സർവ്വമതപ്രാർത്ഥനയോടെ ശരീരഭാഗങ്ങളുടെ സംസ്കാരം; കേരളം ഇതുവരെ കണ്ടിട്ടില്ലാത്തത്ര ദാരുണം വയനാട് ദുരന്തം

വയനാട് ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ് തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ സംസ്‌കാരം നടക്കുന്ന പുത്തുമലയിലെ ഹാരിസണ്‍ ഭൂമിയില്‍ നിന്നുള്ള കാഴ്ചകൾ. രണ്ട് ദിവസമായി ഇവിടേക്ക് വരിവരിയായി ആംബുലന്‍സുകള്‍ എത്തുകയാണ്. ജീവിച്ചിരുന്നപ്പോള്‍ ആരുടെയൊക്കെയോ എല്ലാമെല്ലാമായിരുന്ന പുഞ്ചിരിവട്ടത്തെയും മുണ്ടക്കൈയിലെയും ചൂരല്‍മലയിലെയും സാധാരണക്കാര്‍ മടങ്ങുകയാണ്. ആരാലും തിരിച്ചറിയപ്പെടാതെ. തിരിച്ചറിയാൻ ഒന്നും ബാക്കിയില്ലാതെ, ഇവരെല്ലാം ഇപ്പോള്‍ അണ്‍നോണ്‍ ബോഡിയും ബോഡി പാര്‍ട്‌സുമൊക്കെയാണ്. പേരില്ല, ചുറ്റും നിന്ന് കരയാന്‍ ബന്ധുക്കളില്ല, ആകെയുള്ളത് നമ്പറുകള്‍ മാത്രം.

ഒരടയാളവുമില്ലാത്ത മനുഷ്യരെ യാത്രയാക്കാന്‍ സര്‍വ്വമത പ്രാര്‍ത്ഥനയാണ് ഒരുക്കിയിരിക്കുന്നത്. ഇതെല്ലാം മലയാളികള്‍ക്ക് ഇതുവരെയില്ലാത്ത നെഞ്ചുലയ്ക്കുന്ന കാഴ്ചകളാണ്. തിരിച്ചറിയാത്ത 27 മൃതദേഹങ്ങളും 154 ശരീരഭാഗങ്ങളും ഇന്നലെ സംസ്‌കരിച്ചിരുന്നു. ഇന്ന് 22 ശരീരഭാഗങ്ങളുടെ സംസ്‌കാരമാണ് നടന്നത്. എല്ലാവരുടേയും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച ശേഷമാണ് സംസ്‌കരിക്കുന്നത്.

സംസ്‌കാരം നടന്ന സ്ഥലത്തെ കാഴ്ചകളും അതിദാരുണമായിരുന്നു. സാധാരണനിലയിൽ ഒരു മനുഷ്യശരീരം കിടത്തുന്ന മേശയിൽ നിരത്തിവച്ചത് അഞ്ചിലധികം ശരീരഭാഗങ്ങള്‍. ദുരന്തത്തിന്റെ ഭീകരതയും തീവ്രതയും കാണിച്ചുതരുന്ന കാഴ്ചകളാണ് ഇതെല്ലാം. ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്തു നിന്നും 25 കിലോമീറ്ററോളം ദൂരം വരെ ചാലിയാറില്‍ നിന്നും മൃതദേഹങ്ങളും ശരീരഭാഗങ്ങളും ലഭിച്ചിരുന്നു. ഇതിനിടയിലെ സൂചിപ്പാറ അടക്കമുള്ള വെളളച്ചാട്ടങ്ങില്‍ തെറിച്ചുവീണ് ചിന്നിചിതറിയാണ് മൃതദേഹങ്ങള്‍ ഈ രൂപത്തിലായത്. മോതിരം കണ്ട് തിരിച്ചറിഞ്ഞ ഒരാളുടെ സംസ്‌കാരത്തിന് ബന്ധുക്കള്‍ക്ക് ലഭിച്ചത് ഒരു കൈ മാത്രമാണ്.

ശരീരഭാഗങ്ങളാണ് സംസ്‌കരിക്കുന്നത് എങ്കിലും എല്ലാ ആദരവും നല്‍കിയാണ് ചടങ്ങുകള്‍ നടക്കുന്നത്. ശരീരഭാഗങ്ങള്‍ക്ക് ഇട്ടിരിക്കുന്ന നമ്പര്‍ സംസ്‌കരിച്ച സ്ഥലത്തും രേഖപ്പെടുത്തും. ഇതേ നമ്പറിട്ടാകും ഡിഎന്‍എ സാമ്പിളും സൂക്ഷിക്കുക. ഡിഎന്‍എ മാച്ചായി ആരെങ്കിലും എത്തിയാല്‍ അവരുടെ പ്രിയപ്പെട്ടവരെ സംസ്‌കരിച്ച സ്ഥലം മനസിലാക്കാനാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉറ്റവരെ കാണാനില്ലെന്ന് പരാതിപ്പെട്ട ജീവിച്ചിരിക്കുന്നവരുടെയെല്ലാം ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

കാലമെത്ര കഴിഞ്ഞാലും ഈ കാഴ്ചകള്‍ വയനാട്ടുകാരുടെ മാത്രമല്ല മലയാളികളുടെ ആരുടെയും മനസില്‍ നിന്നും മായുന്നതല്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top