‘വയനാട്ടിലുണ്ടായത് ഗോഹത്യയുടെ അനന്തരഫലം’; വിവാദ പ്രസ്താവനയുമായി വീണ്ടും ബിജെപി നേതാവ്

മുണ്ടക്കൈ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് ബിജെപി നേതാവിൻ്റെ പ്രസ്താവന വിവാദത്തിൽ. വയനാട് ദുരന്തം ഗോഹത്യയുടെ അനന്തര ഫലമമെന്ന് മുതിർന്ന ബിജെപി നേതാവ് ഗ്യാൻദേവ് അഹൂജ. ഗോവധം എവിടെ നടന്നാലും ഇത്തരം സംഭവങ്ങൾ തുടരും. കേരളത്തിൽ ഗോഹത്യ അവസാനിപ്പിച്ചില്ലെങ്കിൽ സമാന ദുരന്തങ്ങൾ ആവർത്തിക്കുമെന്നുമാണ് അഹൂജയുടെ കണ്ടെത്തൽ.
ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് തുടങ്ങിയ പ്രദേശങ്ങളിൽ മേഘവിസ്ഫോടനം, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ ഇടക്കിടെ ഉണ്ടാകാറുണ്ട്. എന്നാലത് ഇത്രയും വലിയ ദുരന്തങ്ങൾ ഉണ്ടാക്കുന്നില്ല. 2018 മുതൽ ഗോഹത്യ നടത്തുന്ന മറ്റു പ്രദേശങ്ങളും ഇത്തരം ദാരുണമായ സംഭവങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെന്ന് അഹൂജ പറഞ്ഞു.
ആദ്യമായിട്ടല്ല രാജസ്ഥാനിലെ ബിജെപി നേതാവായ ഗ്യാൻദേവ് അഹൂജ ഇത്തരം പരാമർശങ്ങൾ നടത്തുന്നത്. പശുവിനെ അറക്കുന്നവരെ കൊല്ലണമെന്നും അഞ്ച് പേരെ തങ്ങൾ കൊന്നിട്ടുണ്ടെന്നുമുള്ള അഹൂജയുടെ പ്രസ്താവന 2022 ൽ വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇങ്ങനെ ചെയ്യുന്നവരെ ജാമ്യത്തിലിറക്കി കുറ്റവിമുക്തരാക്കുമെന്നും ബിജെപി നേതാവ് പറഞ്ഞിരുന്നു. ഈ പ്രസ്താവന ഇതുവരെ അഹൂജ പിൻവലിച്ചിട്ടില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here