ഫണ്ട് വരവ് മന്ദഗതിയിൽ; ദുരിതാശ്വാസ നിധിയില്‍ ഇതുവരെ ലഭിച്ചത് 97.07 കോടി മാത്രം

രണ്ട് പ്രളയകാലത്തും പിന്നെ കോവിഡ് മഹാമാരിയിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (Chief Minister’s Distress Relief Fund- CMRDF) കയ്യയച്ച് സഹായം കൊടുത്ത മലയാളികൾ വയനാട് ദുരിത ബാധിതരെ സഹായിക്കുന്നതിൽ വേണ്ടത്ര താല്പര്യം കാണിക്കുന്നില്ലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. രണ്ടാഴ്ചയ്ക്കിടെ സിഎംഡിആർഎഫിലേക്ക് വെറും 97.07 കോടി രൂപ മാത്രമാണ് ലഭിച്ചത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്ക് എതിരെ ഉയർന്ന ആരോപണങ്ങളും ആക്ഷേപങ്ങളും ഫണ്ട് വരവിനെ വല്ലാതെ ബാധിച്ചുവെന്നാണ് ഈ നിസംഗത വ്യക്തമാക്കുന്നത്. പ്രളയകാലത്ത് ആദ്യ ദിനങ്ങളിൽ ലഭിച്ചതിൻ്റെ പത്തിലൊന്നു പോലും ഈ 14 ദിവസങ്ങൾ കൊണ്ട് ലഭിച്ചിട്ടില്ല. ഫണ്ടുകൾ വകമാറ്റി ചിലവഴിച്ചതും, സിപിഎമ്മുകാര്‍ പ്രതികളായ പ്രളയഫണ്ട് തട്ടിപ്പുകൾ വാര്‍ത്തകളില്‍ നിറഞ്ഞതുമൊക്കെ ദുരിതാശ്വാസനിധിയുടെ വിശ്വാസ്യതയെ വല്ലാതെ ബാധിച്ചു എന്ന് പറയാതെ വയ്യ. പ്രളയകാലത്ത് 4970 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകി വന്നത്. ഇതിൽ നിന്ന് 4738.77 കോടി വിവിധ പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചു. കോവിഡ് കാലത്ത് 1129.74 കോടി സിഎംഡിആർഎഫിലേക്ക് വന്നു. 1111.15 കോടി രൂപ ഈയിനത്തിൽ ചെലവഴിച്ചിട്ടുണ്ട്.

പ്രളയകാലത്ത് ലോകവ്യാപകമായി മലയാളി പ്രവാസി സംഘടനകൾ വലിയ തോതിൽ ധനസമാഹരണം നടത്തി ദുരിതാശ്വാസ ഫണ്ടിനായി നൽകിയിരുന്നു. എന്നാൽ ഗൾഫിലെ കെഎംസിസി പോലുള്ള സംഘടനകളും മത-സാമുദായിക സംഘടനകളുമൊക്കെ ഇത്തവണ സ്വന്തമായി ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്താനാണ് താല്പര്യം കാണിക്കുന്നത്. മിക്ക സംഘടനകളും സ്വന്തം നിലയിലുള്ള പാക്കേജുകൾ നടപ്പാക്കാനാണ് ശ്രമിക്കുന്നത്. എങ്കിലും സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നുള്ള അഞ്ച് ദിവസത്തെ ശമ്പളം കൂടി ലഭിച്ചാൽ സിഎംഡിആർഎഫിലേക്ക് വലിയൊരു തുക ഫണ്ടിലേക്ക് വരാനിടയുണ്ട്.

നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ദുരന്തത്തിന് സാക്ഷ്യം വഹിച്ച ഇരകളുടെ പുനരധിവാസത്തിനും മുന്നോട്ടുള്ള ജീവിതത്തിനും കോടികൾ ആവശ്യമാണ്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന സർക്കാരിനെ ഈ ഘട്ടത്തിൽ ചരടുകളില്ലാതെ സഹായിക്കാൻ എല്ലാവർക്കും ബാധ്യത ഉണ്ട്. പക്ഷേ, ജനങ്ങളുടെ ഭാഗത്ത് നിന്ന് ഒരുതരം നിസ്സഹകരണം ഉണ്ടെന്നാണ് ഫണ്ട് വരവിലെ മന്ദത സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്ക് എതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതിന് ഇതുവരെ സംസ്ഥാനത്ത് 40ലധികം പേർക്കെതിരെ കേസുകളെടുത്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top