്കിയിൽ റൂൾ കർവ് പരിധി നിലവിൽ 2382 അടിയാണ്. ഇതിലേക്ക് ജലനിരപ്പ് വർധിച്ചാൽ മാത്രമേ ഷട്ടറുകൾ ഉയർത്താനുള്ള നടപടി സ്വീകരിക്കുകയുള്ളൂവെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top